ഇന്ത്യന്‍ രൂപയുടെ ഇടിവ് ചാകരയാക്കി പ്രവാസികള്‍
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് മറികടന്ന് കൂപ്പുകുത്തിയതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു.പെരുന്നാളിന് ശേഷമുള്ള അവധി കഴിഞ്ഞു പ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഗള്‍ഫിലെ വിവിധ എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക്് അനുഭവപ്പെട്ടു തുടങ്ങിയത്. ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരുന്നതാണ് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 77.40 എന്ന നിലയിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്‌റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തി.
വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. റഷ്യ, ഉക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."