'പ്ലാസ്റ്റിക് കൊടുക്കൂ, സ്വര്‍ണനാണയം സമ്മാനം'; സുവര്‍ണാവസരവുമായി ഈ പഞ്ചായത്ത്
ശ്രീനഗര്‍: പരിസ്ഥിതി സംരക്ഷണത്തിന് പൊന്നുംവിലയിട്ടിരിക്കുകയാണ് ഇന്ത്യയിലെ ഒരു പഞ്ചായത്ത്. വ്യത്യസ്തമായ ഒരു ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ് കശ്മിരിലെ അനന്ത്‌നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്ത്. 'പ്ലാസ്റ്റിക് കൊടുക്കൂ, സ്വര്‍ണം എടുക്കൂ' എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
പേര് പോലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനം നല്‍കുന്ന പദ്ധതിയാണിത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി 20 ക്വിന്റലില്‍ അധികം പ്ലാസ്റ്റിക് നല്‍കുന്നവര്‍ക്ക് പഞ്ചായത്ത് സ്വര്‍ണ നാണയം നല്‍കുന്നതാണ്. റോഡുകളിലും തെരുവുകളിലും പ്ലാസ്റ്റിക് കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.
അഭിഭാഷകനും സദിവാരയിലെ സര്‍പഞ്ചുമായ ഫാറൂഖ് അഹമ്മദ് ഗനായ് ആണ് ഈ പദ്ധതിക്ക് പ്രചോദനമായത്. ക്യാംപെയിന്‍ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ഗ്രാമം മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു.
റോഡരികിലും തെരുവുകളിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിന് പകരം ജനങ്ങള്‍ പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്ക് കൈമാറാന്‍ തുടങ്ങി. പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം മാലിന്യക്കൂമ്പാരങ്ങള്‍, നദികള്‍, റോഡുകല്‍ എന്നിവയില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പ്രദേശവാസികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതായും സദിവാര യൂത്ത് ക്ലബ് പ്രസിഡന്റ് ഷക്കീല്‍ വാനി പറഞ്ഞു.
പദ്ധതി വിജയിച്ചിരിക്കുന്നതിനാല്‍ കേന്ദ്ര ഭരണ പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലും പദ്ധതി ആവിശ്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."