'എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല'; മകള്‍ ആശയെ തള്ളി എം.എം ലോറന്‍സ്
കൊച്ചി: മകള്‍ ആശ ലോറന്‍സിന്റെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. തന്റെ മറ്റ് മക്കളെയും പരിചരിക്കാന്‍ തയ്യാറായ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും ആശ നിരന്തരം ആക്ഷേപിക്കുകയാണെന്നും തന്റെ നല്ലതിന് വേണ്ടി ഈ മകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പിതാവായ എം.എം. ലോറന്‍സിനെ പരിചരിക്കാന്‍ പാര്‍ട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആശ നേരത്തെ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് എം.എം ലോറന്‍സ് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓക്‌സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4 മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി എന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, 'മകള്‍' എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ
ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.
എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം ഇപ്പോള്‍ നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."