പ്രതിജഞ നിറവേറ്റി, രാഷ്ട്രത്തെയും ജനങ്ങളെയും സേവിച്ചു: ശൈഖ് മുഹമ്മദ്
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. യു.എ.ഇ നേതാക്കള്‍ തങ്ങളുടെ പ്രഥമ പൗരന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 'പ്രതിജ്ഞ നിറവേറ്റി, രാഷ്ട്രത്തെ സേവിച്ചു, ജനങ്ങളെ സ്നേഹിച്ചു' എന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസിഡന്റിനെ അനുസ്മരിച്ചത്. സംതൃപ്തിയോടെയാണ് അദ്ദേഹം ജനങ്ങളെ വിട്ടുപോയതെന്നും ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തന്റെ മാര്‍ഗദര്‍ശിയും ഗുരുനാഥനുമായിരുന്നു ശൈഖ് ഖലീഫയെന്ന് അദ്ദേഹത്തിന്റെ സഹോദരനും അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുസ്മരിച്ചു.
രാജ്യത്തിന്റെ പ്രതാപത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യു.എ.ഇ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും രാഷ്ട്രത്തലവന് അനുശോചനം അറിയിച്ചു.
അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അബുദബി ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു.എ.ഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."