റിയാദ് വാഹനാപകടം: മലയാളി യുവാക്കളുടെ മയ്യത്ത് ഇന്ന് ദമാമിൽ ഖബറടക്കും
റിയാദ്: പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞു തിരിച്ചു വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി യുവാക്കളുടെ മൃതദേഹം ഇന്ന് ദമാമിൽ ഖബറടക്കും. കഴിഞ്ഞ ദിവസം റിയാദിനടുത്ത അല്‍ റെയ്‌നില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ അനന്തര നടപടികള്‍ക്കു ശേഷം തിങ്കളാഴ്ച വൈകീട്ട് ദമാമിൽ എത്തിച്ചിരുന്നു. ഇന്ന് ദുഹർ നിസ്സ്കാരാനന്തരം 91 ലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും
ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (30), കോഴിക്കരമാട്ടില്‍ മുബാറക്കിന്റെ മകന്‍ അലി മുഹമ്മദ് മുനീബ് (29) എന്നിവരാണ് പെരുന്നാൾ ദിവസം ദമാമിൽ നിന്ന് അബഹയിലേക്ക് ടൂർ പോയി മടങ്ങിവരുന്നതിനിടെ റിയാദിനടുത്ത അൽറെയ്നിൽ വെച്ച് അപകടത്തിൽ പെട്ടത്. സ്വദേശി പൗരൻ ഓടിച്ചിരുന്ന പിക്അപ്പ് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന മുനീബും, വസീമും തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന ഷക്കീൽ തയ്യാല പരിക്കുകളോടെ രക്ഷപ്പെട്ടു.
കൂട്ടിയിടിയെ തുടർന്ന് സഊദി പൗരന്റെ കാറിന് തീപിടിക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലാണ്. അൽറെയ്‌നിൽ നിന്ന് 80 കിലോമീറ്റർ അകലെ ഞായറാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ഇറാം ഗ്രൂപ്പിന് കീഴിലുള്ള കാക്കു വേള്‍ഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
റാബിയയാണ് വസീമിന്റെ മാതാവ്. ഭാര്യ: നബീല. അസീം ഏകമകനാണ്. ലൈലയാണ് മുനീബിന്റെ മാതാവ്. ഭാര്യ: ഹസ്‌ന. മക്കൾ: മുബിൻ, മുനീർ, മബ്‌റൂക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."