വൈക്കം സത്യഗ്രഹം ഒാർമിപ്പിക്കുന്നത്
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും ഉജ്ജ്വല പങ്കുവഹിച്ച വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രസ്മൃതികൾ നൂറാണ്ടിന്റെ തികവിലേക്ക് കടക്കുകയാണ്. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി നടത്തിയ സമരങ്ങളിൽ പ്രഥമസ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്. ഒപ്പം പിന്നോക്ക ജാതികളുടെ പൗരാവകാശ പ്രശ്‌നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്‌നങ്ങളിലൊന്നായി മാറ്റിയതും ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ ബാക്കിപത്രമാണ്. വഴിനടക്കാനും മാറുമറയ്ക്കാനുമൊക്കെയുള്ള അവകാശങ്ങൾ രാജ്യത്തെ ദലിത് -പിന്നോക്ക വിഭാഗങ്ങൾക്ക് രക്തരൂഷിതവും സഹനപരവുമായ പോരാട്ടങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും പുതിയ കാലത്തെ ജാതീയതയും മതാന്ധതയും കൂടുതൽ ജനവിഭാഗങ്ങളിൽനിന്നും ഈ അവകാശങ്ങളെ ഹനിച്ചുകളയുന്നുവെന്ന വർത്തമാന യാഥാർഥ്യത്തിൽ നിന്നുകൊണ്ടാണ് നാം വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്.
തീവ്രവാദവും പൗരസ്വാതന്ത്ര്യ നിഷേധവും വിഭാഗീയതയും ജനാധിപത്യവിരുദ്ധതയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വൈക്കം സത്യഗ്രഹ സന്ദേശം വരുംതലമുറയിലേക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ കാറ്റാണ് രാജ്യമാകെ വീശുന്നത്.
പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ 603 ദിവസം നീണ്ടുനിന്ന ഒരു സമരം ഇന്ത്യയിൽത്തന്നെ ആദ്യമായിരുന്നു. 1924 മാർച്ച് 30ന് ആരംഭിച്ച് 1925 നവംബർ 23ന് ആണ് അവസാനിച്ചത്. തിരുവിതാംകൂറിൽ ദേശീയപ്രക്ഷോഭത്തിനു തുടക്കംകുറിച്ചതും ഗാന്ധിജിയുടെ സത്യഗ്രഹസമരം ദക്ഷിണേന്ത്യയിൽ അരങ്ങേറിയതും ഈ ഐതിഹാസിക സമരത്തിലൂടെയാണ്.
വൈക്കം ക്ഷേത്രപരിസരത്തേക്കുള്ള നിരത്തുകളിൽ അവർണ ഹിന്ദുക്കൾക്കുകൂടി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നായിരുന്നു സമരക്കാർ ഉന്നയിച്ച ആവശ്യം. തിരുവിതാംകൂറിലെ ദലിത്, കീഴ്ജാതി മനുഷ്യർ കൊടിയ വിവേചനവും അടിച്ചമർത്തലും നേരിടുന്ന കാലം കൂടിയായിരുന്നു ഇത്. സമരത്തിനൊടുവിൽ 1925 ലാണ് വൈക്കം ക്ഷേത്രത്തിലേക്കുള്ള നിരത്തുകൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുത്തത്. എന്നാൽ ഈ ആനുകൂല്യം തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകൾക്കും ബാധകമാകാൻ പിന്നെയും മൂന്നുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു.
ഗാന്ധിജിയുടെ ചിന്തയിൽ നിന്നുണർന്ന അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹത്തിന്റെ സാമൂഹിക പരിസരം രൂപപ്പെടുന്നത്.
1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപക നടപടികൾ വേണമെന്ന പ്രമേയം ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാസാക്കിയതോടെ അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു കെ.പി.സി.സി രൂപംകൊടുത്തു. ടി.കെ മാധവൻ സമർപ്പിച്ച നിവേദനം സമ്മേളനത്തിൽ പ്രമേയമായി വന്നത് അധ്യക്ഷൻ മൗലാനാ മുഹമ്മദലിയിലൂടെയായിരുന്നു. സമ്മേളന തീരുമാനപ്രകാരം കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്ത സമരത്തിന്റെ നേതൃത്വം ടി.കെ മാധവനുതന്നെയായിരുന്നു. നീതിക്കുവേണ്ടിയുള്ള കീഴ്ജാതിക്കാരുടെ സമരത്തിൽ ടി.കെ മാധവനും സത്യഗ്രഹികൾക്കും ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും ശ്രീനാരായണ ഗുരുവും പെരിയോറും മന്നത്ത് പത്മനാഭനും ജോർജ് ജോസഫും ഹസൻ കോയയും ചാത്തൻ കുഞ്ഞാപ്പിയും ആമചാടി തേവനും ചിത്തേടത്ത് ശങ്കുപിള്ളയും തുടങ്ങി വ്യത്യസ്ത മതസ്ഥരായ നിരവധി പേർ പിന്തുണയായിവരികയും കണ്ണിചേരുകയും ചെയ്തു.
വൈക്കം സത്യഗ്രഹത്തിന് മുമ്പ് അയ്യങ്കാളിയുടെ നേതൃത്വത്തിൽ ദലിത് സ്ത്രീകളുടെ വിമോചനങ്ങൾക്കു വേണ്ടി കല്ലുമാല സമരം പോലുള്ള അതിശക്ത പ്രക്ഷോഭം നടന്നിട്ടുണ്ടെങ്കിലും ജാതി-മത ചിന്തകൾക്ക് അതീതമായ ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള, ജാതി ഉച്ചനീചത്വങ്ങൾക്കെതിരേയുള്ള സമരം എന്നതാണ് വൈക്കം സത്യഗ്രഹത്തെ ശ്രദ്ധേയമാക്കുന്നത്.
തിരുത്തലിന്റെ ചരിത്രബിന്ദുവിൽനിന്ന് 100 വർഷം പിന്നിടാൻ പോകുമ്പോഴും രാജ്യത്തെ ദലിതരും പിന്നോക്കക്കാരും മതന്യൂനപക്ഷങ്ങളും ജാതീയവും മതപരവുമായ വേർതിരിവിനും അനീതിക്കും പീഡനത്തിനും ഇരയാകുകയാണ്. വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശത്തിന് സമൂഹത്തിൽ എത്രമാത്രം സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞുവെന്ന പരിശോധന കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. പുതിയ കാലത്തെ അദൃശ്യമായ അയിത്തം മാറേണ്ടത് മനുഷ്യരുടെ മനസിൽ നിന്നാണ്. പശുവിൻ്റെയും ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പേരിൽ പോലും മനുഷ്യൻ പച്ചക്ക് കൊല്ലപ്പെടുമ്പോൾ അയിത്തത്തിന്റെ തീണ്ടാപ്പലക നീക്കാൻ 100 വർഷങ്ങൾക്ക് മുമ്പ് ഉരുത്തിരിഞ്ഞതുപോലെ ഐക്യകൂട്ടായ്മയാണ് ഇപ്പോൾ ആവശ്യം.
ഇന്ന് നമുക്ക് മുമ്പിൽ പാതകളൊന്നും അയിത്തത്തിൻ്റെ പേരിൽ അടഞ്ഞിട്ടില്ലെങ്കിലും ദലിതർക്കും പിന്നോക്കക്കാർക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ ആശങ്കപ്പെടുംവിധം കൂടിയിരിക്കുകയാണ്. അവരുടെ അന്തസിനുമേൽ കരുതിക്കൂട്ടിയുള്ള കടന്നാക്രമണമാണ് നടക്കുന്നത്. ഭീമ കൊറേഗാവിൽ ദലിതർക്ക് നേരെയുണ്ടായ ആക്രമണവും തുടർന്ന് രാജ്യത്തുടനീളം അംബേദ്കർ പ്രതിമകൾ നശിപ്പിച്ചതുമെല്ലാം ഇതാണ് വ്യക്തമാക്കുന്നത്. അയ്യങ്കാളിയുടെയും അംബേദ്ക്കറുടെയുമെല്ലാം നേതൃത്വത്തിൽ നടത്തിയ ദീർഘ പോരാട്ടങ്ങൾക്കൊടുവിൽ ദലിതർ നേടിയ അവബോധത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണിതൊക്കെ. വൈക്കം സത്യഗ്രഹത്തിന്റെ വിജയം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുയർന്ന സമരാഗ്നിയുടെ ആളിക്കത്തലായിരുന്നു. കൂടുതൽ ജനവിഭാഗങ്ങൾ എണ്ണ പകർന്നു ആ സമരത്തിന്. ഇതാണ് മാറ്റങ്ങളിലേക്ക് പോകാൻ ഭരണാധികാരികളെയും നിർബന്ധിപ്പിച്ചത്. ജനപിന്തുണയുള്ള ഒരു നേതാവിനെയും സമരത്തെയും ഒരു ഭരണാധികാരിക്കും അവഗണിക്കാനാവില്ലെന്നതാണ് വൈക്കം സത്യഗ്രഹം കാട്ടിത്തരുന്നത്. എല്ലാ ഏകാധിപതികൾക്കുമുള്ള പാഠമാണ് ഇൗ സത്യഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."