വിവാഹ സർട്ടിഫിക്കറ്റ് നൽകൽ ആര്യസമാജത്തിന്റെ ജോലിയല്ലെന്ന് സുപ്രിംകോടതി പോക്‌സോ കേസ് പ്രതിക്ക് ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് തള്ളി
ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് തള്ളി സുപ്രിംകോടതി. വിവാഹ സർട്ടിഫിക്കറ്റ് നൽകൽ ആര്യസമാജത്തിന്റെ പണിയല്ലെന്നും സർക്കാർ അധികൃതരാണ് അത് നൽകേണ്ടതെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യഥാർഥ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതു കാണിക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
പോക്‌സോ കേസ് പ്രതി രാജസ്ഥാൻ സ്വദേശി സുനിൽ ലോറയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. പ്രായപൂർത്തിയായശേഷം പെൺകുട്ടിയെ പ്രതി ആര്യസമാജത്തിൽ വച്ച് വിവാഹം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹരജിക്കാന്റെ അഭിഭാഷകന്റെ വാദം.
ഇതിന് തെളിവായാണ് ആര്യസമാജം നൽകിയ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
വിവാഹങ്ങൾ നടത്തുമ്പോൾ 1954ലെ സ്‌പെഷൽ മാര്യേജ് നിയമ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ആര്യസമാജത്തിന്റെ കീഴിലുള്ള മധ്യഭാരത് ആര്യപ്രതിനിധിസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരായ അപ്പീൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ആര്യസമാജം ക്ഷേത്രത്തിലെ പ്രധാൻ നൽകിയ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."