ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളിൽ സഊദിയിലെ 29 ആശുപത്രികൾ ഇടം നേടി
റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളിൽ സഊദിയിലെ 29 ആശുപത്രിയിൽ ഇടം നേടി. ഏറ്റവും മികച്ച ആശുപത്രികൾക്കായി അമേരിക്കൻ മാഗസിൻ (ന്യൂസ്‌വീക്ക്) പുറത്തിറക്കിയ ഈ വർഷത്തെ പട്ടികയിലാണ് സഊദി അറേബ്യ നേട്ടം കൊയ്തത്. രാജ്യത്താകമാനമുള്ള സ്വകാര്യ, ഗവണ്മെന്റ് സെക്റ്ററിലെ ഇരുപത്തിയൊമ്പത് ആശുപത്രികളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
സഊദി അറേബ്യ ആദ്യമായാണ് പട്ടികയിൽ ഇടം നേടുന്നത്. യു എ ഇ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 33 ആശുപത്രികളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 27 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 2,200 ആശുപത്രികൾ ആണ് ഉൾപ്പെട്ടിട്ടുള്ളത്.
അമേരിക്ക, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, സ്പെയിൻ, ബ്രസീൽ, കാനഡ, ഇന്ത്യ, ഓസ്ട്രേലിയ, മെക്സിക്കോ, നെതർലാൻഡ്സ്, ഓസ്ട്രിയ, തായ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബെൽജിയം, ഫിൻലാൻഡ് , നോർവേ, ഡെൻമാർക്ക്, സിംഗപ്പൂർ എന്നിവയാണ് വാർഷിക പട്ടികയിൽ ഉൾപ്പെടുന്ന മറ്റു പ്രമുഖ രാജ്യങ്ങൾ.
80,000-ലധികം ആരോഗ്യ മേഖല വിദഗ്ധരുടെ അഭിപ്രായത്തോടൊപ്പം രോഗികളുടെ അഭിപ്രായങ്ങളിൽ നിന്നുള്ള പൊതുവായി ലഭ്യമായ ഡാറ്റയും ഉപയോഗിച്ചിട്ടുണ്ട്.
റിയാദിലെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി, റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റി, റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി, ജിദ്ദയിലെ ഡോ: സുലൈമാൻ ഫക്കീഹ് ഹോസ്പിറ്റൽ, ജിദ്ദയിലെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, റിയാദിലെ പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി, ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ (IMC), ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി എന്നിവയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സഊദിയിലെ മികച്ച 10 ആശുപത്രികൾ.
പൊതുമേഖലയിലെ പതിനാറ് ആശുപത്രികളും സ്വകാര്യ മേഖലയിലെ എട്ട് ആശുപത്രികളും സൈനിക മേഖലയിലെ അഞ്ച് ആശുപത്രികളുമാണ് മികച്ച ആശുപത്രികളിൽ ഉൾപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."