HOME
DETAILS
MAL
പെയ്‌തൊഴിയുമ്പോള്‍
backup
May 23 2021 | 05:05 AM
എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും 10 വയസുകാരി മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്റെ ആളുകളെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാല്‍ ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്റെ ആളുകള്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ, ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്.
ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ കുടുംബം പറയുന്നത് ഇസ്‌റാഈല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തിനാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ല'- തകര്‍ന്നടിഞ്ഞ കെട്ടിടത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന കളിക്കൂട്ടുകാരുടെ നിലവിളി പോലെയാണ് നദീന്‍ അബ്ദുല്ലത്തീഫ് എന്ന പെണ്‍കുട്ടി വീഡിയോ ക്യാമറയ്ക്ക് മുന്നില്‍ ഇതുപറഞ്ഞത്.
നദീന്റെ ശബ്ദം ലോകം കേട്ടു. ഇസ്‌റാഈല്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ന്നടിയുന്ന ഓരോ കെട്ടിടത്തിനു മുന്നിലും പക്ഷേ, നദീനുമാരില്ല. പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായവര്‍ മുതല്‍ പതിനാറും പതിനേഴും വയസായവര്‍ വരെയായി 65 കുട്ടികളുടെ ജീവനുകളാണ് 11 ദിവസത്തിനിടെ പൊലിഞ്ഞത്.
ഉബൈദ ജവാബ്‌റ, 17
'ലോകത്തെ മറ്റു കുട്ടികളില്‍ ഞങ്ങളെന്തു കൊണ്ടാണ് വിഭിന്നരാവുന്നത്? മറ്റുള്ളവരെല്ലാം കളിയിലും പഠനത്തിനും മറ്റും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ ഞങ്ങളെന്തിനാണ് തടവിലാക്കപ്പെടുന്നത്?- ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ച ഉബൈദ അക്രം അബ്ദുറഹ്മാന്‍ ജവാബ്‌റ എന്ന പതിനേഴുകാരന്‍ ഇന്നില്ല. അവന്റെ ചോദ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മേല്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ബുള്ളറ്റുകള്‍ പാഞ്ഞടുത്തു.
പതിനാലാം വയസില്‍ ഇസ്‌റാഈല്‍ തടവിലാക്കപ്പെട്ട കുട്ടിയാണ് ഉബൈദ. മറ്റെല്ലാ കുട്ടികളെയും പോലെ, സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞെന്ന കുറ്റം ചാര്‍ത്തിയാണ് അറസ്റ്റ്. പിന്നെ തുടരെത്തുടരെ അറസ്റ്റായിരുന്നു. പതിനഞ്ചാം വയസിലും പതിനാറിലും എല്ലാം. ആ വേട്ട തുടരുന്നതിനിടെ അവനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഡോക്യുമെന്ററി ഇറങ്ങിയിരുന്നു. തടവിലാക്കപ്പെടുന്ന കുട്ടികളെക്കുറിച്ച്, അവരുടെ ആശങ്കകളെക്കുറിച്ച്. അതിലെ ചോദ്യങ്ങളാണ് ആദ്യംകൊടുത്തത്.
പാചകം ഏറെ ഇഷ്ടമായിരുന്ന ഉബൈദ അടുത്തമാസം പഠനംകഴിഞ്ഞ് ഷെഫ് ആയി പുറത്തിറങ്ങേണ്ടതായിരുന്നു. അവസാനമായി 2019 ഏപ്രിലിലാണ് ഉബൈദയെ തടവിലാക്കിയത്. അതുകഴിഞ്ഞ് അവന്‍ വീണ്ടും പാചകരംഗത്തേക്കെത്തി. പരമ്പരാഗത ഫലസ്തീനി വിഭവമായ മഖ്‌ലൂബ വിളമ്പിക്കൊണ്ടാണ് അവന്റെ ഡോക്യുമെന്ററി പൂര്‍ത്തിയാവുന്നത്. 'ഞാനിപ്പോള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. പക്ഷേ, ഇത് പൂര്‍ണ സ്വാതന്ത്ര്യമല്ല'- ജയിലില്‍ നിന്നിറങ്ങിയപ്പോഴുള്ള ഉബൈദയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹീബ്രൂണ്‍ നഗരത്തിലുള്ള അറൂബ് അഭയാര്‍ഥി ക്യാംപിലായിരുന്നു ഉബൈദയുടെ താമസം. റൂട്ട് 60 എന്ന ഇസ്‌റാഈല്‍ കൈവശമുള്ള റോഡ് മറികടക്കാന്‍ ഇവരെ സൈന്യം അനുവദിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഉബൈദയെ ഇടയ്ക്കിടെ അറസ്റ്റ് ചെയ്തിരുന്നത്. ഗസ്സയില്‍ വ്യോമാക്രമണം ശക്തമായതോടെ ക്യാംപിലുള്ളവരോടൊപ്പം ഉബൈദയും പ്രതിഷേധത്തിനിറങ്ങി. കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെ, ഇസ്‌റാഈല്‍ സൈന്യം അവന്റെ നെഞ്ചിനു നേരെ നിറയൊഴിച്ചു.
അല്‍- ഖവാലേക് കുടുംബം
മെയ് 16ന് ഞായറാഴ്ച സെന്‍ട്രല്‍ ഗസ്സ സിറ്റിയിലെ അല്‍- വിഹ്ദ തെരുവില്‍ നടത്തിയ ഇസ്‌റാഈല്‍ റോക്കറ്റാക്രമണത്തില്‍ അല്‍- ഖവാലേക് കുടുംബത്തിലെ 13 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൂടുതലും കുട്ടികള്‍. ആറു മാസം പ്രായമായ പൈതല്‍ മുതല്‍ ഒന്‍പതു വയസായ കുട്ടി വരെയുള്ളവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി. 'ഞാന്‍ കെട്ടിപ്പിടിച്ച് കിടന്നിരുന്ന എന്റെ മോനെ കാണാനില്ല, എനിക്കൊന്നും കാണാനാവുന്നില്ല'- പൊടിയടങ്ങാന്‍ കാത്തിരിക്കാതെ നഷ്ടപ്പെട്ട കൂടെയുള്ളവരെ തിരയുന്നതിനിടെ ഈ കുടുംബത്തില്‍ നിന്ന് രക്ഷപ്പെട്ട സനാല്‍ അല്‍ ഖവാലേക് പറഞ്ഞു. ഒന്‍പതുകാരി യാരയും അഞ്ചുവയസുകാരി റുലയും അപ്പോഴും മണ്ണിനടിയിലാണ്. പത്തു വയസുകാരന്‍ അസീസ് അല്‍- ഖവാലേക് രക്ഷപ്പെട്ടെങ്കിലും അവന്റെ പ്രിയപ്പെട്ട ഉമ്മ വിടപറഞ്ഞിരുന്നു. ഉമ്മയുടെ മയ്യത്തിനിരികില്‍ വേദനയോടെ ഇരിക്കുന്ന ആ പയ്യന്റെ ചിത്രം കണ്ണീരോടെയല്ലാതെ കാണാനാവില്ല.
തലാ അബുല്‍ ഔഫ്, 13
അല്‍- ഖവാലേക് കുടുംബത്തെ പാടേ ഇല്ലാതാക്കിയ റോക്കറ്റാക്രമണത്തില്‍ അയല്‍പക്കത്തെ പതിമൂന്നുകാരി തലാ അബുല്‍ ഔഫും സഹോദരന്‍ തൗഫീഖും (17) കൊല്ലപ്പെട്ടു. അവരുടെ പിതാവ് ഡോ. അബു അല്‍- ഔഫും ബാക്കിയായില്ല. ഗസ്സ നഗരത്തിലെ അല്‍- ശിഫ ആശുപത്രി ഡോക്ടറായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആക്രമണത്തലേന്നൊക്കെ അദ്ദേഹത്തിന് ആശുപത്രിയില്‍ പിടിപ്പതു പണിയുണ്ടായിരുന്നു.
അല്‍- ഹദീദി കുടുംബം
ചെറിയ പെരുന്നാള്‍ ദിനം. മുഹമ്മദ് അല്‍- ഹദീദിയുടെ നാലു കുട്ടികളും- ശുഹൈബ് (13), യഹിയ (11), അബ്ദുറഹ്മാന്‍ (8), ഉസാമ (6)- പുത്തനുടുപ്പൊക്കെ ധരിച്ച് ശാഥി അഭയാര്‍ഥി ക്യാംപിലുള്ള അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതാണ്. ബന്ധുക്കള്‍ അവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മുഹമ്മദ് സമ്മതം മൂളി. അടുത്തദിവസം അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇസ്‌റാഈല്‍ റോക്കറ്റ് പതിച്ചു. അഞ്ചുവയസുകാരനായ ഉമര്‍ മാത്രമാണ് രക്ഷപ്പെട്ടത്, മരിച്ച തന്റെ ഉമ്മയുടെ കൈകള്‍ക്കിടയില്‍ നിന്നാണ് അവനെ വലിച്ചെടുത്തത്. 'അവര്‍ വീടുകളില്‍ സുരക്ഷിതായിരുന്നു. അവര്‍ ആയുധം കൈയ്യിലേന്തിയിരുന്നില്ല. അവര്‍ റോക്കറ്റ് തൊടുത്തിരുന്നില്ല. പിന്നെന്തിന് അവര്‍ക്കീ മരണം?'- മുഹമ്മദ് ചോദിക്കുന്നു.
ഇബ്‌റാഹിം അല്‍- മസ്‌രി, 14
റമദാനിന്റെ വൈകുന്നേരങ്ങള്‍, ഇഫ്താറിന് മുന്‍പായി തെരുവില്‍ കളിക്കുന്ന കൂട്ടത്തിലായിരുന്നു ഇബ്‌റാഹിം അല്‍- മസ്‌രിയെന്ന പതിനാലുകാരന്‍. കൂടെ സഹോദരങ്ങളുമുണ്ട്. അതിനിടയ്ക്കാണ് അവിടമാകെ പ്രകമ്പനം കൊള്ളിച്ച് റോക്കറ്റ് പതിച്ചത്. ഇബ്‌റാഹീമും സഹോദരന്‍ മര്‍വാനും മറ്റു ചില ബന്ധുക്കളും അപ്പോള്‍ തന്നെ കൊല്ലപ്പെട്ടു. 'ഞങ്ങളത് വരുന്നത് കണ്ടില്ല, വലിയ രണ്ട് പൊട്ടിത്തെറികള്‍ മാത്രമാണ് കേട്ടത്... അപ്പോഴേക്കും തെരുവില്‍ എല്ലാവരും ഓടുകയായിരുന്നു, കുട്ടികളില്‍ രക്തംവാര്‍ന്നൊഴുകുന്നു, ഉമ്മമാര്‍ പൊട്ടിക്കരയുന്നു, എവിടെയും ചോര മാത്രം'- ആ നിമിഷത്തെ ഇബ്‌റാഹിമിന്റെ പിതാവ് യൂസുഫ് അല്‍- മസ്‌രി ഓര്‍ക്കുന്നു.
ഹംസ നാസര്‍, 12
ഉമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇഫ്താറൊരുക്കാന്‍ പച്ചക്കറിയും കുറച്ച് സാധനങ്ങളും വാങ്ങാന്‍ പുറത്തുപോയതായിരുന്നു ഹംസ നാസര്‍ എന്ന പന്ത്രണ്ടുകാരന്‍. എന്നാല്‍ അവന്‍ അതും വാങ്ങി തിരിച്ചുവന്നില്ല, പകരം വെള്ളയില്‍ പൊതിഞ്ഞ കുഞ്ഞു മയ്യത്താണ് വീടുകയറിയത്. അബൂ അല്‍- കാസ് ശ്മശാനത്തിനടുത്ത് നടത്തിയ ഇസ്‌റാഈല്‍ വ്യോമാക്രമണത്തിലാണ് ഹംസ കൊല്ലപ്പെട്ടത്.
സഈദ് ഊദ, 16
മികച്ച ഫുട്‌ബോള്‍ താരമായിരുന്നു സഈദ് ഊദ. ഗസ്സയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കൊടുങ്കാറ്റടിച്ചപ്പോള്‍ അവനും ചേര്‍ന്നു. ഇസ്‌റാഈലിനെതിരെ അവനും മുദ്രാവാക്യങ്ങള്‍ മുഴക്കി. എന്നാല്‍ ഫുട്‌ബോള്‍ കളത്തിലും പോരാട്ടവീഥിയിലും ചുറുചുറുക്കോടെ പായാന്‍ അവനിന്നില്ല. ഇസ്‌റാഈല്‍ സൈന്യം അവനെ ബുള്ളറ്റ് കൊണ്ട് നേരിട്ടു. പിറകില്‍ വെടിവച്ചാണ് അവനെ കൊന്നത്. ഒന്നല്ല, രണ്ട് വെടിയുണ്ടകളാണ് അവന്റെ പുറം തുളച്ചുകയറിയത്. പിന്നാലെ അവന്‍ മരണത്തിനു കീഴടങ്ങി.
കൊയ്‌തെടുത്ത കിനാക്കള്‍
മെയ് 12ന് ഇസ്‌റാഈലിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് റാഷിദ് അബൂ അര്‍റാഹ് എന്ന പതിനാറുകാരന്‍ കൊല്ലപ്പെടുന്നത്. കഴുത്തിലും നെഞ്ചിലും വെടിയേറ്റായിരുന്നു അവന്റെ മരണം.
രാവിലെ പരീക്ഷയൊക്കെ എഴുതി ഉച്ചക്ക് ശേഷം വര്‍ക്ക് ഷോപ്പില്‍ ഉപ്പയെ സഹായിക്കാന്‍ പോവുകയായിരുന്നു പതിനേഴുകാരനായ അതല്ലാഹ് റയ്യാന്‍. അപ്പോഴാണ് സൈന്യം അവന് നേരെ വെടിയുതിര്‍ക്കുന്നത്.
തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തെന്നാരോപിച്ചാണ് മഹ്മൂദ് ഉമര്‍ സാദിഖിനെ (17) ഇസാറാഈല്‍ കൊല്ലുന്നത്. പ്രതിഷേധം നോക്കി നില്‍ക്കവേയാണ് പതിനഞ്ചുകാരന്‍ അലി ഐമന്‍ സാലിഹ് അബൂ ആലിയ ഇസാറാഈലിന്റെ തോക്കിനിരയാവുന്നത്. അവന്റെ പിറന്നാള്‍ ദിനമായിരുന്നു അന്ന്. ഇങ്ങനെ നിരവധി കുഞ്ഞുങ്ങള്‍. ഭൂമിയില്‍ പൂമ്പാറ്റകളെ പോലെ പറന്ന് നടന്നിരുന്നവര്‍.
ഇപ്രാവശ്യം 65 കുരുന്ന് ജീവനുകള്‍. അതിലേറെ പേരെ ജീവച്ഛവം പോലെയാക്കി വിട്ടു. ഇങ്ങനെ കാലങ്ങളായി ഫലസ്തീനി കുട്ടികളെ റോക്കറ്റുകളും ബുള്ളറ്റുകളും വിഴുങ്ങുന്നു. 2000- 2021 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം 3,090 ഫലസ്തീനി കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കി. ഓരോ ഇസ്‌റാഈല്‍ ആക്രമണത്തിലും കൊല്ലപ്പെടുന്ന പത്തില്‍ രണ്ടു പേരും കുട്ടികളാണ്. ചെക്ക് പോയിന്റുകള്‍, സൈനിക റെയ്ഡുകള്‍ തുടങ്ങി സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കല്‍ വരെ നേരിടുന്ന കുട്ടികള്‍. അവര്‍ക്ക് ഓടിക്കളിക്കണമായിരുന്നു, പഠിച്ച് വളരണമായിരുന്നു, ലോകത്തെ മറ്റെല്ലാ കുട്ടികളെയും പോലെ അവര്‍ക്കും കിനാക്കളുണ്ടായിരുന്നു.
ചിറകരിയപ്പെട്ടവര്‍...
പന്ത്രണ്ടാം ദിനം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഗസ്സ പുനര്‍നിര്‍മാണത്തിനായി അന്താരാഷ്ട്ര സഹായങ്ങളും എത്തുന്നു. നല്ല കാര്യം. ഇനി തലയ്ക്കു മുകളില്‍ റോക്കറ്റ് പതിക്കുമെന്ന ഭീതിയില്ലാതെ സമാധാനത്തോടെ ഉറങ്ങാമല്ലോയെന്ന് ലോകം പറയും. പക്ഷേ, ഈ കുഞ്ഞുങ്ങളെയെല്ലാം ഓര്‍ത്ത് എങ്ങനെയൊരാള്‍ക്ക് സമാധാനത്തോടെ നാളുകള്‍ കഴിയാനാവും. ജീവിക്കുന്ന പല കുഞ്ഞുങ്ങള്‍ക്കും ഉമ്മമാരില്ല, പിതാക്കളില്ല, കൂടപ്പിറപ്പുകളില്ല. അനാഥത്വത്തിന്റെ, ഭീതിയുടെ നിഴലുകളാണെങ്ങും. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ തന്നെ അനുഭവിക്കുന്ന ട്രോമ ഭീകരമാണ്. കഴിഞ്ഞകാല ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട്, നോര്‍വീജിയന്‍ റെഫ്യുജി കൗണ്‍സിലിന്റെ ട്രോമ കെയറില്‍ അതിജീവന പാതയിലായിരുന്ന 11 കുഞ്ഞുങ്ങളാണ് ഇപ്രാവശ്യം അടര്‍ന്നുവീണത്. ഇനിയുമൊരുപാട് കുട്ടികള്‍ മരണത്തോട്, ജീവിതഭയത്തോട്, അനാഥത്വത്തോട് മല്ലിടേണ്ടിവരും. പത്തുവയസുകാരി സൈന തന്റെ നോട്ടുബുക്കിലെ ഒരു പേജെടുത്ത് ഉമ്മയ്‌ക്കെഴുതിയ കുറിപ്പ് നോക്കൂ:
'എന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മാ... എനിക്ക് പേടിയാവുന്നു. ഒരുപാട് പേടിയാവുന്നു. നമ്മളെല്ലാവരും മരിക്കുകയാണെങ്കില്‍ നമ്മളെ ഒരു ഖബറില്‍ ഖബറടക്കണേ. എനിക്ക് ഉമ്മാനെ കെട്ടിപ്പിടിക്കാലോ. ഖബറിലേക്ക് വയ്ക്കുമ്പോള്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ അണിയണമെന്നാണ് എനിക്കാശ. കാരണം ഇത്തവണ നാം പെരുന്നാള്‍ ആഘോഷിച്ചിട്ടില്ലല്ലോ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."