അറസ്റ്റ് വോട്ടാക്കി മാറ്റാൻ മുന്നണികൾ
സുനി അൽഹാദി
കൊച്ചി
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ കിണഞ്ഞ് ശ്രമിച്ച് മുന്നണികൾ. അറസ്റ്റിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് അത് തങ്ങൾക്ക് അനുകൂലമാക്കിമാറ്റാനാണ് ഇടതുമുന്നണിയുടെ ശ്രമം. എന്നാൽ അറസ്റ്റ് നാടകമെന്ന് വരുത്തിത്തീർത്ത് ഇതിന് പ്രതിരോധം തീർക്കുകയാണ് യു.ഡി.എഫ്. ജോർജിനെ ന്യായീകരിച്ച് ക്രൈസ്തവ വോട്ടിൽനിന്ന് ഒരു വിഭാഗമെങ്കിലും സ്വന്തം ആക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബി.ജെ.പി.
ജോർജിൻ്റെ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇന്നലെ തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു. സമൂഹത്തിൽ വർഗീയതയ്ക്ക് വളംവയ്ക്കുന്നതാണ് ആ മാന്യൻ്റെ രീതി എന്നു പറഞ്ഞുകൊണ്ടാണ് അറസ്റ്റിനെ അനുകൂലമാക്കിമാറ്റാൻ മുഖ്യമന്ത്രി ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മറ്റ് ഇടതു നേതാക്കളും ഈ വിഷയം തന്നെയാണ് കഴിഞ്ഞദിവസം കാര്യമായി ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞദിവസം അതിജീവിതയ്ക്കെതിരേ ഇടതു നേതാക്കൾ നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കെ അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള മികച്ച അവസരവുമായി അവർക്ക് ജോർജിൻ്റെ അറസ്റ്റ്.
അറസ്റ്റിൻ്റെ ക്രെഡിറ്റ് ഇടതുമുന്നണി സ്വന്തമാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് കോൺഗ്രസ് നേതാക്കൾ പ്രതിരോധവുമായി രംഗത്തിറങ്ങിയത്. അറസ്റ്റ് നാടകമാണെന്നും ഇതുവഴി ജോർജിന് വീരപരിവേഷം ലഭിക്കുകയാണുണ്ടാകുകയെന്നുമുള്ള മറുവാദവുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും രംഗത്തെത്തി. മറ്റു യു.ഡി.എഫ് നേതാക്കളും പ്രചാരണയോഗങ്ങളിൽ സ്വീകരിച്ചത് ഇതേ നിലപാടു തന്നെ.
എന്നാൽ ജോർജിന് രക്തസാക്ഷി പരിവേഷം നൽകി ജോർജിൻ്റെ സംരക്ഷകരായി രംഗത്തിറങ്ങുകയാണ് ബി.ജെ.പി ചെയ്തത്.
ജോർജിനെ അറസ്റ്റ് ചെയ്തത് മുസ് ലിം പ്രീണനമാണെന്ന ആരോപണവുമായാണ് ബി.ജെ.പി പ്രചാരണം ശക്തമാക്കിയത്. ജോർജിനെതിരേ കേസെടുത്ത നടപടിയെ കഴിഞ്ഞദിവസം കെ.സി.ബി.സി വിമർശിച്ചതും ആയുധമാക്കുകയാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."