ദുബൈയില്‍ കോ ലിവിങ്ങ് താമസ സൗകര്യമൊരുങ്ങുന്നു
അഷറഫ് ചേരാപുരം
ദുബൈ: ജോലി തേടിയും വിനോദയാത്രക്കും മറ്റുമായി ലക്ഷങ്ങള്‍ എത്തിച്ചേരുന്ന ദുബൈയില്‍ താമസ സൗകര്യത്തിനായി പുതിയ സംവിധാനം വരുന്നു. കോ ലിവിങ്ങ് എന്ന പേരില്‍ സങ്കീര്‍ണതകളില്ലാത്ത ഉടമ്പടികളുമായി താമസസൗകര്യം ഒരുക്കാനാണ് നീക്കം. പ്രതിമാസ പേയ്മെന്റ് ഓപ്ഷനുകള്‍, സീറോ ബ്രോക്കര്‍ കമ്മിഷന്, സീറോ ഡെപോസിറ്റ് എന്നീ സൗകര്യങ്ങളുമായാണ് ജോലിതേടിയെത്തുന്നവര്ക്കും മറ്റും സഹായകമായുള്ള താമസ സംവിധാനം. യു.എ.ഇയില്‍ സ്ഥിര ജോലിക്കായും ഫ്രീലാന്‍സ് ജോലിക്കായുമെത്തുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് കോ ലിവിങ് സൗകര്യം തിരഞ്ഞെടുക്കാം. ഇവര്‍ക്ക് ഏത് സ്ഥലത്തും 15 ദിവസം മുതല്‍ ഒരു മാസം വരെ താമസസൗകര്യം ബുക്ക് ചെയ്യാം.സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തെ വാടകക്കരാര്‍ ഉള്‍പ്പെടെയുള്ള ഉടമ്പടികള്‍ക്കു ശേഷമാണ് വാസം സാധ്യമാവുക. എന്നാല്‍ ഇതൊന്നുമില്ലാത്ത എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിക്കാവുന്ന സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്.
പ്രതിമാസ പേയ്മെന്റ് ഓപ്ഷനുകള്‍, സീറോ ബ്രോക്കര്‍ കമ്മീഷന്, സീറോ ഡെപോസിറ്റ് എന്നീ സൗകര്യങ്ങളും കോ ലിവിംഗ് താമസ സൗകര്യങ്ങള്‍ക്കൊപ്പം ഡെവലപ്പര്‍മാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബൈയിലെ പ്രമുഖ ഡെവലപ്പറായ 'എമാര്‍', ദുബൈ ഹില്‍സില്‍ കോ ലിവിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ജുമൈറ വില്ലേജ് സര്‍ക്കിളില്‍ മറ്റൊരു കെട്ടിട നിര്‍മ്മാതാവും കോ ലിവിങിനായി കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് താമസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി താമസക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്ഥലം ഒഴിയാനുള്ള സൗകര്യമാണ് ഇത്തരം താമസസ്ഥലങ്ങള്‍ നല്‍കുന്നത്.കരാര്‍ അവസാനിപ്പിച്ച് സ്ഥലം ഒഴിയാനുള്ള സൗകര്യവും ലഭിക്കും. 30 ദിവസത്തെ നോട്ടീസ് കാലയളവ് വേണമെന്ന് മാത്രം. എന്നാല്‍ ഇവിടങ്ങളിലെല്ലാം താമസക്കാര്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."