HOME
DETAILS

സൗമ്യത സൗന്ദര്യവും സൗരഭ്യവും

ADVERTISEMENT
  
backup
April 14 2023 | 18:04 PM

article-velliprabhaatham-845348935-2
സാമൂഹ്യജീവിയായ മനുഷ്യന് ചുറ്റുപാടുകളോട് പ്രതികരിക്കുന്ന ഒരു വൈകാരികതലമുണ്ട്. കിട്ടിയതിനേക്കാൾ ഊക്കിൽ തിരിച്ചടിച്ചാലേ അതിന് ശമനം വരൂ. ന്യായാന്യായങ്ങൾ പോലും നോക്കിയാവണമെന്നില്ല. അപ്പപ്പോഴത്തെ ആവേശത്തിലും ദേഷ്യത്തിലും താൻ തോൽവിയാവാതിരിക്കാനുള്ള പ്രകടനങ്ങളാവും പുറത്തുവരിക. എന്നാൽ അതുതന്നെ വലിയ തിരിച്ചടിയായും ദുഃഖമായും മാറുന്ന അനുഭവങ്ങളാണ് പിന്നീടുണ്ടാവുക. നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി പലകോണുകളിൽ നിന്ന് മതവിരുദ്ധ പരാമർശങ്ങൾ നടത്തപ്പെടുമ്പോൾ അതിനുള്ള പ്രതികരണമെന്നവണ്ണം മതലേബലുകളുള്ള ഐഡികളിൽ നിന്ന് സോഷ്യൽമീഡിയയിൽ കുരച്ചുചാടുന്നവരും കടിച്ചുകീറുന്നവരും സത്യത്തിൽ മതതാൽപര്യങ്ങളെ സംരക്ഷിക്കുകയല്ല; ബലികഴിക്കുകയാണെന്ന് അവരറിയുന്നുണ്ടോ? മതതാൽപര്യങ്ങളുടെ സംരക്ഷണച്ചുമതല സ്വയമേവ ഏറ്റെടുത്ത് ലൈക്കുകളുടെയും ഷെയറുകളുടെയും പെരുപ്പം തന്റെ വലുപ്പത്തരത്തിന്റെ മാനദണ്ഡമായി കാണുന്നവർ ഉണ്ടാക്കുന്ന ഒച്ചപ്പാടുകൾ പലപ്പോഴും മതത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ഇടവരുത്തുകയാണ്. മറ്റുള്ളവരുടെ ആരോപണങ്ങൾക്ക് മറുപടിയെന്നോണം പ്രകോപിതരാകുന്ന പ്രബോധകരുടെ ഭാഷപോലും അതിരുവിടുന്നു. സൗമ്യതയുടെ ഭാവങ്ങൾ അന്യം നിൽക്കുന്നു. തൻപോരിമയുടെയും ആക്രോശങ്ങളുടെയും വിഴുപ്പലക്കലുകൾ അവതരിപ്പിക്കപ്പെടുന്ന മഹിതമായ സന്ദേശത്തെ അലങ്കോലപ്പെടുത്തുന്നു. എവിടെയും നമ്മുടെ ഇടപെടലുകൾ പക്വമാവണം. പവിത്രമാവണം. വരും വരായ്കളെക്കുറിച്ചുള്ള ബോധത്തോടെയാവണം. സ്വഭാവസംസ്‌കരണ ശാസ്ത്രത്തിന് മതപാഠ്യപദ്ധതിയിൽ കവിഞ്ഞ് ജീവിതശീലങ്ങളിൽ കാര്യമാത്ര സ്വാധീനം സാധ്യമാകുന്നുണ്ടോ എന്ന വീണ്ടുവിചാരത്തിനും പ്രസക്തിയുണ്ട്. സോഷ്യൽ മീഡിയ മാത്രമല്ല, ലോകം മുഴുവൻ ഇന്ന് ലൈവാണ്. അല്ലാഹു നിരീക്ഷണത്തിലാണെന്ന ബോധ്യം വിശ്വാസിയെ കർമങ്ങൾ ചിട്ടപ്പെടുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്ന് സമൂഹത്തിന്റെ സി.സി.ടി.വി കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന ബോധ്യം ഏവരുടെയും ഇടപെടലുകൾ സോഷ്യൽ ഓഡിറ്റുകൾക്ക് വിധേയരാക്കപ്പെടാമെന്ന വിചാരമുണ്ടാക്കുന്നു. 'നല്ലതും ചീത്തയും തുല്യമാകില്ല. തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക. ഏതൊരു വ്യക്തിയും നീയും തമ്മിൽ ശത്രുതയുണ്ടോ അതോടെ അവൻ ആത്മ മിത്രമായിത്തീരുന്നതാണ്. ക്ഷമാശീലർക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ. മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല' (ഫാസിലത്ത്: 34, 35). ഉത്തമ മതത്തിന്റെ അനുയായി ചുറ്റുപാടുകളിൽ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുർആനിലെ ഉപര്യുക്ത വചനം. അടിച്ചവനെ തിരിച്ചടിക്കുന്നത് ഒരു കഴിവല്ല. അതു പഠിപ്പിക്കാൻ ഒരു സംസ്‌കൃതിയും ആവശ്യമില്ല. എത്ര വേണമെങ്കിലും അടിച്ചോളൂ എന്ന മട്ടിൽ നിന്നു കൊടുക്കുന്നതും ക്ഷന്തവ്യമല്ല. പകച്ചോടുന്നത് ഭീരുത്വവും. എന്നിരിക്കെ സമർഥവും സാഹസികവുമായ നിലപാടിലൂടെ ശത്രു മനസ്സിലെ വൈരം പിഴുതെടുത്ത് സ്‌നേഹത്തിന്റെ രസതന്ത്രം പയറ്റാനാണ് മതം പ്രേരിപ്പിക്കുന്നത്. എത്രയേറെ ശക്തവും സൗന്ദര്യാത്മകവുമായ സന്ദേശമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്! നന്മയും തിന്മയും ഒരിക്കലും ഒന്നാകില്ലെന്ന മുഖവുരയിൽ തുടങ്ങി നന്മയുടെ വക്താവിന്റെ ശൈലിയും ശീലവും നന്മയുടേത് മാത്രമാവണമെന്ന് ഊന്നി അതിനുവേണ്ടി സഹനത്തിന്റെയും സൗമ്യതയുടെയും പാരമ്യതയിൽ അടിപതറാതിരിക്കാൻ ആണയിട്ടു ആഹ്വാനം ചെയ്യുന്നു. ശത്രുവിനെ മിത്രമാക്കാൻ സൗഹാർദമാവണം നിന്റെ പരിചയെന്ന് പഠിച്ചും പരിശീലിച്ചും പയറ്റിയും സഹിഷ്ണുതയുടെയും സംയമനത്തിന്റെയും ചരിതങ്ങൾ രചിച്ചിട്ടുമെന്തേ ആക്രമണങ്ങളുടെ അപ്പോസ്തലനായി നീ അവതരിപ്പിക്കപ്പെടുന്നു? ലോകം നിന്നെ തീവ്രവാദത്തിന്റെ മേലങ്കിയണിയിക്കുന്നു? നിന്റെ ഐഡന്റിറ്റിയാകുന്ന താടിയും തലപ്പാവും ഭീകരവാദികൾ കട്ടെടുക്കുന്നു? നിരപരാധികൾക്കിടയിലേക്ക് നിറയൊഴിച്ചും അരുമക്കിടാങ്ങളുടെ കഴുത്തറുത്തും ജനത്തിരക്കുകളിൽ പൊട്ടിത്തെറിച്ചും നടത്തപ്പെടുന്ന ഭീരുത്വത്തിന്റെ ഒളിയുദ്ധങ്ങൾക്കെങ്ങനെ നന്മയുടെ മതത്തിന്റെ ലേബൽ നൽകപ്പെടുന്നു?! ഇസ്‌ലാമിന്റെ പ്രതികാരങ്ങൾക്ക് കണ്ണും കാതുമുണ്ടാവണമെന്നതിലപ്പുറം കരളും കനിവുമുണ്ടാവണം. പോരാട്ടം അവന്റെ ആവനാഴിയിലെ അവസാന അസ്ത്രമാണ്. തിന്മക്ക് വിത്തിടില്ല. കലഹത്തിന് തിരികൊളുത്തില്ല. എരിയുന്ന അഗ്നിയിൽ എണ്ണയൊഴിക്കില്ല. 'നിന്റെ കാര്യത്തിൽ അല്ലാഹുവിനോട് എതിര് ചെയ്തവനു നീ നൽകുന്ന വലിയ ശിക്ഷ അവന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ അനുസരിക്കലാണെന്ന് ഉമർ ബിനുൽ ഖത്വാബ് (റ). നിന്നോട് ഉപദ്രവം ചെയ്തവനോട് നീ കാണിക്കുന്ന കാരുണ്യം നിന്നെ സ്‌നേഹിക്കാൻ അവനെ നിർബന്ധിതനാക്കും. നിന്റെ പകയെ നീ നിയന്ത്രിച്ച് നിർവീര്യമാക്കുന്നതിലൂടെ ശത്രുവിന്റെ വിരോധമാണ് പിടിച്ചുകെട്ടുന്നത്. അത് വൻ വിജയവും വമ്പിച്ച പ്രതിഫലാർഹവുമാണ്. വലിയ ബുദ്ധിജീവികളുടെ ഉത്കൃഷ്ട ഗുണവുമാണ്. 'അവർ തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുന്നു. പരലോകത്ത് ശോഭനപര്യവസാനമാണ് അവർക്കുള്ളത്'(അർ റഅ്ദ്: 22). വിവേകികൾ പരിസര ലോകത്തിന്റെ അപശബ്ദങ്ങളിലും അവഹേളനങ്ങളിലും മനസ്സുടക്കില്ല. തിന്മകളുടെ ലോകത്തുനിന്ന് പരിമളം പരക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. 'കരുണാമയനായ അല്ലാഹുവിന്റെ ദാസൻമാർ വിനയാന്വിതരായി ഭൂമിയിൽ സഞ്ചരിക്കുന്നവരും അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപൂർവം പ്രതികരിക്കുന്നവരുമാകുന്നു'(അൽ ഫുർഖാൻ: 63). സംസ്‌കാരശൂന്യനു നീ വിധേയനായാൽ അവനൊന്നും പറഞ്ഞില്ലെന്നും നീയൊന്നും കേട്ടില്ലെന്നും നടിക്കലാവും ഉചിതം. എങ്ങനെ മികച്ച നിലയിൽ പ്രതികരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ലോകാനുഗ്രഹി മുഹമ്മദ് നബി(സ്വ). സത്യ സന്ദേശത്തിന്റെ പ്രബോധനവുമായി ത്വാഇഫിലെ അമ്മാവൻമാരെയും ബന്ധുക്കളെയും സമീപിച്ച വേളയിൽ അസഭ്യം പറഞ്ഞും കല്ലെറിഞ്ഞും ആട്ടിയോടിക്കപ്പെട്ട പരീക്ഷണ ഘട്ടം. അവരുടെ നന്മക്കു വേണ്ടി പ്രാർഥിച്ചു. അവർക്ക് കടുത്ത ദുരന്തം സമ്മാനിക്കാൻ അനുവാദം തേടിയെത്തിയ മാലാഖമാരെ തിരിച്ചയച്ചു. തങ്ങളെ വധിക്കാൻ തക്കം പാർത്തുവന്ന കൊടിയ ശത്രുക്കൾ അവിടുത്തെ സ്‌നേഹമാസ്മരികതയിൽ വന്ന ദൗത്യം മറന്ന് അംഗരക്ഷകരായി പരിവർത്തനം ചെയ്യപ്പെട്ടു. ജന്മനാട്ടിൽ സൈ്വര്യവും സമാധാനവും നൽകാതെ തന്നെയും അനുചരന്മാരെയും തുരത്തിയോടിക്കുകയും യുദ്ധങ്ങളുടെ പരമ്പര തീർക്കുകയും ചെയ്തവർ മക്കാ വിജയത്തിലൂടെ അടിയറവ് പറഞ്ഞപ്പോൾ നിങ്ങളോട് ഒട്ടും പ്രതികാരമില്ലെന്നും എല്ലാവരും സ്വതന്ത്രരാണെന്നുമുള്ള സാമാധാന പ്രഖ്യാപനം നടത്തി വിശാല മാപ്പിന്റെ വീരേതിഹാസം രചിച്ചു. ഉത്കൃഷ്ട കർമങ്ങളെക്കുറിച്ച് ആരാഞ്ഞ ഉഖ്ബത്തുബിൻ ആമിർ(റ)നോട് തങ്ങൾ പറഞ്ഞു: 'ഉഖ്ബാ, ബന്ധം വിച്ഛേദിച്ചവരോട് നീ ബന്ധം ഊട്ടിയുറപ്പിക്കണം. നിനക്ക് തടഞ്ഞവർക്ക് നീ നൽകണം. നിന്നെ ഉപദ്രവിച്ചവർക്ക് നീ വിട്ടുകൊടുക്കണം'(അഹ്മദ്). തന്റെ കാലശേഷം സമുദായം നന്മയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് നബി(സ്വ) കൂട്ടത്തിൽ പറഞ്ഞു: 'മുഹമ്മദ്(സ്വ)യുടെ സമുദായത്തിൽ നിന്ന് വല്ലവനും വല്ല അധികാരവും ഏറ്റെടുത്താൽ അവരിലെ ഗുണവാൻമാരിൽ നിന്ന് അവൻ സ്വീകരിച്ചുകൊള്ളട്ടെ. അവരിലെ അധർമകാരികൾക്ക് അവൻ മാപ്പു നൽകട്ടെ'(ബുഖാരി). തിന്മ ചെയ്തവനോട് തത്തുല്യമായത് ചെയ്യൽ തെറ്റാണെന്നല്ല ഇസ്‌ലാം പഠിപ്പിച്ചത്. മറിച്ച് അവന് മാപ്പ് നൽകി നന്മയുടെ വക്താവാക്കിയെടുക്കൽ വലിയ ധർമസമരമാണെന്നും മഹത്തായ പ്രതിഫലത്തിന് നിമിത്തമാണെന്നും ബോധവത്കരിച്ചു. 'ഒരു തിന്മയുടെ പ്രതിഫലം തത്തുല്യമായൊരു തിന്മ തന്നെ. എന്നാൽ ഒരാൾ മാപ്പരുളുകയും സന്ധിയുണ്ടാക്കുകയുമാണെങ്കിൽ അവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാണ്. അക്രമം പ്രവർത്തിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല തന്നെ' (ശൂറാ: 40). നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമിയോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവയ്ക്കപ്പെട്ടതത്രെ അത്. സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും കോപം ഒതുക്കിവയ്ക്കുകയും മനുഷ്യർക്ക് മാപ്പു നൽകുകയും ചെയ്യുന്നവർക്കുവേണ്ടി. സത്കർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു' (ആലു ഇംറാൻ: 133,134). തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണമെന്ന പ്രോത്സാഹനവും പ്രചോദനവും ലോക ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. പക പുകയേണ്ടിടത്ത് സൗഹൃദം തളിരിട്ടു. ഇറുപ്പവനും മലർ ഗന്ധമേകുമെന്നതിന്റെ പൊരുളിൽ അവനവൻ ഒരു റോസാപ്പൂവിന്റെ സൗഗന്ധികമെങ്കിലും പകരാൻ കൊതിച്ചു. അമൃതിനു നന്ദിയോതിയ നാവ് ഒപ്പം നഞ്ഞിനും നന്ദിയോതി. അനുചരന്മാരോടൊപ്പം കൂടിയിരിക്കെ നബി(സ്വ) പറഞ്ഞു: 'സ്വർഗാവകാശികളിൽ പെട്ട ഒരാൾ ഇപ്പോൾ ഇതുവഴി കടന്നുവരും.' അൻസ്വാറുകളിൽ പെട്ട ഒരു സ്വഹാബിവര്യനായിരുന്നു അങ്ങനെ കടന്നുവന്നത്. അബ്ദുല്ലാഹിബിൻ അംറു ബിനുൽ ആസ്വ്(റ) ആ സ്വഹാബിവര്യരെ അനുഗമിച്ചു. മൂന്നു രാത്രി അദ്ദേഹത്തോടൊപ്പം താമസിച്ചു. മറ്റുള്ളവർ ചെയ്യുന്നതിലപ്പുറം വിശിഷ്ട കർമങ്ങൾ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടില്ല. എന്നിരിക്കെ നബി(സ്വ)യിൽ നിന്ന് ഇങ്ങനെയൊരു സാക്ഷ്യം ലഭിക്കാൻ അവസരമൊരുക്കിയത് എന്തായിരിക്കാമെന്ന് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: 'നിങ്ങൾ കണ്ടതിൽ കൂടുതൽ ഞാനൊരു കർമവും ചെയ്യുന്നില്ല. പക്ഷേ, എന്റെ മനസ്സിൽ ഒരാളോടും ഒട്ടും പകയില്ല. അസൂയയില്ല'(അഹ്മദ്).


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  an hour ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  an hour ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  9 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  9 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  10 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  10 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  10 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  11 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  11 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  11 hours ago