വിലക്കയറ്റം പിടിച്ചുനിർത്താൻ എല്ലാ അടവും പയറ്റാൻ കേന്ദ്രം ; 2 ട്രില്യൺ രൂപ വിപണിയിലിറക്കും, ഇന്ധനനികുതി വീണ്ടും കുറച്ചേക്കും
ന്യൂഡൽഹി
വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ 2 ട്രില്യൺ രൂപ (26 ബില്യൻ ഡോളർ) അധികമായി ചെലവഴിക്കാൻ കേന്ദ്രസർക്കാർ നീക്കം. 2022-23 സാമ്പത്തികവർഷത്തിലാണ് ഇത് ചെലവഴിക്കുക. ദീർഘകാലത്തെ റെക്കോർഡ് പണപ്പെരുപ്പമാണ് രാജ്യത്തുള്ളത്. ഇതിനെ നേരിടാനാണ് കൂടുതൽ പണം വിപണിയിലിറക്കുന്നതെന്ന് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എക്‌സൈസ് തീരുവ കുറച്ചതുമൂലം നികുതിയിനത്തിൽ കേന്ദ്രത്തിന് ഒരു ട്രില്യൺ രൂപയുടെ വരുമാനക്കുറവുണ്ടാകും. കഴിഞ്ഞ ഏപ്രിലിൽ എട്ടുവർഷത്തെ എക്കാലത്തെയും റെക്കോർഡിലാണ് ചില്ലറ വിപണിയിലെ വിലക്കയറ്റം. പണപ്പെരുപ്പം 17 വർഷത്തെ ഉയർന്നതോതിലാണ്. ഈ വർഷം തന്നെ വീണ്ടും സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളതിനാൽ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തലവേദനയാണ്. ഉക്രൈൻ പ്രതിസന്ധി കൂടി രാജ്യത്തെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വളത്തിന് സബ്‌സിഡി നൽകുന്നതിൽ 500 ബില്യൺ രൂപകൂടി നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിലെ തീരുമാനപ്രകാരം 2.15 ട്രില്യൺ രൂപയാണ് ഈയിനത്തിൽ ചെലവഴിക്കാൻ തീരുമാനിച്ചത്. ഒരു തവണകൂടി ഇന്ധന നികുതി കുറയ്ക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."