എഴുത്തുകാർക്കും രാഷ്ട്രീയമുണ്ട്
ജാലകം
പി.കെ പാറക്കടവ്
എന്റെ വാക്കുകള്‍ ഗോതമ്പ് ആയിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു.
എന്റെ വാക്കുകള്‍ ക്ഷോഭമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു.
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ നദിയായിരുന്നു.
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടുകള്‍ പൊതിഞ്ഞു.
-ഫലസ്തീന്‍ കവി മഹ് മൂദ് ദര്‍വീഷിന്റെ കവിതയില്‍നിന്ന്.
പ്രശസ്ത സൊമാലിയന്‍ കവി മുസ്തഫ ഷെയ്ഖ് എല്‍മി അവിടെ നടന്ന ഒരു സംഭവം വിവരിച്ചത് വായിച്ചതോര്‍ക്കുന്നു. ഒരുദിവസം കലാപകാരികള്‍ ഷെയ്ഖ് എല്‍മിയുടെ കോളനിയിലെത്തുന്നു. ഉഗ്രന്‍ സ്‌ഫോടനം. കുറച്ചുകഴിഞ്ഞ് എല്‍മിയുടെ കൊച്ചുമകള്‍ ഒരു മാംസത്തുണ്ടുമായി എത്തി ചോദിക്കുന്നു: 'അച്ഛാ, ഈ മാംസം ഏത് മൃഗത്തിന്റേതാണ്?'
എല്‍മി പറഞ്ഞു: 'മോളെ, അത് മനുഷ്യന്റെ അറ്റുപോയ കൈകളാണ്...'
ഈ സംഭവത്തിന് ഇന്നത്തെ ഇന്ത്യനവസ്ഥയിലും ഏറെ പ്രസക്തിയുണ്ട്. ഇന്നു നമ്മുടെ കൊച്ചുമക്കള്‍ നമ്മോട് ചോദിച്ചേക്കാവുന്ന ചോദ്യം. ഇത്തരമൊരു ചോദ്യം സ്വാസ്ഥ്യം കെടുത്തുന്നില്ലെന്ന് ബോധ്യമുള്ള നമ്മുടെ എഴുത്തുകാര്‍ അവരുടെ കിളിവാതിലുകള്‍ കൊട്ടിയടച്ച് പായ്യാരസാഹിത്യം രചിക്കട്ടെ- പക്ഷേ, അറ്റുപോകുന്ന കൈകള്‍ ഇത്തിരിയെങ്കിലും നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നില്ലെങ്കില്‍ നമ്മള്‍ മനുഷ്യരല്ല. കേദാര്‍നാഥ് സിങ് എന്ന ഹിന്ദി കവി പാടുന്നുണ്ട്: 'അവളുടെ കൈ എന്റെ കൈകളിലെടുത്ത് ഞാന്‍ നിനച്ചു. ലോകം ഈ കൈപോലെ ഊഷ്മളവും സുന്ദരവുമായിരിക്കണം'- മനുഷ്യപക്ഷത്തു നില്‍ക്കുന്ന ഒരെഴുത്തുകാരന്റെ പ്രത്യാശ.
ഒരു ലേഖനത്തല്‍ 1965ല്‍ എം. ഗോവിന്ദന്‍ എഴുതിയ വരികള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ആ വരികള്‍ ഇങ്ങനെയാണ്: 'എന്നോട് ഒരാള്‍ വന്നിങ്ങനെ പറയുകയാണെന്നിരിക്കട്ടെ; ഒന്നുകില്‍ താജ്മഹല്‍ തല്ലിപ്പൊളിക്കും, അല്ലെങ്കില്‍ ഈ മനുഷ്യനെ കൊല്ലും. ഇതാ അത്ഭുതവും അഴകുമായ ശില്‍പചാതുരി, ഇതാ എന്നെങ്കിലുമൊരിക്കല്‍ മരിച്ചുവീഴുന്ന മനുഷ്യന്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഒന്നുമാത്രം.
'മനുഷ്യനെ'- ഞാന്‍ അഭ്യര്‍ഥിക്കും. 'താജ്മഹല്‍ തല്ലിപ്പൊളിക്കുക-മനുഷ്യനെ വിടുക'.
മനുഷ്യന്‍ മരിക്കുമെന്നതു നേര്. അവനെന്നാലും വിശ്വകര്‍മാവാണ്. താജ്മഹല്‍ ഒരിക്കലും ഒരു മനുഷ്യനെ നിര്‍മിക്കുകയില്ല. മനുഷ്യന് താജ്മഹല്‍ കെട്ടിപ്പൊക്കുവാന്‍ ഇനിയും സാധ്യമാണ്'. (എം. ഗോവിന്ദന്‍: സമീക്ഷയുടെ തുടക്കം-1965).
അഴുക്കുപുരണ്ട മനുഷ്യന്റെ പക്ഷത്തുനിന്ന് അവന്റെ നിലനില്‍പ്പിന് ശുദ്ധസൗന്ദര്യ സങ്കല്‍പങ്ങള്‍ തകര്‍ക്കാന്‍ പറഞ്ഞ ആ വലിയ ചിന്തകന്‍ കാലമിത്രയേറെ കഴിഞ്ഞിട്ടും നമുക്കു പിന്തിരിപ്പനായത് എന്തുകൊണ്ടാണ്? ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്ന് മുദ്രാവാക്യം വിളിക്കാതെ നിരന്തരമായി നമ്മുടെ സ്വാസ്ഥ്യം കെടുത്തുംവിധം ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ടാണോ? പൂണൂലിട്ട ഡെമോക്രസിയെക്കുറിച്ചും അധികാരത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ചും പറഞ്ഞ് സ്വയം ചിന്തിച്ചാലെന്ത് എന്ന് നമ്മെ നോക്കി ചോദിക്കുന്ന എഴുത്തുകാരന്‍. ക്രിസ്ത്യാനികളുടെ ദൈവത്തെ വത്തിക്കാന്‍ സിറ്റിയുമായോ, സോഷ്യലിസത്തെ സോവിയറ്റ് യൂനിയനുമായോ താദാത്മ്യപ്പെടുത്തിക്കൂടാ എന്ന് ഇദ്ദേഹം പറഞ്ഞത് അരനൂറ്റാണ്ടു മുമ്പാണ്. അന്ന് പ്രതിജ്ഞാബദ്ധ സാഹിത്യത്തെക്കുറിച്ച് പറയുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്. ഇന്നും ആ പഴയ ചോദ്യം പുതിയ എഴുത്തുകാരന്റെ നേരെയും നീണ്ടുവരുന്നുണ്ട്. നിങ്ങള്‍ എവിടെ നില്‍ക്കുന്നു?
ഏതു പക്ഷത്ത് എന്നു ചോദിക്കുമ്പോള്‍ മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്നു എന്നു പറയുന്ന എത്ര എഴുത്തുകാര്‍ നമുക്കുണ്ട്? മതേതരത്വത്തെക്കുറിച്ചുള്ള ഒച്ചവപ്പുകള്‍ക്കിടയിലും കേരളം അതിന്റെ കണക്കെഴുതുന്നത് മതജാതി പുസ്തകങ്ങളിലാണെന്ന് 'ഇരയുടെ മാനിഫെസ്റ്റോ'യില്‍ കെ.ഇ.എന്‍ എഴുതിയതോര്‍ക്കുന്നു.
സാഹിത്യത്തിലെ മനുഷ്യപക്ഷത്തെക്കുറിച്ച് പറയുമ്പോള്‍ എഴുത്തുകാരന്റെ രാഷ്ട്രീയമെന്താണ്? തീര്‍ച്ചയായും എഴുത്തുകാരന് രാഷ്ട്രീയമുണ്ട്. ശ്വസിക്കുന്ന വായുവില്‍വരെ രാഷ്ട്രീയമുണ്ട്. അതു കേവലം കക്ഷിരാഷ്ട്രീയത്തിന്റെ കള്ളിയിലൊതുങ്ങണമെന്നില്ല. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും ഗുന്തര്‍ഗ്രാസിസും നോര്‍മന്‍ മെയിലര്‍ക്കും മഹ്മൂദ് ദര്‍വീഷിനും മറ്റും രാഷ്ട്രീയമാകാം. നമുക്കു പാടില്ലെന്നോ?
ഗാന്ധിജിയെപ്പോലും പുറത്തുനിര്‍ത്തി ചരിത്രം മാറ്റിയെഴുതി പാഠപുസ്തകങ്ങളിലൂടെ നമ്മുടെ വിദ്യാര്‍ഥികളെപ്പോലും പിഴപ്പിക്കുന്ന നെറികേടുകള്‍ക്കു നേരെ ചെറുവിരല്‍ ചൂണ്ടാന്‍പോലും ഭയപ്പെടുന്ന എഴുത്തുകാര്‍ നമുക്കുണ്ട്. നിഷ്പക്ഷത എന്ന കപടനാട്യവും നിര്‍ണായക നിമിഷങ്ങളിലെ മൗനവും വെടിഞ്ഞ് എഴുത്തുകാര്‍ മനുഷ്യപക്ഷത്തു നില്‍ക്കട്ടെ.
കഥയും കാര്യവും
സ്വര്‍ഗം പണിയാമെന്നവര്‍
എന്നിട്ടോ ഭൂമിയിലേക്ക്
നരകം കട്ടുകൊണ്ട് വരുന്നു
(രാഷ്ട്രീയം-മിന്നല്‍ക്കഥകള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."