ആശുപത്രിക്കിടക്കയില്‍ നിന്ന് സത്യപ്രതിജ്ഞക്ക് തിരുവനന്തപുരത്തേക്ക്
മലപ്പുറം: ആശുപത്രിക്കിടക്കയില്‍ മരുന്നിന്റെ മണം അലട്ടുന്നതിനിടയിലാണ് വി.അബ്ദുറഹിമാന് തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചെന്ന് ആദ്യം അറിയുന്നത്.
ഇന്നലെ വകുപ്പിനെകുറിച്ച് വിവരം അറിഞ്ഞതും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചുതന്നെ. സന്തോഷം പങ്കിടാന്‍ നാട്ടുകാരോ, മണ്ഡലത്തിലെ വോട്ടര്‍മാരോ ഇല്ലാത്തതിലെ സങ്കടം ഉള്ളിലൊതുക്കി സത്യപ്രതിജ്ഞക്കായി അബ്ദുറഹിമാന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയായത് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ്.
രക്തസമ്മര്‍ദവും തലവേദനയും കാരണം വി.അബ്ദുറഹിമാനെ തിങ്കളാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ രണ്ട് ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച മന്ത്രിസ്ഥാനവും ബുധനാഴ്ച തന്റെ വകുപ്പുകളും അറിഞ്ഞത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുഖവിവര അന്വേഷണവുമെത്തി. നാട്ടുകാരും വോട്ടര്‍മാരും തങ്ങളുടെ മന്ത്രിയുടെ വിവരങ്ങള്‍ തേടികൊണ്ടേയിരുന്നു. മറുപടി നല്കിയതെല്ലാം ബന്ധുക്കളും കൂട്ടുകാരും.ഭാര്യക്കും മക്കള്‍ക്കും പുറമെ സഹോദര പുത്രന് ഡോ.കാസിം, സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി അംഗം ജയന്, സുഹൃത്തുക്കളായ ശശി വാര്യത്ത്, ടി.വി നാസര്‍, ജയകൃഷ്ണന് എന്നിവരോടൊത്താണ് റോഡ്മാര്‍ഗം തിരുവനന്തപുരത്തേക്ക് സത്യപ്രതിജ്ഞക്കായി തിരിച്ചത്. ഇതിനിടയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരോടും നാട്ടുകാരോടുമായി നന്ദിയും കടപ്പാടും അറിയിച്ച് ആശിര്‍വാദവും പ്രാര്‍ഥനയും വേണമെന്ന് അറിയിച്ച് വോയിസ് ക്ലിപ്പും നല്കി. രാത്രിയില്‍ കൊച്ചിയില്‍ തങ്ങി പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന രീതിയിലാണ് യാത്രാഷെഡ്യൂള്. സത്യപ്രതിജ്ഞ കഴിഞ്ഞ് വൈകാതെ തിരൂരിലേക്ക് തന്നെ മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."