മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതി, ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ മറന്നു പോയെന്ന് സത്യദീപം
കോഴിക്കോട്: ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വെള്ളപൂശാനുള്ള നീക്കത്തിനെതിരെ എറണാകുളംഅങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം. ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയെയാണ് സത്യദീപം വിമര്‍ശിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ ആലഞ്ചേരി മറന്നു പോയി. കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ അരക്ഷിതരാണെന്നും മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണെന്നും സത്യദീപം പറഞ്ഞു.
2023 ഫെബ്രുവരി 20ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകുമെന്ന് സത്യദീപം പരിഹസിച്ചു. രാജ്യമാകെത്തുടരുന്ന ക്രൈസ്തവ വേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തില്‍ അന്ന് 100കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണ്ടെത്തല്‍. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്.
മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളില്‍ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധവാരാചാരണം പൂര്‍ത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ടെന്നും സത്യദീപത്തില്‍ കുറിക്കുന്നു.
ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്നായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പരാമര്‍ശം. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആദ്യ ടേമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളുണ്ടായിരുന്നെന്നും, എന്നാല്‍ ഇത് അവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈസ്തവ സമൂഹം ചെയ്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും ആലഞ്ചേരി പറഞ്ഞു.
പ്രധാനമന്ത്രി നല്ല നേതാവാണെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മൂന്ന് മുന്നണികളും അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."