വിദ്വേഷ പ്രചാരണങ്ങളെ തോല്‍പിക്കാന്‍ ഈ ചുവടുവെപ്പ്; മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ മുസ്‌ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനിച്ച് ഹിന്ദു കൂട്ടായ്മ
മുംബൈ: മുസ്‌ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനിച്ച് ഹിന്ദു കൂട്ടായ്മ. മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കെല്‍വാഡ് ഗ്രാമത്തില്‍ നിന്നാണ് ഈ മനോഹര സംഭവം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭാഷിണി മേഖലയിലെ പള്ളിക്ക് കൈമാറി. പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ്യമെങ്ങും ഹിന്ദുത്വവാദികള്‍ അലമുറയിടുന്നതിനിടയിലാണ് ഇത്.
ഉച്ചഭാഷിണിക്കുള്ള പണം ഓരോ ഗ്രാമവാസികളില്‍ നിന്നുമാണ് ശേഖരിച്ചത്. കെല്‍വാഡ് ഗ്രാമത്തില്‍ മുസ്‌ലിം വിഭാഗക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടെ പള്ളിയും ഇല്ല. ആറ് കിലോമീറ്റര്‍ അകലെ കിനോല ഗ്രാമത്തിലെ പള്ളിയിലേക്കാണ് കെല്‍വാഡയിലെ ഹിന്ദുക്കള്‍ ഉച്ചഭാഷിണി വാങ്ങിനല്‍കിയത്.
മേഖലയിലെ ഒരേയൊരു മുസ്‌ലിം പള്ളിയാണ് കിനോലയിലേത്. ഇവിടെ നിലവില്‍ ഉച്ചഭാഷിണിയുണ്ട്. എന്നാല്‍, പെരുന്നാള്‍ സമ്മാനമായി ഒരു ഉച്ചഭാഷിണി കൂടി സ്വീകരിക്കാന്‍ പള്ളി അധികൃതരെ കെല്‍വാഡ് ഗ്രാമവാസികള്‍ ക്ഷണിക്കുകയായിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് ഉച്ചഭാഷിണി നല്‍കിയതെന്ന് വില്ലേജ് സമാധാന കമ്മിറ്റി പ്രസിഡന്റ് ഉമേഷ് പാട്ടീല്‍ പറഞ്ഞു. ഉച്ചഭാഷിണിയെ ചൊല്ലി മഹാരാഷ്ട്രയില്‍ പൊടുന്നനെ വിദ്വേഷ പ്രചാരണം ആരംഭിച്ചത് വര്‍ഗീയ ലഹളക്കുള്ള മുന്നൊരുക്കമായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെ ഗ്രാമമേഖലകളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സമാധാനപരമായാണ് ഒന്നിച്ചു കഴിയുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയരാഷ്ട്രീയം കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് അനുവദിച്ചുകൊടുക്കാനാകില്ല ഉമേഷ് പാട്ടീല്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് കഴിയുകയാണെന്ന് കെല്‍വാഡിലെ മുതിര്‍ന്ന പൗരനും ഉച്ചഭാഷിണി സമ്മാനമായി നല്‍കാമെന്ന ആശയത്തിന് തുടക്കമിട്ടയാളുമായ ഗണേഷ് നിഗം പറഞ്ഞു. ഇവിടെ ആര്‍ക്കും പരസ്പരം പരാതികളില്ല. തെരഞ്ഞെടുപ്പിന് മുമ്പ് വിഭാഗീതയതയുണ്ടാക്കി നേട്ടം കൊയ്യാനുള്ള വിലകുറഞ്ഞ ശ്രമമാണ് ഇപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളികളിലെ ഉച്ചഭാഷിണിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ഗ്രാമമേഖലകളിലെ യുവാക്കളോട് കെല്‍വാഡയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നന്ദു ബോര്‍ബാലെ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരോ മറ്റ് ഉന്നതരോ അവരുടെ മക്കളെ ഹനുമാന്‍ കീര്‍ത്തനം പാടാനായി പള്ളികളുടെ മുന്നിലേക്ക് വിടുകയില്ല. സാധാരണക്കാരായ യുവാക്കളെയാണ് അയക്കുന്നത്. ഇത്തരം പ്രകോപനങ്ങള്‍ ഇനിയുണ്ടാകരുത്. പള്ളിക്ക് ഉച്ചഭാഷിണി നല്‍കിയ നടപടിയിലൂടെ, മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നും ഗ്രാമത്തിലെ യുവാക്കള്‍ പഠനത്തിലും ജോലിയിലും ശ്രദ്ധിക്കണമെന്നുമുള്ള സന്ദേശമാണ് ഞങ്ങള്‍ നല്‍കുന്നതെന്നും നന്ദു ബോര്‍ബാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."