സഊദി, ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ ചരിത്ര കൂടിക്കാഴ്ച നാളെ ചൈനയിൽ
റിയാദ്: സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാനും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ച്ചക്ക് നാളെ ചൈന സാക്ഷിയാകും. രണ്ട് ചേരിയിലായി പരസ്‌പരം കൊമ്പ് കോർത്തിരുന്ന ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുക്കം യാഥാർഥ്യമാക്കിയാണ് കൂടിക്കാഴ്ചയ്ക്ക് ചൈനയിലെ ബീജിംഗ് സാക്ഷിയാകുന്നത്. മാർച്ച് 10 ന് ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിൽ ഒപ്പുവെച്ചതിന് ശേഷം നടന്ന ചർച്ചയുടെ ഭാഗമായാണ് ചൈനയിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ഒരുമിച്ച് കാണുന്നത്.
ഉഭയകക്ഷി, നയതന്ത്രബന്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ ഇരു നേതാക്കളുടെയും ഫോൺ സംഭാഷണത്തിൽ ചർച്ചയായി. ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടുത്ത നടപടികൾ, ഇരു രാജ്യങ്ങളിലും നയതന്ത്ര കാര്യാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നേരത്തെ ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച മുൻ കരാറുകൾ വീണ്ടും നടപ്പിലാക്കൽ എന്നിവയായിരുന്നു ഇരുവരുടെയും ടെലഫോൺ ചർച്ചാ വിഷയങ്ങളെന്നു സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഉഭയകക്ഷി നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനുള്ള നാഴികക്കല്ലായ കരാറിന്റെ ഉള്ളടക്കം നടപ്പിലാക്കുക, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അംബാസഡർമാരെ പരസ്‌പരം കൈമാറുക എന്നിവയാണ് നാളെ ബീജിങ്ങിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. കരാറിലെത്തുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലും ചൈനയുടെ ക്രിയാത്മകമായ പങ്കിന്റെ ഭാഗമായാണ് സഊദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദിയായി ബീജിംഗ് തിരഞ്ഞെടുത്തത്. 60 ദിവസത്തിനകം കരാർ നടപ്പാക്കുമെന്ന് ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചക്ക് പിന്നാലെ സഊദി അറേബ്യയും ഇറാനും മാർച്ച് 10 ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ബാഗ്ദാദിലും മസ്‌കറ്റിലും നടന്ന നിരവധി ചർച്ചകൾക്ക് ശേഷമാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്.
ചർച്ചയിൽ സഊദി പ്രതിനിധി സംഘത്തെ സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ ഐബാനും ഇറാൻ പ്രതിനിധി സംഘത്തെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ അഡ്മിറൽ അലി ഷംഖാനിയുമാണ് നയിച്ചിരുന്നത്.
2016 ജനുവരിയിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ സഊദി എംബസിക്കും മഷ്ഹദിലെ സഊദി കോൺസുലേറ്റിനും നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് സഊദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടത്. സഊദി എംബസിയിൽ നിന്ന് വസ്‌തുക്കൾ കൊള്ളയടിക്കുകയും ചെയ്‌തത് അന്തരാഷ്ട്ര തലങ്ങളിൽ തന്നെ ഏറെ ചർച്ചയായിരുന്നു. സംഭവത്തിനു പിന്നാലെ ഇറാൻ നയതന്ത്രജ്ഞരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സഊദി അറേബ്യ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."