ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ്- സി.പി.ഐ സംഘര്‍ഷം
ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് സി.പി.ഐ സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫീസിന് സമീപം സി.പി.ഐ കൊടി നാട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് സി.പി.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 25 പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലിസുകാര്‍ക്കും പരിക്കേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കോണ്‍ഗ്രസ്, സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസും രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ വൈകീട്ടോടെയാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് സമീപമാണ് സി.പി.ഐ കൊടിനാട്ടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി കൊടിമരം പിഴുതി മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് നിരവധി പ്രവര്‍ത്തകരെത്തി പരസ്പരം ഏറ്റുമുട്ടി. കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫിസടക്കം അടിച്ചുതകര്‍ക്കുകയും ചെയ്തു. കല്ലേറിലാണ് പൊലിസുകാര്‍ക്കടക്കം പരിക്കേറ്റത്.
ഓഫിസ് അടിച്ചു തകര്‍ത്തതിലും പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഈ പ്രദേശങ്ങളില്‍ വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."