HOME
DETAILS

വിശപ്പിലുംവിദ്വേഷം രുചിക്കുന്നയിടങ്ങള്‍

  
backup
April 13 2023 | 09:04 AM

ramadan-in-hyderabad

ജാബിര്‍ ഹുദവി കുറ്റിക്കാട്ടൂര്‍

സൂര്യന്‍ തലക്കുമീതെ നിന്നുകത്തുന്ന വരണ്ട വേനല്‍ക്കാലത്താണ് ഇത്തവണത്തെ റമദാന്‍. കേരളത്തിലേതിനു വിഭിന്നമായി അന്തരീക്ഷത്തില്‍ ജലാംശം തീരെ കുറയും. ശരീരം വിയര്‍ക്കാന്‍പോലും മറന്നുപോവും. ഹൈദരാബാദ് മഹാനഗരത്തിനുള്ളില്‍ രണ്ടായിരത്തോളം ഏക്കറില്‍ ഇടതൂര്‍ന്ന വനംകണക്കെ പരന്നുകിടക്കുന്ന കാംപസില്‍ ഇല പൊഴിക്കുന്ന കാലം. കാടും മലയും കാട്ടരുവികളും വേനല്‍ വേവറിയും. മാന്‍പേടകള്‍ കൂട്ടമായി കാടിറങ്ങും. പക്ഷേ, റമദാന്‍ വരുമ്പോള്‍ വിശ്വാസികളുടെ മനസ് ആര്‍ദ്രമാവും. വേനല്‍ചൂടും അക്കാദമിക ആകുലതകളും റമദാന്റെ അനുഗ്രഹത്താല്‍ കുളിരണിയും.


കാംപസിലെ റമദാന്‍ ഒരുമയുടെ കാലമാണ്. എല്ലാ മുസ്‌ലിം വിദ്യാര്‍ഥികളും ഒന്നിച്ചു കൂടുന്ന, ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന കാലം. നോമ്പുകാലത്തിന്റെ വിളംബരം മുഴങ്ങുന്നത് റമദാന്‍ മെസ് രൂപീകരിക്കുന്നതോടെയാണ്. ഇഫ്താറും സഹരിയും റമദാന്‍ മെസിലായിരിക്കും. അതിനു വേണ്ട സ്ഥലസൗകര്യങ്ങര്‍ കാംപസ് അധികൃതര്‍ ഒരുക്കാറുണ്ട്. നോക്കിനടത്തുന്നതും നോര്‍ത്ത് സൗത്ത് ഭാഗങ്ങളിലായി (പൊതുവെ എച്ച്.സി.യു കാംപസ് നോര്‍ത്ത്, സൗത്ത് ആയി വിഭജിക്കപ്പെട്ടിരിക്കുന്നു) വിളമ്പുന്നതും വിദ്യാര്‍ഥികള്‍ തന്നെ. ഭക്ഷണം തയാറാക്കുന്ന അടുക്കള, ആണ്‍കുട്ടികര്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ഹാളുകള്‍ എന്നിവ അടങ്ങിയതാണ് റമദാന്‍ മെസ്. അക്കാദമിക് തിരക്കുകള്‍ക്കിടയില്‍ നിസ്വാര്‍ഥരായ ഒരുകൂട്ടം പ്രവര്‍ത്തകര്‍ രാവു പകലാക്കി ഒരുമാസം റമദാന്‍ മെസ്, വിശാലാര്‍ഥത്തിലുള്ള ഇന്ത്യന്‍ മുസ്‌ലിം കൂട്ടായ്മയുടെ പരിച്ഛേദമായി അടയാളപ്പെടുത്തുന്നു. എല്ലാത്തിനും കാംപസ് അധികൃതരും ഇതരമത വിദ്യാര്‍ഥികളും നല്‍കുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്.

 

 

ഇഫ്താറിലെ ഒന്നാമന്‍ റൂഹ് അഫ്‌സ തന്നെ. പേരു സൂചിപ്പിക്കുന്ന പോലെ, പകല്‍ ചൂടിനെ കെടുത്തി ആത്മാവിലെ നീരുറവയെ ത്രസിപ്പിക്കുന്ന രുചിക്കൂട്ടാണതിന്. ഈത്തപ്പഴവും റൂഹ് അഫ്‌സയും ഫ്രൂട്ട്‌സും നിരത്തിവച്ച തളികകള്‍ക്കു ചുറ്റും നിലത്തു വിരിച്ച ജാനു മാസില്‍ കൂട്ടംകൂടിയിരിക്കെ, കൂട്ടത്തിലൊരാര്‍ വാങ്കു വിളിക്കുന്നതോടെ പൂര്‍ണ ശാന്തത പടരും. അവിടത്തന്നെ മഗ്‌രിബ് ജമാഅത്ത്. അതേ സ്വഫില്‍ മുഖാമുഖം തിരിഞ്ഞിരുന്നാല്‍ ഡിന്നര്‍ വിളമ്പുകയായി. ചോറിനുകൂടെ വെജ്, നോണ്‍വെജ് കറികളും. വിശേഷ ദിനങ്ങളില്‍ പൂരിയോ ബിരിയാണിയോ ആയിരിക്കും. എന്തായാലും ദാലും ദഹിയുമില്ലതെ ഉത്തരേന്ത്യക്കാര്‍ക്ക് വിഭവം പൂര്‍ത്തിയാവില്ല!


പ്രത്യേകിച്ച് ആകര്‍ഷണങ്ങളൊന്നുമില്ലാത്ത ദിവസങ്ങളില്‍ ഇഫ്താറിന് പുറത്തിറങ്ങുന്നവരുമുണ്ട്. കാംപസിനു വെളിയില്‍ രണ്ടര കിലോമീറ്റര്‍ അപ്പുറം മസ്ജിദ് ബന്‍ഡയിലെ മസ്ജിദ് ഇഖ്‌ലാസ് ഖാന്‍ ആണ് പ്രധാന ആകര്‍ഷണം. തദ്ദേശീയരായ നൂറുക്കണിക്കിനു ജനങ്ങള്‍ക്കിടയില്‍ നിരവധി മലയാളികളുമുണ്ടാകും. സാധാരണക്കാരുടെ തനതു ഹൈദരാബാദി വിഭവങ്ങള്‍ ആസ്വദിക്കാന്‍ നല്ലൊരു ഇടമാണത്. അതല്ലെങ്കില്‍ ഏകദേശം പത്തു കിലോമീറ്റര്‍ പോയാല്‍ ടോളി ചൗകിയിലെത്താം. ഹൈദരാബാദ് ഭക്ഷണത്തിന്റെ കേന്ദ്രസ്ഥാനം. റമദാന്‍ പിറന്നാല്‍ വൈകുന്നേരം മുതല്‍ സുബ്ഹി വരെ നഗരത്തിന് ഉറക്കമില്ല. റമദാന്‍ തിന്നാതിരിക്കുന്ന കാലമല്ല, സ്‌പെഷല്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ പകല്‍ ഉന്തിനീക്കുന്ന കാലമാണെന്നു തോന്നിപ്പോവും.

 

 

ബറാഅത്തോടെ (റമദാന് 15 ദിവസം മുമ്പ്) അക്ഷരാര്‍ത്തില്‍ നഗരം റമദാന്‍ ആഘോഷം ആരംഭിക്കും. ബറാഅത്ത് രാവില്‍ യുവാക്കള്‍ ബൈക്കില്‍ കൂട്ടമായി ചീറിപ്പായുന്നതു കാണാം. സുരക്ഷാ കാരണങ്ങളാല്‍ പൊലിസ് അന്നുരാത്രി മേല്‍പാലങ്ങള്‍ അടച്ചിടാറാണു പതിവ്. നോമ്പുകാല ആകര്‍ഷണങ്ങില്‍ പ്രധാനം ഹലീം തന്നെയാണ്. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ അടക്കം നേരം പുലരുവോളം (സുബ്ഹി വരെ) വരെ ഹലീം തിരക്കായിരിക്കും. ഒരിക്കല്‍ രുചിച്ചാല്‍ നാവില്‍ നിന്നിറങ്ങാത്ത രുചിക്കൂട്ടാണത്. അതുകൊണ്ടുമാത്രം റമദാനില്‍ ഹൈദരാബാദിലേക്ക് വണ്ടികയറുന്ന മലയാളികളുമുണ്ട്.
ഹൈദരാബാദിലെ റമദാന്‍ ആസ്വാദനം പൂര്‍ണമാകണമെങ്കില്‍ കുറച്ചുകൂടെ യാത്ര ചെയ്യണം. നൈസാമുമാരുടെ പ്രതാപകഥകള്‍ പറയുന്ന ഓള്‍ഡ് സിറ്റി. ഐക്കണിക് ചാര്‍മിനാര്‍, മക്കാ മസ്ജിദ്.... ഇവയൊക്കെ ചുറ്റിക്കാണണം. വൈകിട്ടോടെ മക്ക മസ്ജിദിന്റെ പ്രൗഢമായ അകമുറ്റത്തു നീണ്ട സുപ്രകള്‍ നിരക്കും. നൂറുകണക്കിനു പേര്‍ ചുറ്റുംകൂടും. നോമ്പു തുറക്കാന്‍ സമയമായാല്‍ അലറാം മൂന്നു പ്രാവശ്യം മുഴങ്ങും. വാങ്കുവിളി നിസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ മാത്രം. പിന്നീട് ചാര്‍മിനാര്‍ പരിസരം സ്ട്രീറ്റ് ഫുഡുകള്‍ വാഴും. ഹലീമിനു പുറമെ, പാലും റൂഹ് അഫ്‌സയും ചേര്‍ത്ത മുഹബത്കാ ശര്‍ബത്, കല്ലില്‍ ചുട്ടെടുക്കുന്ന പത്തര്‍ കാ ശോശത്, വിവിധ ഇനം കബാബുകള്‍, വ്യത്യസ്ത ഷവര്‍മകള്‍, സമൂസ വാലകളുടെ നീണ്ട വിളികള്‍.. പുലരുംവരെ നീളുന്ന ഉത്സവ പ്രതീതി. അത്താഴ സമയമായെന്നറിയിച്ച് പാട്ടുപാടിയും ദഫ് മുട്ടിയും ഫഖീറുമാര്‍ അപ്പോഴേക്കും റോന്തുചുറ്റാന്‍ തുടങ്ങിയിട്ടുണ്ടാവും.



 

റമദാന്‍ മെസ് പോലെ കേന്ദ്രീകൃതമല്ല തറാവീഹ്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ ഒരു ഹാഫിള് ഇമാമിനു കീഴില്‍ നിസ്‌കരിക്കും. റമദാന്‍ പകുതിയാകുമ്പോഴേക്ക് ഒരു ഖത്മ് തീര്‍ക്കും. മലയാളികള്‍ മറ്റൊരിടത്ത് ഒന്നിച്ച് തറാവീഹ് നിസ്‌കരിക്കാറാണു പതിവ്. കാംപസിലെ പ്രധാന പാതയില്‍നിന്ന് അല്‍പംമാറി, വിശാലമായ പാറക്കൂട്ടങ്ങള്‍ക്കരികില്‍ പന്തലിച്ചു നില്‍ക്കുന്ന ഒരു മുത്തശ്ശി പുളിയുണ്ട്. ഇരുന്നൂറിലധികം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാന്‍ അതു തണല്‍ വിരിക്കും. നട്ടുച്ച നേരത്ത് സുജൂദില്‍ കിടക്കുമ്പോള്‍, ചുളിവുകള്‍ വീണ നിലംപറ്റെ നീണ്ടുകിടക്കുന്ന അതിന്റെ ശിഖരങ്ങളില്‍നിന്ന് ഇലകള്‍ പൊഴിയും. അപ്പോഴൊക്കെ, ബൈഅത്ത് രിള്‌വാനിലെ മഹാമരം ഒര്‍മയില്‍ തെളിയും.
കേരളത്തിനു പുറത്ത് ഒരു ദേശീയ സര്‍വകലാശാലയിലെ മുസ്‌ലിം ജീവിതം, ലിബറല്‍ ലെഫ്റ്റും തീവ്രവലതും ശക്തമാവുന്ന കാലത്ത്, നോമ്പുകാലം കാംപസ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പോരാട്ടത്തിന്റെ പരിശീലന കാലമാണ്. ഒരു വാങ്കുവിളി പോലും കേള്‍ക്കാതെ, നേരമായാല്‍ ഉള്‍വിളി വരുന്ന കാലം. ആശയാദര്‍ശ വ്യത്യാസങ്ങര്‍ക്കപ്പുറത്ത് മുസ്‌ലിം ഐക്യം വിശപ്പിലും രുചിനോക്കുന്ന കാലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago