കടലാക്രമണം ; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തില്‍ തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
തീരത്തെ പ്രശ്‌നത്തില്‍ ഗൗരവമായ ഇടപെടലുണ്ടാകുമെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
സംസ്ഥാനത്തെ തീരദേശങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ പി.സി വിഷ്ണുനാഥ് പറഞ്ഞു. തീരത്ത് കടുത്ത ആശങ്കയാണുള്ളത്. തീരം സംരക്ഷിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പോരാ. കടല്‍ഭിത്തികൊണ്ടോ പുലിമുട്ടുകൊണ്ടോ പ്രശ്‌നം പരിഹരിക്കാനാവില്ല. പരീക്ഷിച്ച് പരാജയപ്പെട്ട ജിയോ ട്യൂബാണ് കടലാക്രമണം തടയാന്‍ വീണ്ടും സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.
സംസ്ഥാനത്ത് പത്തിടങ്ങളില്‍ അതിതീവ്രമായി കടല്‍ത്തീരം ശോഷിക്കുന്നതായും ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരസംരക്ഷണത്തിനായി 5,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് ജലവിഭവ മന്ത്രിക്കുവേണ്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കിഫ്ബി വഴി തീരസംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ തീര്‍ന്നാല്‍ തീരസംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് പിന്നീട് സ്പീക്കര്‍ എം.ബി രാജേഷ് അനുമതി നിഷേധിച്ചു.
ശക്തമായ കടലാക്രമണത്തില്‍ തുടര്‍ച്ചയായി ജീവനും ജീവിതോപാധികളും നഷ്ടപ്പെടുന്ന തീരവാസികള്‍ സങ്കടക്കടലിലാണെന്നും കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണീരും വേദനയും സര്‍ക്കാര്‍ കാണാതെപോകരുതെന്നും തീരത്തെ ഒരുകോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം സഭ ചര്‍ച്ച ചെയ്യേണ്ടതായിരുന്നെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.
സങ്കടങ്ങളുടെ തീരമായി കേരളത്തിലെ കടല്‍ത്തീരങ്ങള്‍ മാറിയിരിക്കുന്നു. മെയ് മാസത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ കാലവര്‍ഷത്തില്‍ കടല്‍ എവിടെയെത്തുമെന്ന ഉല്‍കണ്ഠയിലാണ് തീരദേശവാസികളെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."