വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു
ന്യുഡല്‍ഹി: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. കാറുകളുടേയും ഇരുചക്ര വാഹനങ്ങളുടേയും മറ്റു വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ മാറ്റങ്ങള്‍ ജൂണ്‍ 1 മുതല്‍ നിലവില്‍ വരും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15% ഇളവും വിന്റേജ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകളുടെ പ്രീമിയത്തില്‍ 50% ഇളവും ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവും ലഭിക്കും.
ഉയര്‍ത്തിയ നിരക്കുകള്‍:
1000 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള കാറുകളുടെ പ്രീമിയം 2072 രൂപയില്‍ നിന്ന് 2094 രൂപയാക്കി. 1500 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള കാറുകളുടെ പ്രീമിയം 3221 രൂപയില്‍ നിന്ന് 3416 രൂപയായി വര്‍ധിപ്പിച്ചു. 1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ പ്രീമിയം 7890 രൂപയില്‍ നിന്ന് 7897 രൂപയാക്കി.
ഇരുചക്രവാഹനങ്ങളുടെ പ്രീമിയം:
75 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 538 രൂപ, 75 മുതല്‍ 150 സിസി വരെ 714 രൂപ, 150 മുതല്‍ 350 സിസി വരെയുള്ള ടൂ വീലറുകളുടെ നിരക്ക് 1366 രൂപയാക്കി മാറ്റി. 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ നിരക്ക് 2804 രൂപയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."