ആ പട്ടികയില്‍ ഇന്ത്യയുണ്ടാവരുത്
പത്രാധിപര്‍ ഇല്ലാത്ത മാധ്യമങ്ങള്‍ എന്നാണ് സമൂഹമാധ്യമങ്ങള്‍ക്കുള്ള ഏറ്റവും അനുയോജ്യമായ വിശേഷണം. ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള നവസമൂഹമാധ്യമങ്ങള്‍ അച്ചടി, ശ്രാവ്യ, ദൃശ്യമാധ്യമങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതും ഈ വിശേഷണങ്ങള്‍കൊണ്ടാണ്. മുഖ്യാധാരാമാധ്യമങ്ങളിലെ ഓരോ വാക്കുകളും വിവിധതട്ടിലുള്ള എഡിറ്റര്‍മാരെന്ന അരിപ്പകളിലൂടെ കടന്നുപോയാണ് വായനക്കാരിലെത്തുക. അതുകൊണ്ടുതന്നെ മുഖ്യധാരാമാധ്യമങ്ങളിലെ ഉള്ളടക്കം ഉടമസ്ഥരുടെ നയത്തിനും താല്‍പ്പര്യത്തിനുമനുസരിച്ച് രൂപമാറ്റം വരുത്തിയിരിക്കും. എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള നവസമൂഹമാധ്യമങ്ങളിലെ സംവിധാനം അത്തരത്തിലല്ല. നിലവില്‍ ഇന്ത്യയില്‍ 29 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഉള്ളത്. നയരൂപീകരണങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന ട്വിറ്ററില്‍ ഇന്ത്യക്കാര്‍ വളരെ പിന്നിലാണ്. 1.7 കോടി ഉപയോക്താക്കളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്. മുഖ്യാധാരാ മാധ്യമങ്ങളെ അപേക്ഷിച്ച് ഓരോ ഉപയോക്താവിനും തനിക്ക് ലോകത്തോട് വിളിച്ചുപറയാനുള്ളത് തനതുഭാഷയില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവയ്ക്കാന്‍ കഴിയും. ഒരു എഡിറ്ററും കൈവയ്ക്കാനുണ്ടാവില്ല. ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കു നേരേയുള്ള വിദ്വേഷം, ആക്രമണങ്ങള്‍ക്കുള്ള ആഹ്വാനം, വ്യക്തിഹത്യ ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ സംവിധാനമുണ്ട്.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറെക്കുറെ നിലവില്‍ കേന്ദ്രസര്‍ക്കാരിന്, പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്ക് കീഴൊതുങ്ങിയ സാഹചര്യത്തിലാണ് രാജ്യത്ത് നവസമൂഹമാധ്യമങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത്. സമൂഹമാധ്യമങ്ങളുടെ തുടക്കത്തിലെ വളര്‍ച്ച തങ്ങള്‍ക്ക് അനുകൂലമാക്കിയാണ് 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാലിപ്പോള്‍ ഈ മാധ്യമങ്ങള്‍ അതിന്റെ വളര്‍ച്ചയുടെ ഉത്തുംഗതിയിലെത്തിനില്‍ക്കെ, പൗരന്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായും നിര്‍ഭയമായും പങ്കുവയ്ക്കാനുള്ള അവസരത്തിന് കേന്ദ്രസര്‍ക്കാര്‍ തുരങ്കംവയ്ക്കുകയാണ്. ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനും ഉള്ളടക്കം നിരീക്ഷിക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ക്കുള്ളില്‍ തന്നെ നിലവില്‍ സംവിധാനമുണ്ടായിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഇന്ത്യയിലെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്.
സമീപകാലത്തെ രീതി പരിശോധിച്ചാല്‍ വ്യക്തമാവുന്നത്, ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള ഒരു കനപ്പെട്ട വാര്‍ത്തയോ അവലോകനമോ ദേശീയമാധ്യമങ്ങളില്‍ വന്നിട്ടില്ലെന്നാണ്. ഇതിന് അപവാദമാണ് സമൂഹമാധ്യമങ്ങളും ബദല്‍ വാര്‍ത്താപോര്‍ട്ടലുകളും. പൗരന്‍മാര്‍ കേന്ദ്രസര്‍ക്കാരിനും അവരുടെ നയത്തിനുമെതിരേ നിര്‍ഭയം അഭിപ്രായങ്ങള്‍ ഇതുവഴി പങ്കുവച്ചു. സാധാരണക്കാര്‍ സര്‍ക്കാരിനെ ഓഡിറ്റ് ചെയ്യാന്‍ തുടങ്ങി. നരേന്ദ്രമോദി സര്‍ക്കാരിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കര്‍ഷകസമരത്തിന് വലിയ പിന്തുണ ലഭിച്ചത് സമൂഹമാധ്യമങ്ങളില്‍ നിന്നാണ്. ഇത്തരം ഇടപെടലുകള്‍ വഴി രാജ്യാന്തരശ്രദ്ധയും സമരത്തിനു ലഭിച്ചു. അതിനിടെയുണ്ടായ കൊവിഡ് മഹാമാരി മോദിസര്‍ക്കാര്‍ നേരിട്ട രീതി ഈ മാധ്യമങ്ങള്‍ മുഖേനയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ ഓക്‌സിജനും മരുന്നിനും വേണ്ടി മുറവിളികൂട്ടുന്ന ദൃശ്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളിലൂടെ വാര്‍ത്തയായിവന്നു.
ഇന്ത്യന്‍ മാധ്യമങ്ങളെക്കാള്‍ രാജ്യത്തെ കൊവിഡ് വിഷയം കാര്യപ്രസക്തമായി റിപ്പോര്‍ട്ടുചെയ്തത് വിദേശമാധ്യമങ്ങളാണെന്ന നിരീക്ഷണം ശരിവയ്ക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തി. ഏതാണ്ടെല്ലാ വിദേശമാധ്യമങ്ങളും മോദിസര്‍ക്കാരിനെ കൊവിഡിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മോദി സര്‍ക്കാരിനെയും സംഘ്പരിവാരിനെയും നിരന്തരം ഓഡിറ്റ് ചെയ്യുന്ന രീതി തുടര്‍ന്നതോടെയാണ് കേന്ദ്രം അവയ്‌ക്കെതിരേ തിരിഞ്ഞത്.
ഏറ്റവും ഒടുവിലായി ട്വിറ്ററിന്റെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഓഫിസുകളില്‍ ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്‍ കയറിയിറങ്ങി. കോണ്‍ഗ്രസ് ചെയ്തിട്ടില്ലാത്ത ടൂള്‍കിറ്റ് കൃത്രിമമായി ഉണ്ടാക്കി കോണ്‍ഗ്രസിന്റെ പേരില്‍ പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ മേധാവി സംബിത് പാത്രയുടെ ട്വീറ്റിന് താഴെ 'ഇത് കൃത്രിമമായി ഉണ്ടാക്കിയതാണ്' എന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയതാണ് പൊലിസിനെ ഇങ്ങനെ ചെയ്യിപ്പിച്ചത്. കര്‍ഷകസമരം തുടങ്ങിയപ്പോഴും സമൂഹമാധ്യമങ്ങളോട് ഏറ്റുമുട്ടലിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസമരങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത കണ്ടാണ് സമൂഹമാധ്യമങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന് കേന്ദ്രം ആലോചിച്ചുറപ്പിക്കുന്നതും 'ദി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്, 2021' ചട്ടം തയാറാക്കിയതും.
ഇതുപ്രകാരം സമൂഹമാധ്യമങ്ങള്‍ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരെ നിയമിക്കണം. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നതുള്‍പ്പെടെയുള്ള നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഇതു നടപ്പാക്കി ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ട സമയപരിധി ചൊവ്വാഴ്ച അവസാനിച്ചെങ്കിലും അതു നീട്ടിത്തരണമെന്നും ഇന്ത്യയിലെ നിയമം പാലിക്കാന്‍ തയാറാണെന്നും ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഉടന്‍ നിരോധനം ഉണ്ടായേക്കില്ലെന്ന് വ്യക്തമാണ്. എങ്കിലും സമൂഹമാധ്യമങ്ങള്‍ വരുംദിവസങ്ങളിലും കേന്ദ്രത്തില്‍ നിന്നുള്ള നിരന്തരസമ്മര്‍ദങ്ങള്‍ക്ക് വിധേയമാവുമെന്ന് ഉറപ്പാണ്. 'വിമര്‍ശനം ഉയരാത്ത ഒരുസമൂഹമാധ്യമലോകം' ആണ് കേന്ദ്രത്തിന്റെ സ്വപ്നമെന്നത് അവരുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഭരണകൂടവിമര്‍ശനം ഭയന്ന് ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ വിവിധ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനമുണ്ട്. ഈ രാജ്യങ്ങളൊക്കെയും ഏകാധിപത്യത്തിനും പരിമിതജനാധിപത്യത്തിനും പേരുകേട്ടവയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പേര് ആ പട്ടികയില്‍ ഇടംപിടിക്കുന്നത് ഇന്ത്യക്ക് മാത്രമല്ല, ജനാധിപത്യസംവിധാനത്തിനുതന്നെ അപമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."