മലപ്പുറംകാരിയുടെ ഷറഫുറ്റ വിജയയാത്ര
ഫര്‍സാന.കെ
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത പറപ്പൂരിലാണ് വീട്. ഉപ്പ, ഉമ്മ, വല്യുമ്മ, അനിയത്തി, പിന്നെ ഞാനും ഉള്‍ക്കൊള്ളുന്നതാണ് കുടുംബം. ഉപ്പ ഷബീര്‍ മുസ്‌ല്യാര്‍ സൈത്തൂന്‍ ഇന്റര്‍നാഷനല്‍ ഗേള്‍സ് കാമ്പസിന്റെ മാനേജിങ് ഡയരക്ടറാണ്. വീട്ടില്‍ എപ്പോഴും ദീനീ പഠനക്ലാസുകള്‍ നടത്താറുണ്ട്. മിക്കവാറും എല്ലാ ദിവസവും വീട്ടില്‍ പുരുഷന്മാര്‍ക്കുള്ള ക്ലാസുണ്ടാവും. ആഴ്ചയില്‍ ഒരുദിവസം ഉപ്പ സ്ത്രീകള്‍ക്കും ക്ലാസെടുക്കുന്നുണ്ട്. ഇങ്ങനെ തീര്‍ത്തും മതചിട്ടയില്‍ ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. അനിയത്തി സ്‌കൂളിലും മദ്‌റസയിലും പത്താം ക്ലാസില്‍ പഠിക്കുന്നു.
എവിടെയും നമ്പര്‍ വണ്‍
സ്‌കൂള്‍ പഠനവും മതപഠനവും ഒന്നിച്ചു കൊണ്ടുപോയി. 12ാം ക്ലാസ് വരെ മദ്‌റസയിലും പഠിച്ചു. ഉണ്യാലുങ്ങലിലെ സിറാജുല്‍ഹുദാ മദ്‌റസയിലായിരുന്നു പഠനം. 12ാം ക്ലാസുവരെയും ഒന്നാംസ്ഥാനക്കാരിയായിരുന്നു. ഒരുതവണ പോലും രണ്ടാം സ്ഥാനത്തെത്തിയിട്ടില്ല. പൊതുപരീക്ഷകളില്‍ റേഞ്ച് ടോപ്പറുമായിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസുവരെ കോട്ടക്കലിലുള്ള മലബാര്‍ സ്‌കൂളിലാണ് പഠിച്ചത്. പത്താം ക്ലാസിനു ശേഷം സൈത്തൂന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലേക്ക്. ഫുള്‍ എപ്ലസുകാര്‍ സയന്‍സിന്റെ വഴിയിലേക്കെന്ന പതിവ് തെറ്റിച്ച് ഹ്യുമാനിറ്റീസ് ആണ് തിരഞ്ഞെടുത്തത്. 99.9 ശതമാനമായിരുന്നു പ്ലസ് വണ്ണില്‍ മാര്‍ക്ക്. ഇവിടെ ഹ്യുമാനിറ്റീസ് സ്ട്രീമിലെ ടോപ്പര്‍ ആയിരുന്നു.
എണ്ണ പകര്‍ന്ന സൈത്തൂന്‍
സൈത്തൂനാണ് എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്. വിദേശ സര്‍വകലാശാലകള്‍ പോയിട്ട് കേന്ദ്ര സര്‍വകലാശാലകള്‍ പോലും സ്വപ്‌നങ്ങളില്‍ ഇല്ലാതെയാണ് ഞാന്‍ സൈത്തൂനിലെത്തുന്നത്. അവിടുത്തെ ഭൂരിഭാഗം അധ്യാപകരും കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവരായിരുന്നു. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ മുഈന്‍ ഹുദവി സര്‍ ജെ.എന്‍.യുവില്‍ നിന്ന് പിഎച്ച്.ഡി കഴിഞ്ഞതാണ്. ക്ലാസ് ടീച്ചര്‍ ജുബൈര്‍ ഹുദവി ജെ.ആര്‍.എഫ് കിട്ടിയ ആളാണ്. അദ്ദേഹവും ജെ.എന്‍.യുവില്‍ പഠിച്ചതാണ്. അങ്ങനെ ഉയര്‍ന്ന നിലവാരമുള്ള അധ്യാപകര്‍ക്കു കീഴിലായിരുന്നു അവിടെ ഞങ്ങളുടെ പഠനം. ആ സ്വാധീനം തുടര്‍ന്നിങ്ങോട്ടുള്ള എന്റെ മുഴുവന്‍ ജീവിതത്തിലുമുണ്ടായിരുന്നു. എന്നെപ്പോലുള്ള കുട്ടികള്‍ക്കും ഇത്തരം സ്വപ്‌നങ്ങള്‍ കാണാമെന്ന് സൈത്തൂന്‍ എന്നെ പഠിപ്പിച്ചു.
ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളജിലായിരുന്നു ബിരുദപഠനം. ബി.എ ഹോണസ്റ്റ് പൊളിറ്റിക്കല്‍ സയന്‍സ്. 2022 മെയ്, ജൂണ്‍ മാസത്തോടെ ഡിഗ്രി പൂര്‍ത്തിയാവും. ഇപ്പോഴിതാ വിദേശപഠനത്തിനും അവസരം കൈവന്നിരിക്കുന്നു. രണ്ട് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. എം.എ ഇന്റര്‍നാഷനല്‍ റിലേഷന്‍സാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓക്‌സ്ഫഡ്, കാംബ്രിജ് പോലുള്ള സര്‍വകലാശാലകളാണ് ലക്ഷ്യം. അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഫുള്‍ ഫണ്ടഡ് സ്‌കോളര്‍ഷിപ്പിനു വേണ്ടി തയാറെടുക്കുകയാണ്.
നല്ല മാര്‍ക്ക് ഉണ്ടാവുക എന്നതിനാണ് അധിക സര്‍വകലാശാലകളുടേയും പ്രഥമ പരിഗണന. പിന്നെ നമ്മുടെ ഭാഷാ വൈദഗ്ധ്യം ഉള്‍പ്പെടെയുള്ളവയും പരിഗണിക്കും.
പര്‍ദയുടെ പ്രഭ
തലമുറകളായി മുസ്‌ല്യാക്കന്മാരുടെ കുടുംബമാണ് ഞങ്ങളുടേത്. പറവണ്ണ മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ മകളാണ് വല്യുമ്മ. പഠനത്തിന് കുടുംബം പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഈ നിലയിലെത്തിയതിന് കാരണക്കാര്‍ എന്റെ രക്ഷിതാക്കളാണ്. ഉപ്പയാണ് എന്റെ വഴികാട്ടി. റോള്‍ മോഡല്‍. വിശ്വാസത്തിലൂന്നിയുള്ള ഈ ജീവിതശൈലി തന്നെയാണ് എന്റെ വിജയത്തിന് നിദാനം.
തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകമായിരുന്നു ഡല്‍ഹി മിറാന്‍ഡ കോളജില്‍. സ്വാതന്ത്ര്യത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ ലോകം. അവിടെ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തയാക്കിയത് വീട്ടില്‍ നിന്ന് ഉപ്പയും ഉമ്മയും പകര്‍ന്നുതന്ന വിശ്വാസത്തിന്റെ കരുത്തായിരുന്നു. പിന്നെ സൈത്തൂനില്‍ നിന്ന് നേടിയ പരിശീലനവും.
മിറാന്‍ഡയില്‍ മുഴുവന്‍ പര്‍ദ ധരിച്ചിരുന്ന ആദ്യത്തെയാളാണ് ഞാന്‍. പര്‍ദ മാത്രം ധരിക്കുന്ന ഒരാളായതു കൊണ്ടായിരുന്നില്ല അങ്ങനെ ഒരു നിലപാടെടുത്തത്. ഏറെ വിമര്‍ശിക്കപ്പെടുന്നതും അടച്ചുപൂട്ടലെന്ന് സ്വാതന്ത്ര്യവാദികള്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ ഒരു വസ്ത്രത്തിന്റെ കരുത്തിനെ കാണിച്ചുകൊടുക്കലായിരുന്നു ലക്ഷ്യം. (പര്‍ദ ഡല്‍ഹിയിലെ കാലാവസ്ഥയ്ക്കും ജീവിതത്തിനും ഒട്ടും അനുയോജ്യമായ വസ്ത്രമല്ലെന്ന് ഷറഫിയ്യ). പര്‍ദ ധരിക്കുന്നവര്‍ വിവരദോഷികളോ പഴഞ്ചരോ ഒക്കെ ആണെന്നൊരു ധാരണയും ആരോ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇതെല്ലാം തിരുത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിനു പുറത്തായിരുന്നു ഇത്തരമൊരു തീരുമാനം. ഡിഗ്രി ചെയ്ത മൂന്നു വര്‍ഷവും വസ്ത്രം പര്‍ദയായിരുന്നു.
ഹിജാബ്
ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിടേണ്ടിവരുന്ന ചോദ്യമാണ് ഹിജാബ്. നമ്മള്‍ എത്രയൊക്കെ വ്യക്തമാക്കിക്കൊടുത്താലും വീണ്ടും അജ്ഞത അഭിനയിച്ച് എതിര്‍ക്കുന്നവര്‍ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. വനിതാ കോളജ് ആണ് മിറാന്‍ഡ ഹൗസ്. അവിടെ അധ്യാപകരും സ്ത്രീകളാണ്. അവിടെ പഠിക്കുന്നവരെല്ലാം ഫെമിനിസ്റ്റുകളായാണ് പുറത്തുവരുകയെന്നാണ് ധാരണ. അവിടുത്തെ ടീച്ചര്‍ ഒരുദിവസം ഒരു ടാസ്‌ക് തന്നു. നമുക്കിഷ്ടപ്പെട്ട വിഷയത്തെ ജെന്റര്‍ലെന്‍സിലൂടെ നോക്കിക്കാണുക എന്നതായിരുന്നു ടാസ്‌ക്. മാര്‍ക്കുണ്ടായിരുന്നിട്ടും കര്‍ണാടക ഹിജാബ് വിഷയമാണ് ഞാന്‍ തിരഞ്ഞെടുത്തത്. മുസ്‌ലിംകളെയും ഹിജാബിനെയും ന്യായീകരിച്ചെഴുതി. ഫെമിനിസ്റ്റിക് ലെന്‍സിലൂടെ തന്നെ ഞാന്‍ ഹിജാബിനെ ന്യായീകരിച്ചു. നേരത്തെ ഹിജാബിനെ എതിര്‍ത്തയാള്‍ അവരുടെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ എന്റെ ഈ കുറിപ്പ് കാരണമായി.
വിദേശ പഠനം
ആഗ്രഹിക്കുന്നവരോട്
ആകാശത്തോളം കിനാവ് കാണുക. നന്നായി പഠിക്കുക. ദൈവത്തോട് അടുക്കുക. ഒരുപാട് പ്രാര്‍ഥിക്കുക. നിലപാടുകള്‍ പണയപ്പെടുത്താതിരിക്കുക. നമ്മുടേതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക. എന്തൊക്കെ നേരിടേണ്ടിവന്നാലും. പഠനത്തിന്റെ വിവിധ മേഖലകള്‍ തിരഞ്ഞിറങ്ങുന്നവരോട് ഈ മിടുക്കിക്ക് പറയാനുള്ളതിതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."