HOME
DETAILS

കോളനി ഭരണത്തിന്റെ നേരവകാശികൾ

  
backup
May 12 2022 | 19:05 PM

875623-561-36262

എൻ.പി ചെക്കുട്ടി


ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ പീനൽ കോഡ് അഥവാ ഇന്ത്യൻ ശിക്ഷാനിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് കൊളോണിയൽ ഭരണകൂടത്തെ വാചികമായോ ലിഖിതമായോ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് അധികാരികൾ നിഗമനത്തിലെത്തിയത്. ആദ്യകാലത്തെ സൈനികമായ ചെറുത്തുനിൽപ്പുകൾക്കപ്പുറം പുതിയൊരു ഇന്ത്യൻ മധ്യവർഗം ഉയർന്നുവരികയും അവർ പത്രങ്ങളിലൂടെയും പൊതുവേദികളിലൂടെയും കൊളോണിയൽ ഭരണത്തെ കടന്നാക്രമിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് രാജ്യദ്രോഹത്തിനു പുതു മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കൊളോണിയൽ ഭരണാധികാരികൾ കോപ്പുകൂട്ടിയത്. 1830കളിൽ മെക്കാളെ പ്രഭു എഴുതി തയാറാക്കിയ നിയമവ്യവസ്ഥയിൽ പിന്നീട് ഇത് കൂട്ടിച്ചേർക്കുകയായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള നാളുകളിലാണ് രാജ്യദ്രോഹ നിയമം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമായി മാറിയത്. പത്രാധിപന്മാരും രാഷ്ട്രീയ ചിന്തകരുമായിരുന്നു അതിന്റെ ആദ്യ ഇരകൾ. ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ച ലോകമാന്യ ബാലഗംഗാധര തിലകൻ മുതൽ മഹാത്മാഗാന്ധി വരെയുള്ള ദേശീയ നേതാക്കൾ ഐ.പി.സി സെക്ഷൻ 124 എ (രാജ്യദ്രോഹക്കുറ്റം) പ്രകാരം തടവറയിൽ കിടന്നു.


സ്വാതന്ത്ര്യാനന്തരം ഇങ്ങനെയൊരു കൊളോണിയൽ നിയമം ഇന്ത്യയുടെ നിയമപുസ്തകങ്ങളിൽ നിലനിൽക്കുന്നത് അപമാനകരമാണെന്നു ദേശീയ നേതാക്കളിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ ഭരണാധികാരികൾ മാത്രമാണ് മാറിയത്; ഭരണകൂടം യഥാർഥത്തിൽ മാറിയില്ല. അതിനാൽ നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും പഴയപോലെ നിലനിന്നു. പക്ഷേ നെഹ്റുവിന്റെ കാലത്തു ഈ നിയമം കാര്യമായി ഉപയോഗിക്കുകയുണ്ടായില്ല.പക്ഷേ 1973ൽ ഇന്ദിരയുടെ കാലത്തു രാജ്യമെങ്ങും പ്രക്ഷോഭം ഉയരാൻ തുടങ്ങിയപ്പോൾ രാജ്യദ്രോഹം സംബന്ധിച്ച നിയമവ്യവസ്ഥ എതിരാളികളെ നേരിടാൻ കരുത്തുള്ള ഒരു ആയുധമായി ഭരണകൂടം പ്രയോഗിക്കാൻ തുടങ്ങി. അന്ന് വ്യാപകമായി ഉപയോഗിച്ച കരിനിയമങ്ങളിൽ ഡി.ഐ.ആറും മിസയും രാജ്യദ്രോഹക്കുറ്റവും ഉൾപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയിൽ പൗരാവകാശങ്ങൾ പൂർണമായും റദ്ദു ചെയ്യുകതന്നെ ചെയ്തു. പിന്നീട് ഷാ കമ്മിഷൻ വിഷയങ്ങൾ പരിശോധിക്കുകയും പൗരാവകാശ-ജനാധിപത്യാവകാശ സംരക്ഷണതിനുള്ള നടപടികൾ രാജ്യം സ്വീകരിക്കുകയും ചെയ്തു.
എന്നാൽ സമീപകാലത്തു കൊളോണിയൽ ഭരണകൂട നിലപാടുകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് വിവിധ മേഖലകളിൽ കാണാനാവുന്നുണ്ട്. ചരിത്ര പഠനമേഖലയിലാണ് അതിന്റെ ആദ്യ പരീക്ഷണങ്ങൾ നടന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള സമീപകാല നീക്കങ്ങളിൽ കൊളോണിയൽ അധികാരികളുടെ ഭിന്നിപ്പിക്കൽ ചരിത്ര സമീപനം വളരെ വ്യക്തമാണെന്ന് റോമിലാ ഥാപ്പറിനെപ്പോലുള്ള പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാനമായ അനുഭവമാണ് മാധ്യമങ്ങൾ, ബുദ്ധിജീവികൾ, പൊതുപ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളും നേരിട്ടത്. അവർക്കെതിരേ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കിരാത നിയമങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ നടപ്പാക്കിയത് പ്രധാനമായും ബി.ജെ.പി ഭരിക്കുന്ന സർക്കാരുകളാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014ൽ നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സെക്ഷൻ 124 എ അടക്കമുള്ള വകുപ്പുകൾ ഉപയോഗിച്ചു കേസുകൾ ചാർജ് ചെയ്യുന്ന പ്രവണതയിൽ ഒരു കുതിച്ചുകയറ്റം തന്നെ ഉണ്ടായതായാണ് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2015ൽ 30, 2016ൽ 35, 2017ൽ 51, 2018ൽ 70, 2019ൽ 93, 2020ൽ 73 എന്നിങ്ങനെയാണ് ലഭ്യമായ കണക്കുകൾ. പിന്നീടുള്ള വർഷങ്ങളിലെ കണക്കുകൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച വാദത്തിനിടയിൽ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞത് നിലവിൽ രാജ്യത്തു സെക്ഷൻ 124 എ പ്രകാരം ചാർജ് ചെയ്യപ്പെട്ട 800ൽ അധികം കേസുകളുണ്ടെന്നും അവയിൽ പ്രതികളായി 13,000ൽ അധികം ആളുകൾ ജാമ്യം ലഭിക്കാതെ വർഷങ്ങളായി ജയിലുകളിൽ കഴിയുന്നുണ്ട് എന്നുമാണ്. ഇക്കാലത്തിനിടയിൽ വെറും ആറു കേസുകളിൽ മാത്രമാണ് വിചാരണ നടത്തി വിധിതീർപ്പുണ്ടായത്. അതായതു കേസുകൾ ചാർജ് ചെയ്തു ബന്ധപ്പെട്ടവരെ ഉപദ്രവിക്കുക മാത്രമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനാൽ അവയിൽ മഹാഭൂരിപക്ഷവും രാഷ്ട്രീയതാൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത കള്ളക്കേസുകൾ മാത്രമാണ് എന്നും കാണാവുന്നതാണ്.


പക്ഷേ, മാരകമാണ് അവയുടെ ആഘാതശേഷി. മിക്ക അവസരങ്ങളിലും രാജ്യദ്രോഹം സംബന്ധിച്ച വകുപ്പ് മറ്റു കടുത്ത ക്രിമിനൽ നിയമങ്ങളുമായി കൂട്ടിച്ചേർത്താണ് പൊലിസ് അധികാരികൾ പ്രയോഗിച്ചുവരുന്നത്. അതിൽ പ്രധാനം നിയമവിരുദ്ധ നടപടികൾ തടയൽ നിയമം (യു.എ.പി.എ) പോലുള്ള ചില നിയമങ്ങളാണ്. നേരത്തെ ടാഡ, പോട്ട തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട നിയമങ്ങൾ വ്യാപകമായ ദുരുപയോഗം കാരണം നിയമപുസ്തകങ്ങളിൽ നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായിരുന്നു. തുടർന്നാണ് യു.എ.പി.എ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. 2019ൽ യു.എ.പി.എ നിയമം വീണ്ടും കർക്കശമാക്കി പ്രതികൾക്ക് ജാമ്യം ലഭിക്കൽ പൂർണമായും അസാധ്യം എന്ന നിലയിൽ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു. യു.എ.പി.എ നിയമത്തിലെ ഒരു പ്രശ്നം ജാമ്യമില്ലാതെ ആറു മാസത്തോളം ഒരാളെ തടവിലിടാൻ അത് അനുവദിക്കുന്നു എന്നതാണ്. ജാമ്യം നൽകലാകട്ടെ വളരെ കർക്കശ വ്യവസ്ഥകൾക്ക് വിധേയവുമാണ്.പ്രതി അയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ല എന്ന് ന്യായാധിപനു ബോധ്യമായെങ്കിൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നാണ് പുതുക്കിയ നിയമം പറയുന്നത്.


എന്നാൽ അങ്ങനെയൊരു ബോധ്യപ്പെടൽ എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും അറസ്റ്റിനു ശേഷം മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞാണ് കുറ്റപത്രം പോലും നൽകപ്പെടുന്നത്. പ്രതികൾ യാതൊരുവിധ നിയമസഹായവുമില്ലാതെ ജയിലിൽ ഒറ്റപ്പെട്ടു കഴിയാൻ നിർബന്ധിതരാകുന്നു. ഇന്ത്യയിൽ ഇന്ന് ഇത്തരത്തിലുള്ള നിരവധി കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. തീർത്തും രാഷ്ട്രീയ കാരണങ്ങളാൽ ഭരണാധികാരികൾ കെട്ടിച്ചമച്ച കേസുകളാണ് അവയിൽ മിക്കതും എന്ന് പ്രഥമദൃഷ്ട്യാ തന്നെ വെളിവാകും. പക്ഷേ കേസുകൾ കോടതിയുടെ മുന്നിൽ വന്നിട്ടു വേണമല്ലോ അവയിൽ തീർപ്പുണ്ടാകാൻ. അതിനു പോലും സാധ്യമല്ലാത്ത വിധം ഭരണകൂടത്തിന്റെ ഇരകൾ എന്ന അവസ്ഥയിലാണ് ഇത്തരം കേസുകളിലെ പ്രതികൾ ഇന്ന് കഴിയുന്നത്.


മലയാളികൾക്ക് ഏറ്റവും പരിചയമുള്ള കേസുകളിലൊന്ന് ഡൽഹിയിൽ ദീർഘകാലം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത സിദ്ദീഖ് കാപ്പനെതിരേ ഒന്നരവർഷം മുമ്പ് യു.എ.പി.എയും രാജ്യദ്രോഹവും അടക്കമുള്ള വകുപ്പുകൾ പ്രകാരം യു.പി പൊലിസ് ചാർജ് ചെയ്ത കേസാണ്. 2020 ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശിലെ ഹത്രാസിലേക്കു അവിടെ നടന്ന ദലിത് പീഡനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി പോകുന്ന അവസരത്തിലാണ് പൊലിസ് അദ്ദേഹത്തെയും വേറെ നാലുപേരെയും അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ വളരെ ലഘുവായ വകുപ്പുകൾ മാത്രം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും ഹത്രാസ് വിഷയത്തിൽ മുസ്ലിം തീവ്രവാദികൾ ഇടപെടുന്നു എന്നൊരു ആഖ്യാനം കെട്ടിച്ചമയ്ക്കാൻ പാകത്തിൽ കേസ് വിപുലപ്പെടുത്തി. അങ്ങനെയാണ് യു.എ.പി.എയും രാജ്യദ്രോഹവും രംഗത്തു വരുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും കാപ്പനോ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികൾക്കോ ജാമ്യം പോലും ലഭിച്ചിട്ടില്ല. കേസ് ഇപ്പോഴും ലഖ്നൗവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലും ഇഴഞ്ഞു നീങ്ങുകയാണ്.
മഹാരാഷ്ട്രയിൽ ബിജെപി ഭരണകാലത്തു കെട്ടിച്ചമച്ച എൽഗാർ പരിഷത്ത് കേസാണ് മറ്റൊരു സംഭവം. എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ടു വിവിധ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും അതിനു കാരണക്കാർ അതിന്റെ സംഘാടനത്തിനു പിന്നിൽ പ്രവർത്തിച്ച നിരവധി ബുദ്ധിജീവികളും എഴുത്തുകാരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കമുള്ള പ്രതികളാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. വളരെ അപക്വവും ഏകപക്ഷീയവുമായാണ് മിക്ക കേസുകളും കെട്ടിച്ചമച്ചത്. അതിന്റെ ദുരുപയോഗം നേരത്തെ സുപ്രിംകോടതിയടക്കം നിരവധി തവണ ചൂണ്ടിക്കാട്ടിയതുമാണ്. എന്നാൽ ഒരിക്കൽപോലും നിയമത്തിന്റെ ദുരുപയോഗം പൂർണമായും അവസാനിപ്പിക്കാൻ സർക്കാർ തയാറായില്ല. സുപ്രിംകോടതി അത് താൽക്കാലികമായി റദ്ദാക്കിയ അവസരത്തിൽ പോലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞത് ആരും ലക്ഷ്മണരേഖ ലംഘിക്കരുത് എന്നാണ്. അതായതു സുപ്രിംകോടതിയുടെ കർശന നിലപാട് കേന്ദ്ര സർക്കാരിന് ഒട്ടും പിടിച്ചിട്ടില്ല എന്നർത്ഥം.


സുപ്രിംകോടതിയുടെ പുതിയ നിർദേശങ്ങൾ ഇപ്പോൾ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് ഇരകൾക്കു അടിയന്തിരമായി നീതി ലഭ്യമാക്കുമോ എന്ന കാര്യം സംശയാസ്പദമാണ്. രാജ്യദ്രോഹക്കേസിൽ തടവിലുള്ളവർക്കു ജാമ്യം നൽകുന്നത് പരിഗണിക്കാൻ സമുന്നത കോടതി കീഴ്‌ക്കോടതികൾക്കു വിധിയിൽ നിർദേശം നൽകുന്നുണ്ട് എന്നത് ആശ്വാസകരം. എന്നാൽ ഇത്തരം കേസുകളിൽ മിക്കതിലും യു.എ.പി.എ അടക്കമുള്ള മറ്റു വകുപ്പുകളും പൊലിസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഉദാഹരണത്തിന് സിദ്ദീഖ് കാപ്പന്റെ കേസിൽ യു.എ.പി.എ, രാജ്യദ്രോഹം എന്നിവയ്ക്കു പുറമെ അനധികൃത പണമിടപാട് തടയൽ നിയമം (പി.എം.എൽ.എ നിയമം) പ്രകാരമുള്ള ഒരു കേസും കൂടി അധികൃതർ ചേർത്തിട്ടുണ്ട്. അതിനുള്ള ഒരേയൊരു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 25,000 രൂപയോളം ഉണ്ടായിരുന്നു എന്നതു മാത്രമാണ്. ഇത് വീട് നിർമാണച്ചെലവിനു വേണ്ടി കുറിയിൽ ചേർന്നത് വഴി കിട്ടിയ പണമാണെന്നു വ്യക്തമായിട്ടും കേസ് അന്തമില്ലാതെ നീണ്ടു പോകുകയാണ്. അതുതന്നെയാണ് ഇത്തരം കേസുകളിൽ പെട്ടിരിക്കുന്ന പതിനായിരത്തിൽ അധികം വരുന്ന മറ്റു പ്രതികളുടെയും സ്ഥിതി. അവരുടെ യഥാർഥ സ്ഥിതിഗതികൾ സംബന്ധിച്ച് അന്വേഷിക്കാൻ പോലും ഇന്ന് ആർക്കും സാധ്യമല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. കാരണം അവരിൽ മഹാഭൂരിപക്ഷവും ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ അംഗങ്ങളാണ്. അവർക്കായി കേസുകൾ നടത്താനോ നിയമപരമായ പോരാട്ടം നടത്താനോ ഇന്ന് രാജ്യത്തു അധികമാരും പ്രവർത്തിക്കുന്നില്ല. അതിനുള്ള സാമ്പത്തികമോ സാമൂഹികമോ ആയ സൗകര്യങ്ങളും ഇന്ന് രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ബന്ധപ്പെട്ട സമുദായത്തിനില്ല. അതിനാൽ സുപ്രിംകോടതി എന്ത് വിധിച്ചാലും ശരി, മഹാഭൂരിപക്ഷം പ്രതികളും ഇനിയും ജയിലുകളിൽ തന്നെ ജീവിതം ഉന്തിനീക്കണ്ടി വരും എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago