ഗുണനിലവാരമില്ലാത്ത മരുന്നുകൾ: 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി, 26 കമ്പനികള്‍ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ച 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നൽകിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയ കമ്പനികളോട് മരുന്ന് ഉത്പാദനം നിർത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനയുടെ അടിസ്ഥാനത്തില്‍ 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇതില്‍ 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ക്രമക്കേട് കണ്ടെത്തിയ 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകുകയും ചെയ്തു. മറ്റു കമ്പനികൾക്കെതിരെയും നടപടികൾ ഉണ്ടായിയിട്ടുണ്ടെങ്കിലും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് രാജ്യത്ത് മരുന്നുകമ്പനികള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തിയത്.
ഉസ്ബെക്കിസ്ഥാന്, ഗാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ മരുന്നുകള്‍ വിറ്റ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഒക്ടോബര്‍ മുതലാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതായി പരാതി ഉയര്‍ന്നത്. തുടര്‍ന്നാണ് മരുന്നുകമ്പനികളുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."