എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: റെയില്‍വേ പൊലിസ് യു.പിയില്‍; നോയിഡയില്‍ നിന്നും ഗാസിയാബാദില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും
കോഴിക്കോട്: എലത്തൂര്‍ തീവണ്ടിയില്‍ തീയിട്ട കേസില്‍ പ്രതിയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ തേടി റെയില്‍വേ പൊലിസ് ഉത്തര്‍പ്രദേശില്‍. നോയിഡയില്‍ നിന്നും ഗാസിയാബാദില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതി യു.പി. സ്വദേശിയെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. റെയില്‍വേ പൊലിസിന്റെ രണ്ടുപേരടങ്ങുന്ന സംഘമാണ് നോയിഡയിലേക്ക് പോയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഘം യു.പിയിലേക്ക് തിരിച്ചത്. കേരള പൊലിസും ഉടന്‍ യാത്രതിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതിനിടെ കേസില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍.ഐ.എ. സംഘവും അന്വേഷണം നടത്തും. ഇപ്പോള്‍ അന്വേഷണ സംഘം കണ്ണൂരില്‍ സംഭവം നടന്ന ബോഗിയില്‍ പരിശോധന നടത്തുകയാണ്.
പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വിവരമുണ്ടായിരുന്നു. ഇയാള്‍ നോയിഡ സ്വദേശിയാണ്. ഡല്‍ഹി പബ്ലിക്ക് സ്കൂളില്‍ ഇയാള്‍ പഠിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ നല്‍കിയിരുന്നില്ല. എലത്തൂര്‍ തീവണ്ടി ആക്രമണവുമായി ബന്ധപ്പെട്ട് ആന്റി ടെററിസം സ്ക്വാഡി(എ.ടി.എസ്)ന്റെ കസ്റ്റഡിയില്‍ ആരും ഇല്ലെന്ന് ഐ.ജി പി വിജയന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അന്വേഷണത്തിന് 18 അംഗ സംഘത്തെ നിയോഗിച്ചതായി കഴിഞ്ഞ ദിവസം ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിരുന്നു. എഡിജിപി അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അക്രമി തീ വെച്ചത് സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതിനുശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലിസ്. കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."