നാട്ടിൽ നിന്ന് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് അപ്‌ഡേറ്റ് ചെയ്യാൻ പുതിയ സംവിധാനമൊരുക്കി സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: വിദേശങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമായി. ആസ്ത്രസെനിക പോലെ രണ്ടു ഡോസ് നിർബന്ധമുള്ള വാക്‌സിന് ഒരു ഡോസ് എടുത്താൽ പോലും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് സഊദി ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വിദേശങ്ങളിൽ ഉള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സംവിധാനം.
ഇതോടെ വിദേശങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് അത് സൈറ്റിൽ അപ്ലോഡ് ചെയ്‌തു തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിച്ചേക്കും. സൈറ്റിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്ത ശേഷം അത് പരിശോധന നടത്തിയ ശേഷമായിരിക്കും ആരോഗ്യ മന്ത്രാലയം അപ്രൂവൽ നൽകുക. അപ്രൂവൽ ലഭിക്കുന്നതോടെ ഇത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ഒറ്റ ഡോസ് ലഭിച്ചവർക്ക് പോലും സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്.
https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിൽ കയറിയ ശേഷമാണു രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഇഖാമ നമ്പർ, ഇഖാമ കാലാവധി, കാണിച്ചിരിക്കുന്ന പ്രതേക നമ്പർ എന്നിവ നൽകുമ്പോൾ ഇഖാമയിലെ വിവരങ്ങൾ പേജിൽ പ്രത്യക്ഷപ്പെടുകയും അതിൽ പിന്നീട് മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ എന്റർ ചെയ്തു വെരിഫൈ ചെയ്തതിന് ശേഷമാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. മൊബൈലിലോ കൊടുത്തിരിക്കുന്ന മെയിലിലോ വെരിഫിക്കേഷൻ നമ്പർ ലഭിക്കും.
തുടർന്ന് വാക്‌സിൻ ആസ്‌ത്രസൈനിക സിംഗിൾ ഡോസ് സെലെക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. വാക്‌സിൻ സ്വീകരിച്ച രാജ്യം, ഡോസുകൾ സ്വീകരിച്ച തിയ്യതി എന്നിവ തിരഞ്ഞെടുക്കുകയും പാസ്സ്‌പോർട്ട് കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുകയും വേണം. സഊദി ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ പരിശോധിച്ച് നമ്മുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യും. അഞ്ചു ദിവസത്തിനുള്ളിൽ ഇത് പരിശോധന നടത്തി മറുപടി ലഭ്യമാകുന്നെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നൽകുന്ന സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലാത്തവ അറബിയിലേക്ക് ട്രാൻസലേറ്റ് ചെയ്തിട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു.
അതേസമയം സഊദിയിലേക്ക് ആദ്യമായി വരുന്നവരും ഇഖാമ ഇല്ലാത്തവരും മുഖീമിന്റെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."