ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലില്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്ര ടൂറിസം കുത്തകകള്‍ക്ക് വേണ്ടിയാണെന്ന ആരോപണമുയരുന്നുണ്ട്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് മുന്‍പും പല സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ലക്ഷദ്വീപ് പോലെ കേന്ദ്ര ഭരണപ്രദേശങ്ങളായ ദാമന്‍ ദിയുവില്‍ വലിയ ഒഴിപ്പിക്കലുണ്ടായതും പിന്നീട് അവിടെ ആഡംബര കോട്ടേജുകള്‍ ഉയര്‍ന്നതും നേപ്പാളീ ടൂറിസ വ്യവസായ ഭീമനായ ബിനോദ് ചൗധരിയുടെ കരുക്കള്‍ നീക്കലായിരുന്നു.
ഇതുസംബന്ധിച്ച് അമേരിക്കന്‍ മലയാളി രഞ്ജിത്ത് ആന്റണിയുടെ പോസ്റ്റ് നോക്കുക:
ദ കൊട്ടേഷന്‍ ഇന്‍ ലക്ഷദീപ്
ദാമനും, ദിയുവും പോര്‍ച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇന്‍ഡ്യന്‍ യൂണിയന്‍ ടെറിറ്ററി പ്രദേശങ്ങളായി. മുഖ്യമന്ത്രിയൊ, നിയമസഭയൊ ഇല്ല. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗര്‍ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാല്‍ അതിന്റെ ഒക്കെ അഡ്മിനസ്‌ട്രേറ്റര്‍മ്മാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
ആദ്യമായി ദാമനില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ എത്തുന്ന ഒരു പൊളിറ്റിക്കല്‍ അപ്പോയിന്റീ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ എന്നൊരു വിദ്വാനായിരുന്നു. 2016 ലാണ് ആശാന്‍ ദാമനില്‍ കാലു കുത്തുന്നത്.
വന്നിറങ്ങിയ ഉടന്‍ കോഡ പട്ടേല്‍ പണി തുടങ്ങി. ആദ്യം ചെയ്തത്. ദാമന്റെ ഒരരുകില്‍ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടര്‍ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു. ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ആണ് 2019 നവമ്പറില്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത്. 1000 ത്തിലേറെ വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചിരുന്നു ചുറ്റുപാടുകളില്‍ നിന്ന് അവര്‍ ആട്ടിയിറക്കപ്പെട്ടു.
അന്തരാഷ്ട്ര ശ്രദ്ധയൊക്കെ നേടിയ ഒഴിപ്പിക്കലായിരുന്നു. ദാമനികളുടെ ഒരു വലിയ പോപ്പുലേഷന്‍ ഇംഗ്ലണ്ടിലോട്ട് കുടിയേറിയിട്ടുണ്ട്. ഏകദേശം 12,000 പേര്‍ ഇംഗ്ലണ്ടിലെ ലീസ്റ്ററില്‍ താമസിക്കുന്നുണ്ട്. അവരുടെ എം.പി കീത്ത് വാസ് ദാമനില്‍ പറന്നെത്തി പ്രഫുല്‍ കോഡ പട്ടേലിനെ കണ്ട് ഒഴിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തണം എന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. അങ്ങോരെ സ്ഥലമൊക്കെ കാണിച്ചു ചുറ്റി നടത്തി അടുത്ത പ്ലെയിനില്‍ കയറ്റി പറഞ്ഞു വിട്ടിട്ടു. എന്നിട്ട് നേരെ വന്ന് ബുള്‍ഡോസര്‍ കൊണ്ട് വന്ന് കൊച്ച് പിച്ച് കുട്ടികളേം അമ്മമാരെയും വീട്ടീന്നിറക്കി വീട് നെരപ്പാക്കി കൊടുത്തു.
ഒറ്റ രാത്രികൊണ്ട് ആ മുക്കുവര്‍ തെരുവിലായി. അവര്‍ ഇന്ന് മോട്ടി ഡാമനിലെ ഒരു ചേരിയില്‍ കുടില്‍ കെട്ടി താമസിക്കുന്നു. 500 കൊല്ലം പോര്‍ച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകള്‍ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാര്‍ക്ക് കഴിയാത്തതാണ് പ്രഫുല്‍ പട്ടേല്‍ സാധിച്ചെടുത്ത്.
കുറ്റം പറയരുത്. ആ സ്ഥലം ഇന്ന് ബിനോദ് ചൗധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ സി.ജി കോര്‍പ് ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകള്‍ പോലെ കോട്ടേജുകള്‍ കെട്ടിയിട്ടിട്ടുണ്ട്. ദിവസം 60 തൊട്ട് 80 ഡോളര്‍ കൊടുത്താല്‍ നിങ്ങക്ക് ആ കോട്ടേജില്‍ കിടന്ന് ടെന്റ ടൂറിസം ആസ്വദിക്കാം. ഒരു 2 കിലോമീറ്റര്‍ അപ്പറത്ത് ആ സ്ഥലത്തിന്റെ ഒറിജിനല്‍ അവകാശികള്‍ ടെന്റ് കെട്ടി വേറെ താമസിക്കുന്നുണ്ട്.
ഈ പ്രഫുല്‍ കോഡ പട്ടേലാണ് ലക്ഷദീപില്‍ ചെന്നിറങ്ങിയിരിക്കുന്നത്. ദാമനില്‍ ചെന്നത് ബിനോദ് ചൗധരിയുടെ കൊട്ടേഷനുമായാണ്. ഇവിടെ എത്തിയിരിക്കുന്നത് ആരുടെ കൊട്ടേഷനാണെന്ന് വഴിയെ നമ്മള്‍ അറിയും.
ഇതിലേക്ക് ചൂണ്ടുന്ന മറ്റൊരു പോസ്റ്റ് കാണുക. പ്രമുഖ ഡോക്ടർ ശാനവാസ് എ.ആറിന്‍റേതാണ് പോസ്റ്റ്.
3 പേരെ കുറിച്ച് നിങ്ങൾ അറിയണം...
1)
പ്രഫുൽ കേദാർ പട്ടേൽ.
2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഹിമാത് നഗർ നിയോജകമണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ വിജയിച്ചാണ് പ്രഫുൽ കേദാർ പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
2010 ഓഗസ്റ്റ്ൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസിൽ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷാ ജയിലിൽ ആയപ്പോൾ, ആ കസേരയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതിഷ്ഠിച്ചത് പ്രഫുൽ പട്ടേലിനെ ആയിരുന്നു. ( പ്രഫുൽ പട്ടേലിന്റെ പിതാവും സജീവ ആർഎസ്എസ് നേതാവായിരുന്ന ഖോദഭായ് രഞ്ചോദ് ഭായ് പട്ടേലുമായുള്ള മോഡിയുടെ അടുത്ത ബന്ധമാണ് ഈ സ്ഥാനലബ്ധിക്ക് സഹായകരമായത്.)
2012 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടേൽ തോറ്റെങ്കിലും മോഡി കൈവിട്ടില്ല. 2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം 2016 ൽ മോഡി പട്ടേലിനെ ഡാമൻ ഡിയുവിന്റെയും ദാദ്ര നഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര് ശര്മ മരിച്ചതിനെതുടർന്ന് 2020 ഡിസംബര് 5 ന് പ്രഫുല് കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല കൂടി മോഡി നൽകി .
ഓർക്കുക, ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രീയമായി നിയമിക്കപ്പെട്ട ആദ്യത്തെ ഭരണാധികാരിയായിരുന്നു പ്രഫുൽ പട്ടേൽ. ഇത്തരം പദവികൾ മുമ്പ് വഹിച്ചിരുന്നത് ഐ എ എസ് കാരായിരുന്നു.
2)
മോഹൻ ദെൽകർ.
1989 മുതൽ ദാദ്ര-നാഗർ ഹവേലി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എംപി ആയിരുന്നു മോഹൻ ദെൽകർ. ആദിവാസികൾക്കിടയിൽ ഇദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു.
ദാദ്ര നഗര് ഹവേലിയിലെ കോണ്ഗ്രസ് പ്രസിഡന്റായിരുന്ന ദേല്കര് കോണ്ഗ്രസില്നിന്ന് രാജിവച്ച് 2019ലെ തെരഞ്ഞെടുപ്പില് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ വര്ഷം ദാദ്ര നഗര് ഹവേലിയിലെ തദ്ദേശ തെരഞ്ഞെടുപ്പില് ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.
2016 ൽ മോഡി, പ്രഫുൽ കെ പട്ടേലിനെ ഡാമൻ ഡിയുവിന്റെയും ദാദ്ര നഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് മുതൽ മോഹൻ ദെൽകറുടെ പ്രശ്നങ്ങൾ ആരംഭിച്ചു . ഭീകരമായ വകുപ്പുകൾ ചേർത്തുള്ള കള്ളക്കേസുകൾ, അനുയായികളെ ജോലിയിൽ നിന്ന് പിരിച്ച് വിടൽ, കോളേജുകൾ അടച്ചുപൂട്ടൽ തുടങ്ങി കടുത്ത വേട്ടയാടലും സമ്മർദ്ദവും.
പല പ്രാവശ്യം മോഹൻ ദെൽകർ ലോക്സഭയിൽ ഈ വിഷയം ഉയർത്തി. പ്രധാനമന്ത്രി മോഡിക്കും ആഭ്യന്തര മന്ത്രി അമിട്ട് ഷാ ക്കും പരാതി കൊടുത്തു. ഒരു പുല്ലും സംഭവിച്ചില്ല.
ഒടുവിൽ കഴിഞ്ഞ ഫെബ്രുവരി 22 ന് മോഹൻ ദെൽകർ ആത്മഹത്യ ചെയ്തു. സൗത്ത് മുംബൈയിലെ ഹോട്ടല് സീ ഗ്രീന് മറൈന് ഡ്രൈവിലാണ് ഇത് നടന്നത്. 15 പേജുള്ള അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിലെ ആദ്യ പേരുകാരൻ പ്രഫുൽ പട്ടേലാണ്.
ആത്മഹത്യക്ക് 10 ദിവസം മുൻപ് ലോക്സഭ പ്രിവിലേജ് കമ്മിറ്റിക്ക് മുൻപിൽ ഹാജറായി തനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞ് മടങ്ങിയാണ് മോഹൻ ദെൽകർ ആത്മാഹുതി ചെയ്തത്.
പതിറ്റാണ്ടുകൾ ലോക്സഭ മെമ്പറായ ഒരാൾ പോലും ഈ നെറികെട്ട ഭരണകൂട ഭീകരതയുടെ മുൻപിൽ നിസ്സഹായനായിരുന്നു എന്നറിയുമ്പോൾ തന്നെ അവിടത്തെ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
3)
ബിനോദ് കുമാർ ചൗധരി.
നേപ്പാളിലെ ശതകോടീശ്വരനായ ബിസിനസുകാരൻ. ചൗധരി ഗ്രൂപ്പ് (സിജി) ചെയർമാനും പ്രസിഡന്റുമായ ഇദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്.
2013 ഫെബ്രുവരിയിൽ ഫോബ്‌സ് മാഗസിൻ നേപ്പാളിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അംഗീകരിച്ച ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1.7 ബില്യൺ ഡോളറാണ്.
ബിനോദ് കുമാർ ചൗധരിയുടെ പ്രധാന മേഖല എന്നത് ടൂറിസം വികസിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ചുളു വിലക്ക് കൈക്കലാക്കി ആഡംബര താമസ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്.
2019 നവംബറിൽ ഇന്ത്യയിലെ ഡാമനിൽ പ്രഫുൽ കേദാർ പട്ടേൽ നേതൃത്വം നൽകുന്ന പ്രാദേശിക ഭരണകൂടം കോടികൾ വില വരുന്ന ബീച്ച് ഫ്രണ്ടേജ് ഉള്ള ഭൂമി കണ്ടുകെട്ടുന്നു. അവിടെ വർഷങ്ങളായി താമസിച്ചിരുന്ന പ്രാദേശിക തദ്ദേശീയ മത്സ്യബന്ധന സമൂഹത്തിലെ ആളുകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നു.
ഇതിനെതിരെ ഡാമനിലെ തദ്ദേശീയർ ശക്തമായി പ്രതിഷേധിച്ചു. ഇതിനെ പ്രഫുൽ കേദാർ പട്ടേൽ ഉരുക്ക് മുഷ്ടി ഉപയോഗിച്ചാണ് നേരിട്ടത്. 70 പ്രതിഷേധക്കാരെ താൽക്കാലിക ജയിലുകളിൽ തടങ്കലിൽ പാർപ്പിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവിടെ താമസിച്ചിരുന്ന ആദിവാസികളായ മീൻപിടിത്തക്കാർ തെരുവിൽ, തങ്ങളുടെ തകർക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങൾക്കരികിൽ നിരാലംബരായി നിസ്സഹായരായി ഭവനരഹിതരായി തകർന്ന് നിൽക്കുന്ന കാഴ്ച കരൾ അലിയിക്കുന്നതായിരുന്നു.
ഇതിനിടെ ഇതിനൊക്കെ തടസ്സമായി നിന്ന,1989 മുതൽ ദാദ്ര-നാഗർ ഹവേലി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എംപി ആയിരുന്ന, ആദിവാസികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിയുന്ന മോഹൻ ദെൽകറിനെ പ്രഫുൽ കേദാർ പട്ടേൽ നേതൃത്വം നൽകിയ അഡ്മിനിസ്ട്രേഷൻ നിരന്തരം പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചു.
ഇനി ഈ സ്ഥലങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയണ്ടേ?
ഈ സൈറ്റ്കൾ ഇപ്പോൾ ബിനോദ് കുമാർ ചൗധരിയുടെ ചൗധരി ഗ്രൂപ്പിന്റെ അധീനതയിലുള്ള "ദി ഫേൺ സീസൈഡ്" എന്ന ആഡംബര കൂടാര റിസോർട്ടാണ്. ഒരു കൂടാരത്തിൽ ഒരു രാത്രിക്ക് 80 ഡോളർ അല്ലെങ്കിൽ 57 പൗണ്ട് അല്ലെങ്കിൽ 6000 ഇന്ത്യൻ രൂപയ്ക്ക് വിനോദസഞ്ചാരികൾക്ക് താമസ സൗകര്യം നൽകുന്നു.
ജയ്‌വിളികൾക്കും കയ്യടികൾക്കും ഇടയിൽ ജനാധിപത്യവും ഭരണഘടനയുമൊക്കെ നെരിഞ്ഞമരുന്ന കാഴ്ചയാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്.
ഇനിയും കാര്യങ്ങൾ പിടികിട്ടാത്തത് ഇവിടത്തെ വിഡ്ഢികളായ ബിജെപിയിതര രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കുമാണ്.
അവർ ഒന്നൊന്നായി പിടിച്ചടക്കുകയാണ്.
ആദ്യം കാശ്മീർ. തീവ്രവാദത്തിന്റെ പേരും പറഞ്ഞ് കാശ്മീരിന്റെ പ്രത്യേക ഭരണഘടന വ്യവസ്ഥ, 370 ഏടുത്തു കളഞ്ഞ് ജമ്മുവും കശ്മീരും ലഡാക്കുമായി മാറ്റി. അതോടെ പ്രകൃതി രമണീയമായ കാശ്മീരിൽ മറ്റ് സംസ്ഥാനക്കാർക്ക് സ്ഥലം വാങ്ങാൻ പറ്റില്ല എന്നത് മാറി കിട്ടി. അവിടെ റിയൽ എസ്റ്റേറ്റ് കച്ചവടവും റിസോർട് ടൂറിസവും വൻ കിടക്കാർ കയ്യടക്കി.
അടുത്തതായിരുന്നു ഡാമൻ ഡിയു ദാദ്ര നഗർ ഹവേലി . അത് ഏതാണ്ട് തീരുമാനം ആക്കി.
ഇപ്പോൾ ലക്ഷദീപ്...
ഇനി അടുത്തത്?