ലക്ഷദ്വീപിനുവേണ്ടി രാജ്ഭവനു മുന്നില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം
തിരുവനന്തപുരം: ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി കേരളത്തിലെ എല്‍.ഡി.എഫ് എം.പിമാര്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
രാജ്യസഭയിലെ സി.പി.എം കക്ഷിനേതാവ് എളമരം കരീം എം.പി സമരം ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം എം.പി അധ്യക്ഷനായി. എം.പിമാരായ എം.വി ശ്രേയാംസ് കുമാര്‍, തോമസ് ചാഴികാടന്‍, എ.എം ആരിഫ്, വി.ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു.
ഗുജറാത്ത് മോഡല്‍ കാവിവല്‍ക്കരണ നീക്കമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു എളമരം കരിം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം എടുക്കുന്ന തീരുമാനമല്ല, കേന്ദ്ര ഭരണ നേതൃത്വം ആലോചിച്ചുറപ്പിച്ച കാര്യങ്ങളാണ് ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്. ഇതിനായാണ് രാഷ്ട്രീയ നേതാവിനെ ആദ്യമായി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററാക്കിയത്.
ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകനും മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തനുമായ അഡ്മിനിസ്‌ട്രേറ്റര്‍ ജനാധിപത്യ വ്യവസ്ഥയെ പുച്ഛിക്കുകയാണ്. ജനവാസമുള്ള ദ്വീപുകളെ ഉള്‍പ്പെടെ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനാണ് നീക്കം.
ഇങ്ങനെ പോയാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെപോലെ ലക്ഷദ്വീപ് ജനത അലയേണ്ടിവരും. ഒരു കാരണവശാലും ഇതനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ഉജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് നാട് സാക്ഷിയാകുമെന്നും എളമരം കരീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."