മുഅല്ലിം ക്ഷേമനിധി പെന്‍ഷന്‍ ; ഒരു മാസം അധ്യാപക വിഹിതമായി ട്രഷറിയിലെത്തുന്നത് 27 ലക്ഷം
കോഴിക്കോട്: മദ്‌റസാധ്യാപക ക്ഷേമനിധിയിലേക്ക് അധ്യാപകരുടെ പ്രീമിയം വിഹിതമായി മാസംതോറും സര്‍ക്കാര്‍ ട്രഷറിയിലേക്ക് എത്തുന്നത് ചെലവഴിക്കുന്നതിന്റെ രണ്ടിരട്ടി പണം. ഏപ്രില്‍ മാസത്തെ കണക്കുപ്രകാരം 600 പേര്‍ക്കാണ് ക്ഷേമനിധിയില്‍നിന്ന് 1,500 രൂപ വീതം പെന്‍ഷന്‍ അനുവദിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം ട്രഷറിയില്‍നിന്ന് പെന്‍ഷന്‍ ഇനത്തില്‍ ചെലവിട്ടത് ഒന്‍പതു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ 27,000ത്തോളം അംഗങ്ങള്‍ 100 രൂപ പ്രീമിയം അടയ്ക്കുന്നതിലൂടെ ഒരുമാസം ട്രഷറിയിലെ ക്ഷേമനിധി അക്കൗണ്ടിലെത്തുന്നത് 27 ലക്ഷം രൂപയാണ്. അതായത്, ചെലവാകുന്ന ഒന്‍പതു ലക്ഷം മാറ്റിനിര്‍ത്തിയാല്‍ ബാക്കി 18 ലക്ഷം രൂപ സര്‍ക്കാരിനു സൗകര്യാര്‍ഥം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാം. ആവശ്യത്തിനനുസരിച്ചു മാത്രം ക്ഷേമനിധിയിലേക്ക് നല്‍കിയാല്‍ മതി.
2012 മാര്‍ച്ചിലെ ഉത്തരവ് പ്രകാരം മദ്‌റസാധ്യാപക ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് കാലാകാലങ്ങളില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നും പെന്‍ഷന്‍ അടക്കമുള്ള ധനസഹായങ്ങള്‍ ട്രഷറി വഴി വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ട്രഷറിയില്‍ നിക്ഷേപിക്കുന്ന പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതിനുള്ള ഇന്‍സെന്റീവ് എന്ന നിലയ്ക്കാണ് ഈ ഫണ്ട് അനുവദിക്കുക എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഈ ഇനത്തില്‍ 2015ല്‍ 3.75 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2019ലെ കണക്കുപ്രകാരം ക്ഷേമനിധി അക്കൗണ്ടില്‍ നിന്ന് വിനിയോഗിക്കപ്പെടുന്ന തുകയ്ക്കുള്ള ഇന്‍സെന്റീവായി 14.8 കോടി രൂപ ബോര്‍ഡിനു ലഭിക്കാനുണ്ട്. ഇതിന്റെ ഫയല്‍ ഇപ്പോഴും ധനകാര്യമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്. മാത്രമല്ല, 2020ലെ ഇന്‍സെന്റീവും ബോര്‍ഡിനു ലഭിക്കാനുണ്ടാവും. ഈ ഫണ്ട് പൂര്‍ണമായും ലഭിച്ചാല്‍ മാത്രമേ ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാവൂ.
പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരം 2010ലാണ് മദ്‌റസാധ്യാപക ക്ഷേമനിധി നിലവില്‍ വന്നത്. 11 വര്‍ഷമായി മദ്‌റസാധ്യാപകര്‍ വര്‍ഷം 1,200 രൂപ വീതം ട്രഷറിയിലേക്ക് അടയ്ക്കുന്നുണ്ട്. 60 വയസ് പൂര്‍ത്തിയായവര്‍ക്ക്, 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പെന്‍ഷന്‍ ലഭിക്കുക. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പള്ളികളുടെ കീഴിലുള്ള മദ്‌റസകളില്‍ തുടര്‍ച്ചയായി 10 വര്‍ഷം സേവനം ചെയ്തവര്‍ക്കാണ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നത്. ഒരു രൂപപോലും പ്രീമിയം അടയ്ക്കാതെ വയോജന പെന്‍ഷന്‍ 1,600 രൂപ ലഭിക്കുമ്പോഴാണ് മാസം 100 രൂപ പ്രീമിയം അടയ്ക്കുന്ന മദ്‌റസാധ്യാപകനു 1,500 രൂപ പെന്‍ഷന്‍ നല്‍കുന്നത്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് തല്‍പരകക്ഷികള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."