കുഴല്‍പ്പണക്കേസ്: ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടത്തിയ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ രാവിലെ തൃശൂര്‍ പൊലിസ് ക്ലബ്ബിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുന്നംകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന അനീഷിനിന് കേസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പിയിലെ ഒരുവിഭാഗം രംഗത്തെത്തിയ സമയത്തു തന്നെയാണ് അനീഷിനെ ചോദ്യം ചെയ്യുന്നത്.
നേരത്തെ ചോദ്യം ചെയ്തവരെയെല്ലാം പ്രസിഡന്റിന്റെ ഔദ്യോഗിക കാറിലാണ് പൊലിസ് ക്ലബ്ബിലെത്തിച്ചത്. സംശയനിഴലിലുള്ളവരെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നേരിട്ടെത്തിച്ചതില്‍ ഒരു വിഭാഗം നേതാക്കളിലും അണികളിലും അമര്‍ഷമുണ്ട്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരും നടന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ പണപ്പിരിവ് നടത്തിയതും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചവര്‍ക്കുള്‍പ്പെടെ പണം നല്‍കാതെ പറ്റിച്ചതുമെല്ലാം പ്രവര്‍ത്തകര്‍ ഏറ്റുപിടിച്ചു.കുഴല്‍പ്പണക്കേസില്‍ നേതാക്കള്‍ കുരുക്കിലായിരിക്കെ ജില്ലയിലെ തെരഞ്ഞെടുപ്പ് കണക്ക് പുറത്തുവിടണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. അതിനിടെ, ബി.ജെ.പി നേതാക്കളെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെതിരേ വധഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരിക്കെതിരേ തൃശൂര്‍ വെസ്റ്റ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."