'പുകഞ്ഞ് തീരണ്ട' ഹുക്ക അപകടകാരിയാണെന്ന് പഠനം
ദോഹ: ഹുക്കയല്ലേ...അത് വലിച്ചാല്‍ ഒരു കുഴപ്പവും ഇല്ല..ശരീരത്തിന് ഉന്മേഷം കിട്ടും, എന്നൊക്കെ പലരും പറയുന്നത് നമ്മള്‍ കേട്ടിരിക്കാം. എന്നാല്‍ അത് മാറ്റി പറയേണ്ട സമയമായിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഷീഷ (ഹുക്ക) വലിക്കുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം. ഷീഷയുടെ അപകടസാധ്യതയെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം അനിവാര്യമെന്ന് ഗവേഷകര്‍ പറയുന്നു.ഷീഷ വലിയും മുതിര്‍ന്നവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദ്രോഗ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖത്തര്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഖത്തറിലും മധ്യപൂര്‍വ ദേശത്തും ഷീഷ വലിക്കുന്നവര്‍ ധാരാളമാണ്. വിവിധ ഫ്‌ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടര്‍ പൈപ്പ് ഉപയോഗിച്ച് വലിക്കുന്നതാണ് ഷീഷ അഥവ ഹുക്ക എന്നു പറയുന്നത്. ചാര്‍ക്കോള്‍ ഉപയോഗിച്ചാണ് പുകയില പുകയ്ക്കുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ സംഭവിച്ചവരും ശരാശരി 55.6 വയസ്സ് പ്രായമുള്ളവരുമായ ആയിരത്തിലധികം പേരില്‍ നിന്നുള്ള ഡാറ്റകള്‍ വിലയിരുത്തിയായിരുന്നു പഠനം.ദേശീയ ഗവേഷണ സ്ഥാപനമായ ഖത്തര്‍ ബയോബാങ്കില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. ഷീഷ മാത്രം വലിക്കുന്നവരിലെ (സാധാരണ പുകവലിയല്ലാതെ) ഹൃദ്രോഗ സാധ്യത 1.65 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ചെറുപ്പത്തില്‍ ഷീഷ വലിച്ചു തുടങ്ങുന്നവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള അപകടസാധ്യതയും വളരെ വലുതാണ്.
പൊതുജനാരോഗ്യ കാംപെയ്‌നുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തണന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു. പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കല്‍, പൊതുഇടങ്ങളില്‍ പുകവലി നിരോധിക്കല്‍ തുടങ്ങിയ ദേശീയ നയങ്ങളിലൂടെയും ഷീഷ വലിയുടെ അപകടസാധ്യതയെക്കുറിച്ചുള്ള സമഗ്ര ബോധവല്‍ക്കരണ ശ്രമങ്ങളിലൂടെയും ഷീഷ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഹുക്കയില്‍ ഒളിച്ചിരിക്കുന്ന അപകടം
ഹുക്ക വലിച്ചാല്‍ ആരോഗ്യത്തിന് യാതൊരു ദോഷവും ഇല്ല എന്ന് ചിന്തിക്കുന്നവരോട്, നിങ്ങള്‍ ഒരു മണിക്കൂര്‍ ഹുക്ക വലിച്ചാല്‍ സിഗററ്റ് വലിക്കുന്നതിനേക്കാള്‍ 100 മുതല്‍ 200 മടങ്ങ് പുകയാണ് നിങ്ങളുടെ ശരീരത്തിനകത്തേക്ക് എത്തുന്നത്.
കൂടാതെ, ഹുക്കയില്‍ അടങ്ങിയിരിക്കുന്ന നികോട്ടിന്‍ സിഗററ്റ് വലിക്കുന്നതിനേക്കാള്‍ ഇരട്ടിയായി ശരീരത്തില്‍ എത്തുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് മുതല്‍ 82 തരത്തിലുള്ള വിഷ വസ്തുക്കളാണ് ഹുക്കയില്‍ ഉള്ളത്. നമ്മള്‍ ഹുക്ക വലിക്കുമ്പോള്‍ ഇവയെല്ലാം തന്നെ ശരീരത്തിലേയ്ക്ക് എത്തുന്നു. ഇത് സത്യത്തില്‍ പുകവലിക്കുന്നതിനേക്കാള്‍ അപകടമാണ് ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."