ഗസ്സയിലെ ഫലസ്തീനി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്‌സ്ആപ്പ്
ജറൂസലം: വെടിനിര്‍ത്തലിന് ശേഷവും ഫലസ്തീനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സാമൂഹ്യമാധ്യമ ഭീമന്മാര്‍ തുടരുന്നു.
ഗസ മുനമ്പിലെ നിരവധി ഫലസ്തീനി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ ബ്ലോക് ചെയ്തിരിക്കുകയാണ്.
ഗസയിലെ 17 മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്താ ഏജന്‍സി എ.പി റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയിലെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു.
ഗസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്‌റാഈല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമസ്ഥാപനങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്‌റാഈല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സംഘര്‍ഷത്തിനിടെ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. ഇസ്‌റാഈലി സേന ഫലസ്തീനികളെ നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കുന്നതിന്റെയും വീടുകള്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് തടയാനായിരുന്നു ഇത്. ഫേസ്ബുക്കിന്റെ സയണിസ്റ്റ് പ്രീണനത്തിനെതിരേ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."