ഓടുന്ന ട്രെയിനില്‍ തീയിട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് : ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തിവിട്ട് പൊലിസ്. കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്.
പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതില്‍ നിന്ന് മുഖം വ്യക്തമായിരുന്നില്ല.എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തി റോഡരികില്‍ കാത്തുനില്‍ക്കുന്നതും ഫോണ്‍ചെയ്യുന്നതും പിന്നീട് ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗും കണ്ടെത്തി. ബാഗില്‍ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച ബുക്കില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്.
ഇന്നലെ രാത്രി 9.30ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍ അക്രമി യാത്രക്കാരുടെ നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാര്‍ട്ട്‌മെന്റിലാണ് അക്രമം നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. ഇതോടെ അക്രമി ട്രെയിനില്‍ നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."