ഫ്രൂഷന്റെ സാഹസിക ലോകം
കുന്നത്തൂര്‍
രാധാകൃഷ്ണന്‍
ഹസികത രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അനവധി പേരുണ്ട്. എന്നാല്‍ പീറ്റര്‍ ഫ്രൂഷന്‍ എന്ന ഡെന്മാര്‍ക്കുകാരനെ പോലെ മറ്റൊരു സാഹസികന്‍ ലോകചരിത്രത്തിലില്ല. ലോറന്‍സ് പീറ്റര്‍ എല്‍ഫ്രഡ് ഫ്രൂഷന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഹോളിവുഡ് ആക്ഷന്‍ സിനിമകളുമായി പോലും ആ ജീവിതത്തെ താരതമ്യം ചെയ്യാനാവില്ല. ആറര അടിയിലേറെ പൊക്കമുള്ള ഒരു ഭീമാകാരനായിരുന്നു ഫ്രൂഷന്‍. അസാധാരണ ധീരത പ്രകടിപ്പിക്കുന്നവന്‍. അതിശക്തന്‍.
ഡെന്മാര്‍ക്കിലെ നിക്കോബിങ് ഫാസ്റ്റര്‍ നഗരത്തില്‍ 1886ലായിരുന്നു ഫ്രൂഷന്റെ ജനനം. ധനവാനായ വ്യാപാരിയായിരുന്നു പിതാവ്. മകനെ 'നല്ല നിലയില്‍' എത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആദ്യം പിതാവിനെ അനുസരിച്ച ഫ്രൂഷന്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ മെഡിസിനു പഠിക്കാന്‍ ചേര്‍ന്നു. ക്ലാസ്മുറിയില്‍ അടങ്ങിയൊതുങ്ങി കഴിയാന്‍ തനിക്കാവില്ലെന്ന് വൈകാതെ ഫ്രൂഷന് ബോധ്യമായി. കാരണം സാഹസികതയെ പുല്‍കാനുള്ള വെമ്പല്‍തന്നെ. പഠനം പൂര്‍ത്തിയാക്കാതെ രണ്ടുവര്‍ഷത്തിനു ശേഷം സര്‍വകലാശാലയില്‍ നിന്ന് പുറത്തിറങ്ങി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, പര്യവേക്ഷകര്‍ ഉത്തരധ്രുവത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ധാരാളം പര്യവേക്ഷക സംഘങ്ങളുമുണ്ടായിരുന്നു. നമ്മുടെ കഥാനായകന്‍ അത്തരമൊരു സംഘത്തില്‍ ചേര്‍ന്നു. 1906ല്‍ അദ്ദേഹവും സംഘവും ഉത്തരധ്രുവത്തിലേക്ക് പുറപ്പെട്ടു. കപ്പലിറങ്ങിയ ശേഷം നായകള്‍ ഓടിക്കുന്ന വാഹനത്തിലായിരുന്നു തുടര്‍യാത്ര. ഗ്രീന്‍ലാന്‍ഡിലെയും ഉത്തരധ്രുവത്തിലെയും ഭൂപടത്തില്‍ കാണാത്ത വനത്തിലൂടെയായിരുന്നു 966 കിലോമീറ്റര്‍ നീണ്ട പര്യവേക്ഷണം. ഭൂശാസ്ത്രപരമായ കുറെ വിവരങ്ങള്‍ ശേഖരിക്കാന്‍ അതുവഴി കഴിഞ്ഞു.
ഒരു കുടിലിലായിരുന്നു ഫ്രൂഷന്റെ താമസം. മൈലുകള്‍ക്കുള്ളില്‍ ആരുമില്ല. മരവിച്ച തണുപ്പും പതിയിരിക്കുന്ന ചെന്നായ്ക്കളുടെ ഓരിയിടലും മാത്രം. എന്നാല്‍ ഉത്തരധ്രുവത്തിലെ ആ അന്തരീക്ഷം ഫ്രൂഷനെ തെല്ലും ഭയപ്പെടുത്തിയില്ല. മറിച്ച് അതില്‍ പ്രചോദിതനാവുകയും ചെയ്തു. രണ്ടുവര്‍ഷം നീണ്ട പര്യവേക്ഷണത്തിനിടെ എസ്‌കിമോകളെ കണ്ടുമുട്ടി. അവരുമായി ചങ്ങാത്തത്തിലായി. എസ്‌കിമോകള്‍ അവരുടെ ഭാഷ ഫ്രൂഷനെ പഠിപ്പിച്ചു. നീര്‍ക്കുതിര, തിമിംഗലം, നീര്‍നായ തുടങ്ങിയവയെ നായാടാന്‍ പോകുമ്പോള്‍ അവര്‍ അദ്ദേഹത്തെ കൂടെ കൂട്ടി. ഒരിക്കല്‍ ഒരു ധ്രുവക്കരടി ആക്രമിച്ചു. ആ ഹിംസ്രമൃഗവും ഫ്രൂഷനും സിനിമയിലെന്നതുപോലെ കെട്ടിമറിഞ്ഞു. ഒടുവില്‍ വെറുംകൈകൊണ്ട് അദ്ദേഹം അതിന്റെ കഥ കഴിച്ചു. ആദ്യമായി മരണം മുഖാമുഖം കണ്ട സന്ദര്‍ഭമായിരുന്നു അത്.
നരവംശശാസ്ത്രജ്ഞനും ഉത്തരധ്രുവ പര്യവേക്ഷകനുമായ നൂഡ് റാസ്മൂസനുമായി ഫ്രൂഷന് അടുത്ത ബന്ധമുണ്ടായിരുന്നു. അത് വലിയ സൗഹൃദത്തിന് കാരണമായി. ആപല്‍ക്കരമായ അനുഭവങ്ങളോടുള്ള പ്രണയം അവര്‍ പങ്കുവെച്ചു. പര്യവേക്ഷണം കഴിഞ്ഞപ്പോള്‍ ഫ്രൂഷന്‍ ഡെന്മാര്‍ക്കിലേക്ക് മടങ്ങി. പക്ഷെ കുറച്ചുകാലമേ നാട്ടില്‍ തങ്ങിയുള്ളൂ. ഗ്രീന്‍ലാന്‍ഡും ഉത്തരധ്രുവവും മാടിവിളിക്കുന്നു. 1910ല്‍ വീണ്ടും യാത്ര തുടങ്ങി. കൂടെ റാസ്മൂസനുമുണ്ടായിരുന്നു. ഗ്രീന്‍ലാന്‍ഡ് കേപ്പ്‌യോര്‍ക്കിലെ തുലെയില്‍ അവര്‍ ട്രേഡിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. ഒരു വ്യാപാരതുറമുഖമായിട്ടാണ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത്. 1912നും 1933നുമിടയില്‍ നിരവധി പര്യവേക്ഷണങ്ങളുടെ താവളമായി ആ സ്റ്റേഷന്‍ മാറി. കച്ചവടം പരമ ബോറായി തോന്നിയതിനാല്‍ ഇരുവരും ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ ചുറ്റിക്കറങ്ങി. എസ്‌കിമോകള്‍ക്കൊപ്പം താമസിച്ചുകൊണ്ട് നായവണ്ടിയില്‍ 10,000 കിലോമീറ്റര്‍ സഞ്ചരിച്ചു.
ഇരുവരും ഗ്രീന്‍ലാന്‍ഡ് ഹിമപാതം കടന്ന് ഒരു പ്രാചീന ജനവിഭാഗം താമസിക്കുന്ന ഇടം കണ്ടെത്തി. അതു നിരവധി ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകള്‍ക്കിടയാക്കി. ഗ്രീന്‍ലാന്‍ഡിന്റെ വിശദമായ ഭൂപടം വരയ്ക്കാനും കഴിഞ്ഞു. അവിടെ താമസിക്കുന്നതിനിടെ നവറാണയെന്ന എസ്‌കിമോ പെണ്‍കുട്ടിയെ ഫ്രൂഷന്‍ കല്യാണം കഴിച്ചു. അവള്‍ ഉള്‍പ്പെടുന്ന ആദിമജനതയുടെ സംസ്‌കാരം പഠിച്ചു അതില്‍ വിദഗ്ധനുമായി. ഫ്രൂഷനെ വിവാഹം കഴിക്കുമ്പോള്‍ നവറാണയ്ക്ക് 13 മാത്രമായിരുന്നു പ്രായം. ഫ്യൂഷന് ഇരുപത്തിയഞ്ചും. മഹാമാരിമൂലം അനാഥയായിത്തീര്‍ന്ന പെണ്‍കുട്ടിയായിരുന്നു നവറാണ. പട്ടിണിയടക്കമുള്ള എണ്ണമറ്റ യാതനകള്‍ ബാല്യത്തിലേ അനുഭവിച്ചുതീര്‍ത്തവള്‍. വിവാഹത്തിനുശേഷം അവള്‍ക്ക് നല്ല കാലം പിറന്നു. ഫ്രൂഷനുമായുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളും ജനിച്ചു.
ഫ്രൂഷന്റെയും കൂട്ടുകാരന്റെയും ഗ്രീന്‍ലാന്‍ഡ് പര്യടനങ്ങള്‍ തുലെ പര്യവേക്ഷണങ്ങള്‍ എന്ന പേരില്‍ ഖ്യാതിനേടി. ഗ്രീന്‍ലാന്‍ഡിനെ ഒരു ചാനല്‍ വിഭജിച്ചുവെന്ന് അമേരിക്കന്‍ പര്യവേക്ഷകന്‍ റോബര്‍ട്ട് പിയറി അവകാശപ്പെട്ടിരുന്നു. ആ അവകാശവാദം പൊളിയാണെന്ന് തെളിയിക്കാന്‍ ഫ്രൂഷെനും റാസ്മൂസനും കഴിഞ്ഞു. പക്ഷെ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിന്റെ ഹൃദയത്തിലേക്കുള്ള 620 മൈല്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്കിടെ അവര്‍ ഹിമപാതത്തില്‍ അകപ്പെട്ടു. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ഫ്രൂഷന്‍ പൂര്‍ണമായും മഞ്ഞിനടിയിലായി. മഞ്ഞ് ഐസാവാന്‍ തുടങ്ങി. ഐസ് വല്ലാതെ കട്ടിയായി. ഫ്രൂഷന്റെ താടി മരവിച്ചു. ചെറിയൊരു ഐസ്ഗുഹയിലാണ് താന്‍ എത്തിപ്പെട്ടതെന്ന് അദ്ദേഹം മനസ്സിലാക്കി. എങ്ങനെ രക്ഷപ്പെടും? ഐസ് മുറിച്ചുനീക്കാന്‍ കഠാരയോ കത്തിയോ കൈവശമില്ല. കൈകൊണ്ട് ഐസ് പൊട്ടിക്കാന്‍ നോക്കിയെങ്കിലും വിഫലമായി. ഓരോ നിമിഷത്തിലും ഐസ് വരിഞ്ഞുമുറുക്കുകയാണ്. രക്ഷപ്പെട്ടില്ലെങ്കില്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കാനാണ് സാധ്യത. രക്ഷപ്പെടുത്താന്‍ ആരും വരാനില്ല. തൊട്ടടുത്ത് സ്വന്തം മലം കിടക്കുന്നുണ്ട്. അത് ഉറച്ച് ഇരുമ്പ് പോലെ ആയിരുന്നു. ഫ്രൂഷന്‍ അത് കഠാരയാക്കി തന്നെ പൊതിഞ്ഞ ഐസില്‍ ആഞ്ഞടിച്ചു. അങ്ങനെ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
തിരിച്ച് ക്യാംപിലെത്തിയപ്പോള്‍ രണ്ട് കാല്‍വിരലുകള്‍ കറുത്തനിറം പൂണ്ടതായി കണ്ടു. അതിശൈത്യമായിരുന്നു അതിന്റെ കാരണം. അതില്‍ അദ്ഭുതമില്ല. ഗ്രീന്‍ലാന്‍ഡിലെ ശരാശരി ഊഷ്മാവ് 25 ഡിഗ്രി സെല്‍ഷ്യസാണ്. വിരലുകള്‍ മരവിച്ചുപോയിരുന്നു. അതിനര്‍ഥം ജീവന്‍ വീണ്ടും അപകടത്തിലാണെന്നാണ്. വൈദ്യസഹായമൊന്നും ലഭ്യമല്ലാത്ത ആ സാഹചര്യത്തില്‍ എന്തുചെയ്യും? അപ്പോഴാണ് സര്‍വകലാശാലയിലെ പണ്ടത്തെ വൈദ്യപഠനം ഓര്‍മവന്നത്. പിന്നെ വേറൊന്നും ചിന്തിച്ചില്ല. അനസ്‌തേഷ്യയോ വേദനസംഹാരിയോ ഇല്ലാതെ വിരലുകള്‍ പച്ചക്ക് മുറിച്ചു നീക്കി. താമസിയാതെ ഡെന്മാര്‍ക്കിലെത്തി ഡോക്ടറെ കണ്ടു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഡോക്ടര്‍ക്ക് ഫ്രൂഷന്റെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു.
എന്നാല്‍ അതോടെ എല്ലാം അവസാനിപ്പിച്ച് അദ്ദേഹം വിട്ടിലിരുന്നു എന്ന് കരുതിയാല്‍ തെറ്റി. ആരോഗ്യം വീണ്ടെടുക്കുന്നതുവരെ വിശ്രമിച്ചു.
തുലെയിലെ കച്ചവടത്തിലൂടെ താന്‍ സമ്പാദിച്ച പണംകൊണ്ട് വാങ്ങിയ ദ്വീപിലായി പിന്നെ താമസം. ഇതിനിടെ ലോകമാകെ സ്പാനിഷ് പനി പടര്‍ന്നുപിടിച്ചു. മഹാമാരി ഭാര്യ നവറാണയെയും കൊണ്ടുപോയി. പിന്നെ നാട്ടുകാരിയായി ജീവിതപങ്കാളി. അവരുടെ കുടുംബം നടത്തിയിരുന്ന മാസികയുടെ എഡിറ്ററായും കുറച്ചുകാലം പ്രവര്‍ത്തിച്ചു. തന്റെ പര്യവേക്ഷണങ്ങളെ ആധാരമാക്കി നിരവധി പുസ്തകങ്ങള്‍ എഴുതിയതോടെ ഫ്രൂഷന്‍ ഹോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായി. 1932ല്‍ വീണ്ടും ഗ്രീന്‍ലാന്‍ഡില്‍. ഇത്തവണത്തെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഹോളിവുഡിലെ സിനിമാനിര്‍മാതാക്കളായ മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍(എംജിഎം) ആയിരുന്നു. ഫ്രൂഷന്റെ പുസ്തകങ്ങളെ ആധാരമാക്കി ഹോളിവുഡ് 'എസ്‌കിമോ' എന്നൊരു ചിത്രമെടുത്തിട്ടുണ്ട്. 1933ലാണ് ആ ചിത്രമിറങ്ങിയത്. ഇതിന്റെ തിരക്കഥയെഴുതാന്‍ ഫ്രൂഷന്‍ സഹായിച്ചു. ചിത്രത്തില്‍ പ്രതിനായകനുമായി. ഈ ചിത്രത്തിന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുറെക്കാലം സിനിമാവ്യവസായത്തിന്റെ കണ്‍സള്‍ട്ടന്റായിരുന്നു ഫ്രൂഷന്‍. ഉത്തരധ്രുവവുമായി ബന്ധപ്പെട്ട വേറെയും തിരക്കഥകളെഴുതിയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ സ്വന്തം രാജ്യത്തെ ആക്രമിച്ചവര്‍ക്കെതിരേ അദ്ദേഹം ചെറുത്തുനില്‍പ് പ്രസ്ഥാനത്തിനു രൂപംനല്‍കി. അതുമൂലം പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സാഹസികമായി ജയില്‍ ചാടി സ്വീഡനിലേക്ക് പലായനം ചെയ്തു. പിന്നീട് ന്യൂയോര്‍ക്കിലായി സ്ഥിരതാമസം. രണ്ടാം ഭാര്യ ഡെന്മാര്‍ക്ക് വിടാന്‍ തയാറാവാത്തതിനാല്‍ മൂന്നാമതും വിവാഹം കഴിച്ചു. ന്യൂയോര്‍ക്കില്‍ തന്റെ പര്യവേക്ഷണങ്ങളെ കുറിച്ച് ഫ്രൂഷന്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ജനം തിക്കിത്തിരക്കി. 1950കളില്‍ '64,000 ഡോളര്‍ ചോദ്യം 'എന്ന യു.എസ് ടെലിവിഷന്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത് ജേതാവുമായി. വീണ്ടും ബോറടി തുടങ്ങിയപ്പോള്‍ യാത്രയ്‌ക്കൊരുങ്ങി. ഉത്തരധ്രുവത്തിലെ മഞ്ഞ് പ്രചോദിപ്പിക്കുകയാണ്. എങ്ങനെ പോവാതിരിക്കും! എന്നാല്‍ അലാസ്‌കയിലേക്ക് പോകാന്‍ വിമാനത്തിന്റെ പടികള്‍ കയറുമ്പോള്‍ ഹൃദയാഘാതമുണ്ടായി. സംഭവബഹുലമായ ഒരു ജീവിതത്തിന്റെ അന്ത്യമായിരുന്നു അത്. 71 വയസിനിടെ ഫ്രൂഷന്‍ നടത്തിയ സാഹസികയാത്രകള്‍ ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."