നോമ്പിന്റെ കര്‍മശാസ്ത്രം
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
അല്ലാഹുവിന് മനുഷ്യന്‍ വിധേയപ്പെടുന്നതിന്റെ വിവിധ രൂപങ്ങളാണ് ഇബാദത്തുകള്‍. മാനസികമായും ശാരീരികമായും സാമ്പത്തികമായും ഇബാദത്തുകളുണ്ട്. കാരണം ഇവയെല്ലാം അല്ലാഹുവിന് വിധേയപ്പെടേണ്ടതാണ്. അല്ലാഹുവിന് വേണ്ടി ത്യാഗം ചെയ്യല്‍ ഇബാദത്തിന്റെ മറ്റൊരു വശമാണ്. വിശുദ്ധ യുദ്ധത്തിലും ഹജ്ജിലും ഉംറയിലുമെല്ലാം ഇത്തരം ത്യാഗങ്ങള്‍ കാണാം. മനുഷ്യന് സ്വാഭാവികമായി താല്‍പര്യമുള്ളതും അല്ലാഹു നിഷിദ്ധമാക്കിയതുമായ കാര്യങ്ങള്‍ ത്യജിക്കലും ഈ ഇനത്തില്‍ വരും. ശാരീരിക താല്‍പര്യങ്ങള്‍ വര്‍ജിക്കല്‍ നിസാര കാര്യമല്ല.
ത്യാഗത്തിന്റെയും ശാരീരിക സുഖങ്ങള്‍ വെടിയുന്നതിന്റെയും ചെറിയ രൂപമാണ് നോമ്പ്. മനസും ശരീരവും ഒരു പോലെ സംശുദ്ധമാക്കലാണ് നോമ്പിന്റെ ലക്ഷ്യം. അതിന് അല്ലാഹു നിശ്ചയിച്ച നിയമങ്ങള്‍ നോമ്പിന്റെ ഫര്‍ളുകളും ശര്‍തുകളും സുന്നത്തുകളുമായി അറിയപ്പെടുന്നു. അല്ലാഹു നിശ്ചയിച്ച നിബന്ധനകള്‍ പാലിച്ചു കൊണ്ടല്ലാതെ ഒരു ഇബാദത്തും സ്വീകാര്യമല്ല. അവനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണല്ലോ നാം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.
നിര്‍ബന്ധമായവര്‍:
ബുദ്ധിയും പ്രായപൂര്‍ത്തിയും നോമ്പനുഷ്ഠിക്കാന്‍ ശേഷിയുമുള്ള എല്ലാ മുസ്‌ലിമിനും റമദാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. സ്ത്രീയാണെങ്കില്‍ ആര്‍ത്തവം, പ്രസവരക്തം എന്നിവയില്‍ നിന്ന് ശുദ്ധിയുണ്ടാവുകയും വേണം. ഏഴ് വയസ്സായ കുട്ടിയോട് നോമ്പനുഷ്ഠിക്കാന്‍ രക്ഷിതാക്കള്‍ കല്‍പിക്കണം. പത്ത് വയയായിട്ടും നോമ്പ് ഉപേക്ഷിച്ചാല്‍ ചെറിയ രൂപത്തില്‍ ശിക്ഷിക്കണം. നോമ്പ് പരിശീലിക്കാനും പ്രായം തികയുമ്പോള്‍ ഉപേക്ഷിക്കാതിരിക്കാനും വേണ്ടിയാണിത്.
നോമ്പനുഷ്ഠിക്കാന്‍ ശാരീരികമായി ശേഷിയില്ലാത്തവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. അല്ലാഹു പറയുന്നു: 'നിങ്ങളുടെ കരങ്ങളെ (ശരീരങ്ങളെ) നിങ്ങള്‍ നാശത്തിലേക്ക് ഇടരുത്' (സൂറ: അല്‍ ബഖറ: 195). വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ രണ്ട് വിധമുണ്ടാകും. സുഖപ്പെടാന്‍ സാധ്യതയുള്ളവരും ഇല്ലാത്തവരും. സുഖപ്പെടാന്‍ സാധ്യതയുള്ളവരാണെങ്കില്‍ സുഖപ്പെട്ട ശേഷം ഖളാ വീട്ടണം. സുഖപ്പെടാന്‍ സാധ്യതയില്ലാത്ത രോഗം ബാധിച്ചവര്‍, നോമ്പെടുക്കാന്‍ കഴിയാത്തവിധം അവശരായ വൃദ്ധര്‍ മുതലായവര്‍ നോമ്പ് ഖളാ വീട്ടേണ്ടതില്ല. പകരം ഓരോ നോമ്പിന് വേണ്ടിയും നാട്ടിലെ മുഖ്യധാന്യത്തില്‍ നിന്ന് ഓരോ മുദ്ദ് (ഉദ്ദേശം എഴുന്നൂറ് ഗ്രാം) പാവങ്ങള്‍ക്ക് നല്‍കണം. നമ്മുടെ നാട്ടില്‍ അരിയാണല്ലോ മുഖ്യധാന്യം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും അവരുടെ ആരോഗ്യ പ്രശ്‌നം നിമിത്തം നോമ്പ് ഒഴിവാക്കിയാല്‍ ഖളാ വീട്ടിയാല്‍ മതി. ഫിദ്‌യ നല്‍കേണ്ടതില്ല. എന്നാല്‍, ഇവര്‍ നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവരായിട്ടും കുഞ്ഞുങ്ങളുടെ മേല്‍ ആശങ്കപ്പെട്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കില്‍ പ്രസ്തുത നോമ്പ് ഖളാ വീട്ടുന്നതിനൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് അരി ഫിദ്‌യ നല്‍കുകയും വേണം. ഒരു റമദാനില്‍ ഒഴിവായ നോമ്പ് അടുത്ത റമദാന് മുന്‍പ് വീട്ടണം. ഇല്ലെങ്കില്‍ ഖളാ വീട്ടുന്നതിനോട് കൂടെ ഓരോ നോമ്പിനും ഓരോ മുദ്ദ് അരി നല്‍കല്‍ നിര്‍ബന്ധമാകും. ഇപ്രകാരം രണ്ട് വര്‍ഷം കഴിഞ്ഞാല്‍ രണ്ട് മുദ്ദും മൂന്ന് റമദാന്‍ കഴിഞ്ഞാല്‍ മൂന്ന് മുദ്ദും നല്‍കണം.
സംയോഗം കൊണ്ട് നോമ്പ് മുറിക്കുന്നത് വളരെ ഗൗരവമാണ്. അങ്ങനെ ചെയ്താല്‍ ആ നോമ്പ് ഖളാ വീട്ടുന്നതിനൊപ്പം കഫ്ഫാറത് (പ്രായശ്ചിത്തം) നിര്‍ബന്ധമാകും. സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കല്‍, കഴിഞ്ഞില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കല്‍, അതിനും കഴിഞ്ഞില്ലെങ്കില്‍ അറുപത് മിസ്‌കീനിന് ഓരോ മുദ്ദ് നാട്ടിലെ മുഖ്യധാന്യം നല്‍കല്‍ എന്നിവയാണ് പ്രായശ്ചിത്തം. ഭര്‍ത്താവാണ് ഈ പ്രായശ്ചിത്തം ചെയ്യേണ്ടത്. ഭാര്യയുടെ മേല്‍ നിര്‍ബന്ധമില്ല.
നിസ്‌കാരത്തിലെന്ന പോലെ നോമ്പിലും യാത്രക്കാരന് ചില ഇളവുകളുണ്ട്. അതിനാല്‍ അവന് യാത്രയില്‍ നോമ്പ് നിര്‍ബന്ധമില്ല. പിന്നീട് ഖളാ വീട്ടിയാല്‍ മതി. എന്നാല്‍തന്നെയും നോമ്പ് അവനെ പ്രയാസപ്പെടുത്തുന്നില്ലെങ്കില്‍ നോമ്പെടുക്കലാണ് നല്ലത്. ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒഴിവാക്കലാണ് പുണ്യം. അതേ സമയം യാത്ര തുടങ്ങുമ്പോള്‍ ഒരാള്‍ നോമ്പുകാരനാണെങ്കില്‍ യാത്രക്ക് വേണ്ടി നോമ്പ് ഒഴിവാക്കാന്‍ പാടില്ല.
റമദാന്‍ മാസപ്പിറവി സ്ഥിരപ്പെടുകയോ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാവുകയോ ചെയ്താല്‍ റമദാന്‍ നോമ്പ് നിര്‍ബന്ധമായി. ഒരു നാട്ടില്‍ റമദാന്‍ മാസപ്പിറവി സ്ഥിരപ്പെട്ടാല്‍ ആ നാട്ടിലെന്ന പോലെ ഉദയ വ്യത്യാസമില്ലാത്ത അയല്‍ നാടുകളിലും റമദാന്‍ ആരംഭിച്ചു.
നോമ്പിന് ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളുമുണ്ട്. പ്രധാനപ്പെട്ടവ പരിശോധിക്കാം.
നിയ്യത്ത്
ഏതൊരു കര്‍മവും നിയ്യത്ത് കൊണ്ട് മാത്രമാണ് (സ്വീകാര്യമാകുന്നത്) എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഒരു ഇബാദത്ത് മറ്റൊന്നില്‍ നിന്ന് വേര്‍തിരിയുന്നത് നിയ്യത്ത് കൊണ്ടാണ്. ഫര്‍ള് നിസ്‌കാരവും സുന്നത്ത് നിസ്‌കാരവും തമ്മില്‍ വേര്‍തിരിവ് വേണം. ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഒന്നല്ല. ഓരോന്നിനും നിയ്യത്തുണ്ടെങ്കില്‍ മാത്രമേ ഈ വേര്‍തിരിവ് സാധ്യമാകൂ. ഫര്‍ള് നോമ്പിന്റെ നിയ്യത്ത് രാത്രി തന്നെയാകല്‍ നിര്‍ബന്ധമാണ്. ഓരോ ദിവസത്തെ നോമ്പിനും തലേ രാത്രി നിയ്യത്ത് ചെയ്യണം. ഒന്നിലധികം നോമ്പുകള്‍ക്ക് ഒന്നിച്ച് നിയ്യത്ത് ചെയ്യുകയോ ഫര്‍ള് നോമ്പിന് പകല്‍ സമയം നിയ്യത്ത് ചെയ്യുകയോ ചെയ്താല്‍ മതിയാകില്ലെന്നതാണ് ശാഫിഈ മദ്ഹബ്. എന്നാല്‍, ഉച്ചക്ക് മുന്‍പ് (സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിന് മുന്‍പ്) നിയ്യത്ത് ചെയ്താലും സുന്നത്ത് നോമ്പ് ശരിയാകും. സുബ്ഹി മുതല്‍ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മാത്രം. മനസിലാണ് നിയ്യത്ത് ഉണ്ടാകേണ്ടത്. നാളത്തെ റമദാന്‍ നോമ്പ് ഞാന്‍ നിര്‍വഹിക്കുന്നുവെന്ന് മനസില്‍ ഉണ്ടാകണം. ഇത് നിര്‍ബന്ധമാണ്. അല്ലാഹുവിന് വേണ്ടിയാണ്, അദാആയിട്ടാണ് / ഖളാആയിട്ടാണ് തുടങ്ങിയ കാര്യങ്ങള്‍ കരുതല്‍ സുന്നത്താണ്. കരുതുന്ന കാര്യങ്ങള്‍ ഉച്ചരിക്കല്‍ സുന്നത്തുണ്ട്. വിഷയം മനസില്‍ കൂടുതല്‍ ദൃഢീകരിക്കാന്‍ ഇത് നല്ലതാണല്ലോ. മനസില്‍ കരുതാതെ നാവുകൊണ്ട് ഉച്ചരിച്ചത് കൊണ്ട് കാര്യമില്ല.
നിഷിദ്ധ കാര്യങ്ങള്‍ വെടിയല്‍
സുബ്ഹി മുതല്‍ മഗ്‌രിബ് വരെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് നോമ്പിന്റെ രണ്ടാമത്തെ നിബന്ധന. ശരീരത്തിന്റെ ഉള്‍ഭാഗത്തേക്ക് അന്നപാനീയങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ എന്തെങ്കിലും പ്രവേശിക്കല്‍, ഉണ്ടാക്കി ഛര്‍ദിക്കല്‍, സംയോഗം ചെയ്യല്‍ എന്നിവ നോമ്പ് മുറിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ നോമ്പുകാരനാണെന്ന് മറന്നുകൊണ്ട് ഇവ ചെയ്താല്‍ നോമ്പ് മുറിയുകയില്ല. നബി (സ) പറഞ്ഞു: 'ആരെങ്കിലും മറന്ന് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ് അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തത്' (ബുഖാരി). ശരീരത്തിലേക്ക് വല്ലതും പ്രവേശിക്കുന്നത് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെയായാല്‍ മാത്രമാണ് നോമ്പ് മുറിയുക. ഇഞ്ചക്ഷന്‍ പോലെ തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെയല്ലാതെ വല്ലതും പ്രവേശിച്ചാല്‍ നോമ്പ് മുറിയില്ല.
നോമ്പല്ലാത്ത വേളയില്‍ അനുവദനീയമായ കാര്യങ്ങളാണ് നോമ്പ് സമയം അല്ലാഹുവിന് വേണ്ടി നാം ത്യജിക്കുന്നത്. നോമ്പല്ലാത്ത സമയത്ത് തന്നെ നിഷിദ്ധമായ ദുഷ്‌കര്‍മങ്ങളും കുറ്റകൃത്യങ്ങളും നോമ്പ് സമയത്ത് അതി ഗൗരവതരവും വന്‍കുറ്റവുമാണ്. നബി (സ) പറഞ്ഞു: 'കള്ള വചനങ്ങള്‍ ഉപേക്ഷിക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല. '
സുന്നത്തുകള്‍
വ്രതാനുഷ്ഠാനത്തിന് പാലിക്കല്‍ നിര്‍ബന്ധമായ നിബന്ധനകള്‍ക്ക് പുറമെ സുന്നത്തായ കാര്യങ്ങളുണ്ട്. അത്താഴം കഴിക്കുക, അത് പിന്തിക്കുക, നോമ്പ് തുറക്കുക, അത് സമയമായാല്‍ ഉടനെയാവുക, അത് ഈത്തപ്പഴം കൊണ്ടോ അതില്ലെങ്കില്‍ വെള്ളം കൊണ്ടോ ആകുക എന്നിവ നോമ്പിന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഓരോ നോമ്പിന് വേണ്ടിയും തലേ രാത്രി കുളിക്കല്‍, നിര്‍ബന്ധ കുളി സുബ്ഹിക്ക് മുന്‍പ് നിര്‍വഹിക്കല്‍ എന്നിവയും സുന്നത്താണ്. നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുന്നത് ഉത്തമമല്ല. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നോമ്പ് മുറിയാന്‍ സാധ്യതയുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. ഭാര്യയെ ചുംബിക്കല്‍, വുളൂഇല്‍ അമിതമായി വായില്‍ വെള്ളം കൊപ്ലിക്കല്‍, ഭക്ഷണം രുചിനോക്കല്‍ എന്നിവയെല്ലാം ഉപേക്ഷിക്കുകയാണ് വേണ്ടത്. ശരീരം ശുദ്ധിയാകുന്നതിനൊപ്പം മനസ് ശുദ്ധമാകാനുള്ള കാര്യങ്ങളും ചെയ്യണം. ഖുര്‍ആന്‍ പാരായണം സ്വദഖ വര്‍ധിപ്പിക്കല്‍, പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കല്‍ എന്നിവ ഉദാഹരണം. മനസും ശരീരവും ശുദ്ധമാക്കുമ്പോഴാണ് നോമ്പ് പൂര്‍ണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."