ഖത്തറും ബഹ്‌റൈനും വീണ്ടും കൈകോർക്കുന്നു; ഉപരോധത്തിന് ശേഷം ഇതാദ്യം, ജിസിസി വീണ്ടും ശക്തമാകുന്നു
മനാമ: ഖത്തർ ഉപരോധം പിൻവലിച്ച് രണ്ട് വര്ഷത്തോളമായിട്ടും ഇതുവരെയും കൈകോർക്കാത്ത ബഹ്‌റൈനും ഖത്തറും വീണ്ടും ഒന്നിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനരാംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളുടെയും വാർത്താ ഏജൻസികൾ ഇത് സ്ഥിരീകരിച്ചു.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരായ മൂന്നര വർഷത്തെ ബഹിഷ്‌കരണം 2021 ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. ബഹ്‌റൈൻ ഒഴികെയുള്ള മറ്റ് മൂന്ന് രാജ്യങ്ങളും 2021-ൽ ദോഹയുമായുള്ള യാത്രാ വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ബഹ്‌റൈൻ - ഖത്തർ ബന്ധം രണ്ട് വഴിക്കായിരുന്നു.
ജനുവരിയിൽ, ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ സംസാരിച്ചു, രണ്ട് ഗൾഫ് രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയായി ഈ സംഭാഷണം മാറി.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ അറബ് ബഹിഷ്‌കരണ സമയത്ത് മധ്യസ്ഥനായി പ്രവർത്തിച്ച കുവൈത്ത് സ്വാഗതം ചെയ്തു. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള സാഹോദര്യ ബന്ധത്തെയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന് സംഭാവന നൽകുന്നതുമാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇ.യുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്, നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ പിന്തുണച്ചതായി സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് കരാറെന്നും ഇരു രാജ്യങ്ങളുടെയും മേഖലയുടെയും പൊതു താൽപ്പര്യങ്ങൾ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയും വികസനവും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ആറ് രാജ്യങ്ങൾ ഉൾപ്പെട്ട ജിസിസി വീണ്ടും ശക്തമാക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഖത്തറും ബഹ്‌റൈനും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് എത്തുന്നതോടെ ജിസിസി വീണ്ടും ഒന്നാകും. ഇതിന് പുറമെ അറബ് ലീഗിലെ പ്രശ്നങ്ങളും പരിഹരിച്ച് വരികയാണ്. യെമൻ, ഇറാൻ എന്നിവയുമായി സഊദി, ഒമാനുമെല്ലാം ചർച്ചകൾ നടത്തിവരികയാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."