മൗദൂദിയുടെ ആശയത്തില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കുന്നവരായി നേതാക്കള്‍ മാറി; ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒ.അബ്ദുല്ല
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നും നിലവിലെ നേതൃത്വം വഴിമാറിക്കൊടുക്കണമെന്ന ആവശ്യവുമായി മാധ്യമം എഡിറ്ററും ജമാഅത്തെ ഇസ്ലാമിയ നേതാവുമായിരുന്ന ഒ.അബ്ദുല്ല രംഗത്ത്. കഴിഞ്ഞ ദിവസം ജമാഅത്ത് ശൂറാ അംഗമായിരുന്ന ഖാലിദ് മൂസ നദ്വിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് ഒ.അബ്ദുല്ലയുടെയും രൂക്ഷ വിമര്‍ശനം. ഖാലിദ് മൂസ പറയുന്നത് പോലെ കേവലം മാധ്യമം, മീഡിയവണ്‍ എന്നീ ചാനലുകളിലെ അശ്ലീലങ്ങള്‍ മാത്രമല്ല, സംഘടനയുടെ അപചയത്തിന്റെ ഉദാഹരണമെന്നും സംഘടന ട്രാക്ക് തെറ്റിയാണ് സഞ്ചരിക്കുന്നതെന്നും ഒ.അബ്ദുല്ല വിശദീകരിക്കുന്നു.
ജമാഅത്തെഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമി പഴയ സൂര്യമാര്‍ക്ക് കുടയാണ്. പ്രസിദ്ധമായ ബ്രാന്റായിരുന്നു സൂര്യമാര്‍ക്ക് കുട. എന്നാല്‍ പിന്നീട് കുടയുടെ കാലും ശീലയും കമ്പിയും മാറ്റിയപ്പോഴും അതിന്റെ ബ്രാന്‍ഡ് നെയിം സൂര്യമാര്‍ക്ക് എന്നു തന്നെയായിരുന്നു. അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒ.അബ്ദുല്ല പറയുന്നു.
മുന്‍ കാലങ്ങളില്‍ നാടിന്റെ മുക്കിലും മൂലയിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ വിശദീകരിക്കാന്‍ പോയ ഒരാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ആ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ നേതൃനിരയിലെ ആരെങ്കിലും തയാറാകുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. നിലവില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന പേരില്‍ വീട് നിര്‍മിച്ചു നല്‍കാനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമാണ് സംഘടന മുന്നിട്ടു നില്‍ക്കുന്നത്. ഈജിപ്തില്‍ സംഭവിച്ചതു പോലെ സംഭവിക്കാതിരിക്കാനാണോ ഇത് ചെയ്യുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം. വീടുണ്ടാക്കുന്നത് നമ്മുടെ ശത്രുക്കളില്‍ നിന്ന് അഭയം തേടാനാണെങ്കില്‍ അതില്‍ തെറ്റുകാണാന്‍ സാധിക്കില്ല. എന്നാല്‍ ആയിരം വീടുകള്‍ ശിര്‍ക്കില്‍ അധിഷ്ടിതമായ ജീവിതം നയിക്കുന്നവര്‍ക്ക് പോലും നിര്‍മിച്ചു നല്‍കുന്നത് എന്തിനാണ്. ഏതെങ്കിലും ഒരു പ്രവാചകന്‍ വീടുണ്ടാക്കി നല്‍കാന്‍ പറഞ്ഞതായി നേതാക്കള്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ. ഇസ്‌ലാമിക സമൂഹം അനുഭവിക്കുന്ന പ്രശ്‌നം സംഘടനയുടെ അജണ്ടയേയല്ലാതായി മാറിയിരിക്കുന്നു. സംഘടന നടത്തുന്ന പുസ്തക മേളകളില്‍ പോലും മൗദൂദി പുസ്തകങ്ങള്‍ വെക്കാത്തതിന്റെ കാരണമെന്താണെന്ന് പോലും അറിയില്ല.
മൗദൂദി അവതരിപ്പിച്ച ഇഖാമത്തുദ്ധീന്‍ എന്ന ആശയത്തില്‍ നിന്ന് വ്യതിചലിച്ച് നേതാക്കളെല്ലാം ഇന്ന് സുഖ ജീവിതം നയിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ പേരും വാഹനവും സുഖ സൗകര്യങ്ങളും ഉപയോഗിച്ച് നേതാക്കള്‍ അനുയായികളെ വഴി തെറ്റിക്കുകയാണ്. ഇഖാമത്തുദ്ധീന്‍ എന്നതില്ലെങ്കില്‍ മൗദൂദി അവതരിപ്പിച്ച ഇസ്ലാമിക ബദലിനെ ജനങ്ങളിലെത്തിക്കാനെങ്കിലും നേതാക്കള്‍ തയാറാകണം. വീടു നിര്‍മാണം ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടിയാണോയെന്നും നേതാക്കള്‍ വ്യക്തമാക്കണം. എഞ്ചിന്‍ തന്നെ പാളം തെറ്റിയ സ്ഥിതയാണ് നിലവിലുള്ളത്. മരിച്ച വീട്ടില്‍ പോയി ഫോട്ടോയെടുക്കാനും മാത്രമായി നേതാക്കള്‍ ഒതുങ്ങി. മറ്റുള്ള ആളുകളുമായി പരസ്യമായി സംവദിക്കാന്‍ നേതാക്കളാരും തയാറാകുന്നില്ല. ഏതു പ്രവാചകനെയാണ് ജമാഅത്ത് നേതാക്കള്‍ ഇപ്പോള്‍ പിന്‍പറ്റുന്നത്. തങ്ങളുടെ ആശയങ്ങളില്‍ നിന്ന് പൂര്‍ണമായും വഴി തെറ്റിആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ച് ഓടിമറയുന്നതാണ് സംഘടനയുടെ ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടു തന്നെ മുന്‍ഗാമികളുടെ പാതപിന്‍പറ്റി സംഘടമനയെ മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലെ നേതാക്കള്‍ വഴി മാറിക്കൊടുത്ത് ആണ്‍കുട്ടികളെ സംഘടനയുടെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്നും ഒ.അബ്ദുല്ല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."