സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയേണ്ടിവരും: സതീശന്‍
തിരുവനന്തപുരം: നിയമസഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം.ബി രാജേഷിന്റെ നിലപാടിലുള്ള അതൃപ്തി ഇന്നലെ സഭയില്‍ പ്രതിപക്ഷം മറച്ചുവച്ചില്ല. സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അഭിനന്ദന പ്രസംഗത്തില്‍ തന്നെ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നും അത്തരമൊരു പ്രസ്താവനയുണ്ടായിട്ടില്ല. സ്പീക്കര്‍ സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും പ്രതിപക്ഷത്തിനു മറുപടി പറയേണ്ടിവരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും. സഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെയ്ക്കാന്‍ പ്രതിപക്ഷത്തിനു കഴിയില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. അതുകൊണ്ട് അതൊഴിവാക്കണം. പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നെന്നും സതീശന്‍ പരഞ്ഞു.
എന്നാല്‍ രാഷ്ട്രീയം സഭയ്ക്ക് പുറത്തു പറയുമെന്ന് പറഞ്ഞതിനെക്കുറിച്ച് രാജേഷ് മറുപടി പ്രസംഗത്തില്‍ വിശദീകരിച്ചു. സഭയ്ക്കു പുറത്ത് കക്ഷിരാഷ്ട്രീയം സംസാരിക്കില്ലെന്നും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ലെന്നും സഭയ്ക്കു പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു രാജേഷിന്റെ വിശദീകരണം.
സ്പീക്കറുടെ വിശദീകരണത്തെ ഡെസ്‌കിലടിച്ചാണ് ഭരണകക്ഷിയംഗങ്ങള്‍ സ്വാഗതം ചെയ്തത്. പ്രതിപക്ഷ നേതാവും ഡെസ്‌കിലടിച്ച് രാജേഷിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."