ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് അന്തരിച്ചു
സിഡ്‌നി: മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രു സൈമണ്‍സ് (46) വാഹനാപകടത്തില്‍ മരിച്ചു. താരം സഞ്ചരിച്ച കാര്‍ ശനിയാഴ്ച രാത്രി 11 മണിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ് വില്ലയില്‍ അപകടത്തില്‍പെടുകയായിരുന്നു. ലോകക്രിക്കറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സൈമണ്‍സ്. ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവരുടെ വേര്‍പാടിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഖത്തിലാഴ്ത്തി സൈമണ്‍സിന്റെ അകാലവിയോഗം.
ക്രിക്കറ്റില്‍ കരുത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. തോല്‍വി ഉറപ്പിച്ച മത്സരങ്ങളില്‍ പോലും ജയം റാഞ്ചിയെടുത്ത് നിരവധി തവണ ആസത്രേലിയയുടെ രക്ഷകന്റെ ജേഴ്‌സി അണിഞ്ഞു സൈമണ്‍സ്.
26 ടെസ്റ്റുകളിലും 198 ഏകദിനങ്ങളിലും സൈമണ്‍സ് ആസ്‌ത്രേലിയക്കായി കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2009 വരെ നീണ്ടു കിടക്കുന്നതാണ് സൈമണ്‍സിന്റെ കരിയര്‍. 14 ട്വന്റി20 മത്സരങ്ങളിലും താരം ആസ്‌ത്രേലിയക്കായി കുപ്പായമണിഞ്ഞു. 2003, 2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ആസ്‌ത്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി20 മത്സരങ്ങള്‍ കളിച്ച സൈമണ്‍സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഏകദിനത്തില്‍ 1998ല്‍ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
വിവാദങ്ങളിലും ഒട്ടും പുറകിലായിരുന്നില്ല ഈ ദേഷ്യക്കാരന്‍. കളത്തില്‍ സൂപ്പര്‍ താരമായിരുന്നെങ്കിലും മോശം സ്വഭാവത്തിന്റെ പേരില്‍ സൈമണ്‍സ് പല തവണ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും സൈമണ്‍സും തമ്മിലുള്ള മങ്കിഗേറ്റ് വിവാദം വലിയ ചര്‍ച്ചയായിരുന്നു. 2008 സിഡ്‌നി ടെസ്റ്റിനിടെ ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു സൈമണ്‍സിന്റെ ആരോപണം. പിന്നീട് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുമ്പോള്‍ ഹര്‍ഭജന്‍ തന്നോട് മാപ്പു പറഞ്ഞതായും പൊട്ടിക്കരഞ്ഞതായും സൈമണ്‍സ് വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."