യാത്രാരേഖകള്‍ കോടതിയില്‍ ഹാജരാക്കി വിജയ്ബാബു തിങ്കളാഴ്ചയെത്തുമെന്ന് അഭിഭാഷകന്
കൊച്ചി
യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു അടുത്ത തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. ദുബൈയില്‍നിന്നും കൊച്ചിയിലേക്കുള്ള മടക്കയാത്ര രേഖകളും കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹരജിക്കാരന് കേരളത്തിലെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതി നിലപാടെടുത്തിരുന്നു. അതിന് സമ്മതമാണെന്നും യാത്രാടിക്കറ്റ് കോടതിയില്‍ അടുത്ത ദിവസം ഹാജരാകാമെന്നും അഭിഭാഷകന് അന്ന് കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ഇന്നലെ മടക്കയാത്രാ രേഖകള്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് മുന്‍പാകെ അഭിഭാഷകന് ഹാജരാക്കിയത്.
ഈ മാസം 30നാണ് ദുബൈയില്‍നിന്നും കൊച്ചിയിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്ച തന്നെ കൊച്ചിയിലെത്തുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജയ് ബാബു മടങ്ങിയെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസടക്കമുള്ള നടപടികളിലേക്ക് പൊലിസ് കടക്കാനൊരുങ്ങവേയാണ് അഭിഭാഷകന് ഹൈക്കോടതിയില്‍ യാത്രാ രേഖകള്‍ ഹാജരാക്കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹരജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയെന്നും ഹരജിക്കാരന് ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരേ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."