സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കും: സിറാജ് ഇബ്രാഹിം സേട്ട്
കൊച്ചി: മുസ്‌ലിം ഇതര വിഭാഗങ്ങളില്‍നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചുള്ള കേന്ദ്രവിജ്ഞാപനം പിന്‍വലിക്കണമെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ മറവില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കും. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടര്‍നടപടികളുമായി പോകുന്ന കേന്ദ്രനീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ മതേതര ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ച പൗരത്വ നിയമ ഭേദഗതി മഹാമാരിയുടെ മറവില്‍ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തിയുള്ള പൗരത്വ നിയമ ഭേദഗതി തീര്‍ത്തും ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതേതര മനസില്‍ വിള്ളലുണ്ടാക്കുന്നതുമാണെന്ന് രാജ്യം തന്നെ ഒന്നടങ്കം വ്യക്തമാക്കിയതാണ്.
രാജ്യത്ത് സമാധാനവും മതേതരത്വവും നിലനിര്‍ത്തേണ്ട സര്‍ക്കാര്‍ തന്നെ രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കുന്ന ഈ നീക്കത്തിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമാക്കണമെന്നും സമീപ കാലത്തായി ഒരു വിഭാഗത്തിനുമേല്‍ നടക്കുന്ന ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ ദേശീയതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."