മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം; 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
2013 നവംബര്‍ 21നു സി.പി.എം പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു ജില്ലാ ജഡ്ജി ടി.എച്ച് രജിത വിധിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്ന ചേലോട്ടില്‍ സി.എം സിദ്ദിഖാണ് ഒന്നാം പ്രതി.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് തൃക്കള്ളൂര്‍ കല്ലാംകുഴി ചേലോട്ടില്‍ വീട്ടില്‍ സി.എം. സിദ്ദിഖ് (52), കാഞ്ഞിരപ്പുഴ തൃക്കളൂര്‍ കല്ലാംകുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, കല്ലാംകുഴി മങ്ങാട്ടുതൊടി വീട്ടില്‍ ഷമീര്‍ (32), കല്ലാങ്കുഴി അക്കിയംപാടം കഞ്ഞിച്ചാലില്‍ വീട്ടില്‍ സുലൈമാന്‍ (49),കല്ലാംകുഴി മങ്ങാട്ടുതൊടിയില്‍ അമീര്‍ (29), പാലയ്ക്കാപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍, കല്ലാംകുഴി തെക്കുംപുറയന്‍ വീട്ടില്‍ ഹംസ (ഇക്ക-52), കല്ലാംകുഴി ചീനത്ത് വീട്ടില്‍ ഫാസില്‍ (30), കാഞ്ഞിരപ്പുഴ തൃക്കാള്ളൂര്‍ കല്ലാംകുഴി തെക്കുംപുറയന്‍ വീട്ടില്‍ ഫാസില്‍ (30) എന്നിവരടക്കം 25 പ്രതികളെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.
കേസില്‍ നാലാംപ്രതിയായി പൊലിസ് പേരുചേര്‍ത്ത ഹംസപ്പ വിചാരണ തുടങ്ങുംമുമ്പേ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമാണു കൊലപാതകത്തിനു കാരണമായതെന്നു കുറ്റപത്രത്തില്‍ പറയുന്നത്.
കൊലപാതകം നടന്നു 7 വര്‍ഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്. ഡിവൈഎസ്പി എസ്.ഷറഫുദ്ദീന്‍, ഇന്‍സ്പെക്ടര്‍ കെ.അനില്‍കുമാര്‍, എസ്ഐ എ.ദീപകുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."