വ്യാപക പരിശോധന; കാസര്‍കോഡ് മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി
കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്നാണ് 200 കിലോ പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സംഘമാണ് രാവിലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പെട്ടികളില്‍ അധികവും മത്തിയാണ്.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."