'ഞങ്ങള്‍ക്ക് വിശക്കുന്നൂ'- ഇസ്‌റാഈല്‍ 'മരണമഴ'യില്‍ ജീവന്‍ മാത്രം ബാക്കിയായ ഫലസ്തീന്‍ മക്കള്‍ക്ക് വേണം ഭക്ഷണം.. മാറിയുടുക്കാനൊരു തുണിച്ചീള്...
ഗസ്സ: നിര്‍ത്താതെ പെയ്യുന്ന ഇസ്‌റാഈല്‍ മരണമഴയില്‍ നിന്ന് ആയുസ്സിന്റെ ഓരം പറ്റി ജീവിതത്തിലേക്ക് നടന്നു കയറിയ ഫലസ്തീന്‍ മക്കള്‍ക്ക് വേണം ഭക്ഷണം മാറിയുടുക്കാനൊരു തുണിച്ചീള് മരുന്നുകള്‍ ഒന്നു നടുനിവര്‍ത്താനൊരു പായ.....എപ്പോള്‍ വേണമെങ്കിലും ബോംബുകള്‍ പതിച്ചേക്കാവുന്നതെങ്കിലും താല്‍ക്കാലികമായ ഇടങ്ങളില്‍ അഭയം തേടിയിരിക്കുന്നത് ആയിരങ്ങളാണ്. ആഞ്ഞുകത്തുന്ന തീച്ചൂളകളില്‍ നിന്ന് ജീവന്റെ ജീവനായ പൊന്നുമക്കളുടെ കൈപിടിച്ച് ഓടിപ്പോന്നവരാണവര്‍. ജീവനല്ലാതെ മറ്റൊന്നും കയ്യില്‍ കരുതാതെ ഓടിപ്പോന്നവര്‍.
രണ്ടാഴ്ച മുമ്പ് പ്രസവിച്ചതാണ് സഹൈര്‍ അല്‍ അര്‍ബീദ്. തുടര്‍ച്ചയായ ഷെല്ലാക്രമണം നടക്കുന്ന വടക്കന്‍ഗസ്സയില്‍ നിന്ന് തന്റെ ആറ് പൊന്നോമനകളേയും ചേര്‍ത്ത് പിടിച്ച് ഓടിപ്പോന്നവള്‍.
'ഞങ്ങള്‍ക്ക് വിശക്കുന്നു. എന്റെ കുഞ്ഞുങ്ങള്‍ കരയുന്നുണ്ട്'- രണ്ടാഴ്ചക്കാരന്‍ ഹസനെ കിടത്തിയ തൊട്ടില്‍ ആട്ടിക്കൊണ്ട് അവര്‍ പറയുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം വേണം. വസ്ത്രങ്ങളും വിരിപ്പുകളും കിടക്കയും പാലും വേണം. വെറും നിലത്ത് കിടന്ന് ശരീരം വേദനിക്കുന്നു. പ്രസവത്തിന്‍രെ ആലസ്യം വിട്ടൊഴിയാത്ത മുപ്പതുകാരി പറയുന്നു. എന്റെ കുഞ്ഞിന് നാപ്കിനും വേണം. മുലപ്പാല്‍ കുടിച്ച് അവന് വിശപ്പടങ്ങുന്നില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
രായ്ക്കുരാമാനം വീടുവിട്ടിറങ്ങളിയ നൂറുകണക്കിനാളുകളില്‍ ഒരാള്‍ മാത്രമാണ് ഇവര്‍. വെറും കയ്യോടെ വീടുവിട്ടിറങ്ങിയതാണ് ഇവരെല്ലാം. കൂരാകൂരിട്ടില്‍ കിലോമീറ്ററുകള്‍ നടന്നാണ് ഈ സ്‌കൂളില്‍ അഭയം പ്രാപിച്ചത്.
ഇത് ആദ്യ തവണയല്ല ഉമ്മു ജലാല്‍ അല്‍ അത്താര്‍ വീടുവിട്ടിറങ്ങുന്നത്. 2014ഉം അവര്‍ ഇതുപോലെ ഒരു ക്യാംപില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അന്ന് 2,100 ഫലസ്തീനികളാണ് 50 ദിവസം നീണ്ടു നിന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
തൊട്ടടുത്ത വീട് കത്തിയമരുന്നത് കണ്ടിട്ടാണ് ബൈത്ത് ലാഹിയയിലെ അത്താറയിലുള്ള ഉമ്മു ജമാലും ഭര്‍ത്താവും അഞ്ചുമക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയത്. അന്ന് നടന്ന ആക്രമണത്തില്‍ അയല്‍ക്കാരിയായ ലാമിയയും മൂന്നു മക്കളും കൊല്ലപ്പെട്ടിരുന്നു. വെറും കയ്യോടെ ഇറങ്ങിപ്പോന്നതാണ്. അവശ്യ സാധനങ്ങളെടുക്കണമെങ്കില്‍ തിരിച്ചു പോകാന്‍ പറ്റാത്ത അവസ്ഥയാണ്- ഉമ്മു ജമാല്‍ പറയുന്നു. ബോംബുകളുടേയും മരണങ്ങളുടേയും ലോകത്തുനിന്ന് കുഞ്ഞുങ്ങളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് കളിക്കാന്‍ എന്തെങ്കിലും വേണം. ഇപ്പോഴവര്‍ ബോംബുകളെ കുറിച്ചും ചിതറിത്തെറിക്കുന്ന ശരീരങ്ങളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. ആ ഉമ്മ വ്യാകുലയാവുന്നു.
ഞങ്ങള്‍ ഇതുപോലെ സ്‌കൂളുകളില്‍ അഭയം പ്രാപിക്കുന്ന നാലാമത്തെ യുദ്ധമാണ് ഇത്- ഏഴുമക്കളുടെ മാതാവായ മജ്ദ അല്‍ കറേഷ് പറയുന്നു. ബൈത്ത് ലാഹിയയിലുള്ള അവരുടെ വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ടിരുന്നു. വാതിലുകള്‍ പോലുമില്ലാത്ത റൂമുകളിലാണ് കഴിഞ്ഞ അഞ്ചു ദിവസമായി ഞങ്ങള്‍ കിടക്കുന്നത്. ഭക്ഷണം കഴിച്ചിട്ടും അത്രയും ദിവസമായി. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയാണ്. ടോയ്‌ലറ്റുകളില്ല മെസ്സില്ല- അവര്‍ പറയുന്നു. യു.എന്നിന്റെ ഭാഗത്തു നിന്ന് ഇതൊന്നും ഏര്‍പാടാക്കിയിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ദുരിതമനുഭവിക്കുന്ന ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണിത്. ഇതിലുമേറെ അനുഭവിക്കുന്നവര്‍ ഇനിയുമേറെയാണ്.
കഴിഞ്ഞ രാത്രിയിലും നിരവധി ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. ഫലസ്തീന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്‌റാഈല്‍ ആക്രണത്തില്‍ തകര്‍ന്നിരിക്കുകയാണ്. റമദാന്‍ അവസാന നാളുകളില്‍ തുടങ്ങിയ ആക്രമണം ഇപ്പോഴും അനുസ്യൂതമായി തുടരുകയാണ്. അറുപതോളം കുഞ്ഞുങ്ങളും നാല്‍പതിനടുത്ത് സ്ത്രീകളും ഉള്‍പെടെ 200ലേറെ ആളുകളാണ് ഒരാഴ്ചയിലേറെയായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആയിരത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
കടപ്പാട് അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."