ഗതാഗതക്കുരുക്കില്‍ കുരുങ്ങി പരീക്ഷ മുടങ്ങുമെന്ന് ഉറപ്പായി; കരഞ്ഞുകൊണ്ട് വിദ്യാര്‍ഥികളെത്തിയത് സ്‌റ്റേഷനില്‍; വീണ്ടുമൊരു പരീക്ഷക്കഥയുമായി പൊലിസ്
കൊല്ലങ്കോട്: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് ആശങ്കപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ സഹായം തേടി ഓടിയെത്തിയത് പൊലിസ് സ്റ്റേഷനിലേക്ക്. പ്ലസ് വണ്‍ പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടികളാണ് റോഡിലെ ഗതാഗത കുരുക്കില്‍ കുരുങ്ങി ടെന്‍ഷനടിച്ച് വലഞ്ഞത്. പാലക്കാട് ജില്ലയിലാണ് സംഭവം. വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ് സ്‌കൂളില്‍ സമയത്തിനെത്താന്‍ പൊലീസ് സഹായം തേടിയെത്തിയത്.
കൊല്ലങ്കോട്ടുനിന്നു വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികള്‍ കയറിയത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്‌സ് ഓട്ടോ കേടുവന്നു ചപ്പാത്തില്‍ കുരുങ്ങിയതായിരുന്നു പ്രശ്‌നം. കൃത്യസമയത്തു സ്‌കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്നു ബസുകാര്‍ അറിയിച്ചതോടെ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ടാക്‌സി വാഹനങ്ങളില്‍ പോകാന്‍ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികള്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്‌കൂളില്‍ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തില്‍ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്.
കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പിതാവ് കൊണ്ട് ചെന്നാക്കിയത് തെറ്റായ പരീക്ഷാ ഹാളിലായതിന് പിന്നാലെ സഹായവുമായി എത്തിയത് പൊലീസുകാരനായിരുന്നു. ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസ് ജീപ്പില്‍ സൈറണുമിട്ടാണ് പോയത്. ഗുജറാത്തിലായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."