കൊവിഡ് കാലത്ത് താളംതെറ്റുന്ന മനസ് ഉത്കണ്ഠയും മാനസിക പിരിമുറുക്കവും വര്‍ധിക്കുന്നു
എം.അപര്‍ണ
കോഴിക്കോട്: കൊവിഡ് മായ്ച്ചു കളഞ്ഞ ചിരിയെ വര്‍ഷമൊന്നു കഴിഞ്ഞിട്ടും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മനസറിഞ്ഞ് പൊട്ടിച്ചിരിക്കാന്‍, മാസ്‌ക്ക് ഒഴിവാക്കി ഒന്നു ശ്വസിക്കാന്‍ കാത്തിരിക്കുകയാണ് ഏവരും. എന്നാല്‍ കൊവിഡും ലോക്ക്ഡൗണുമെല്ലാം വ്യക്തികളെ അവരിലേക്ക് തന്നെ ഒതുക്കി. രോഗം ശാരീരികമായി തളര്‍ത്തുന്നതിനൊപ്പം തന്നെആളുകളുടെ മാനസികാരോഗ്യത്തെയും പിടിച്ചുലയ്ക്കുകയാണ്.
കൊവിഡ് കാലത്ത് 80 മുതല്‍ 90 ശതമാനം ആളുകളിലും ഉത്കണ്ഠയും മാനസിക പിരിമുറുക്കവും വര്‍ധിക്കുകയാണ്. സാധാരണ രീതിയില്‍ പോയിരുന്ന ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന നിയന്ത്രണങ്ങളാണ് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണം. രോഗം വരുമെന്നുള്ള ഭയം, മരണഭയം, ഭാവിയോടുള്ള ആശങ്ക, സാമ്പത്തികമായും ജോലി സംബന്ധമായുമുള്ള പ്രശ്‌നങ്ങള്‍, ഉപരിപഠനം, ഓണ്‍ലൈന്‍ ക്ലാസുകളിലെ ആശങ്ക തുടങ്ങി പലരെയും പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് അലട്ടുന്നത്. ഭൂരിഭാഗം ആളുകളും ഇത്തരം പ്രശ്‌നങ്ങള്‍ വെളിപ്പെടുത്താനും മാനസികാരോഗ്യ വിദഗ്ധരെ കാണാനും മടിക്കുന്നവരാണ്.
ഇത്തരം അവസ്ഥയില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നത് ഏറെ ആശ്വാസം നല്‍കുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി കൊവിഡിനെക്കുറിച്ചുള്ള വാര്‍ത്തകളും പലരേയും മാനസികമായി തളര്‍ത്തുകയാണ്.
മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച് അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും. ആകെ 89 ലക്ഷത്തിലധികം കോളുകളാണ് നല്‍കിയത്. നിരീക്ഷണത്തിലും ഐസോലേഷനിലും കഴിയുന്ന വ്യക്തികള്‍ക്ക് 44 ലക്ഷത്തിലധികം കോളുകള്‍ നല്‍കി. ഓരോ ജില്ലയിലും മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ 1079 മാനസികാരോഗ്യ പ്രവര്‍ത്തകരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."