HOME
DETAILS
MAL
ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബ്ലാക്ക് ഫംഗസ്: ഐ.സി.യുകളും പരിശോധിക്കണം
backup
May 16 2021 | 18:05 PM
തിരുവനന്തപുരം: കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ (മുക്കോര്‍മൈക്കോസിസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശവും ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശവും പുറത്തിറക്കി. കൊവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഫംഗസ് ബാധയ്ക്ക് സാധ്യത ഐ.സി.യുവിലെ രോഗികളിലും ഐ.സി.യുവിലെ അന്തരീക്ഷത്തിലുമാണ്. അതുകൊണ്ടുതന്നെ എല്ലാ ഐ.സി.യുകളിലും ഫംഗസ് ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗസ് ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.
കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗസ് ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. ഫംഗസ് ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
എളുപ്പം പിടികൂടുന്നത് ആരെ ?
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മുക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍പ്പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുള്ളവരില്‍ ദോഷം ചെയ്യില്ല.
എച്ച്.ഐ.വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കൊവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.അര്‍ബുദ രോഗികളും അവയവങ്ങള്‍ മാറ്റിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണം. പനി, തലവേദന, കണ്ണിനും ചുവപ്പും വേദനയും, മൂക്കൊലിപ്പ്, സൈനസൈറ്റിസ് , നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."