ഹനുമാന്‍ ക്ഷേത്രമായിരുന്നെന്ന്; ടിപ്പു സുല്‍ത്താന്‍ പണിത ജാമിഅ മസ്ജിദില്‍ പൂജ നടത്തുമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകള്‍
കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗ പട്ടണം കോട്ടയില്‍ ടിപ്പു സുല്‍ത്താന്‍ പണിത ജാമിഅ മസ്ജിദില്‍( മസ്ജിദെ അഅ്‌ല) പൂജ നടത്തുമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകള്‍. ഹനുമാന്‍ ക്ഷേത്രമെന്ന് അവകാശവാദമുയര്‍ത്തിയാണ് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്. 18ാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച പള്ളിയാണിത്. ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നഗരത്തില്‍ ശനിയാഴ്ച മാര്‍ച്ച് നടത്തി. 'ശ്രീരംഗാപട്ടണം ചലോ' എന്ന പേരില്‍ വിഎച്ച്പി സംഘടിപ്പിച്ച ബൈക്ക് റാലി മസ്ജിദിന്റെ ഭാഗത്തേക്ക് കടത്തിവിട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് ശ്രീരാം സേനാ തലവന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിനെ നേരത്തെ വിമര്‍ശിച്ചിരുന്നു.
വാരണാസി ഗ്യാന്‍വാപി മസ്ജിദ്, മഥുര ശാഹി ഈദ്ഗാഹ്, കുതുബ് മിനാര്‍ പള്ളി തുടങ്ങിയ പള്ളികള്‍ക്കെതിരെ വിവിധ ഹിന്ദുത്വ സംഘടനകള്‍ കോടതി വഴിയും അല്ലാതെയും അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഇതും.
നിലവില്‍ പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണുള്ളത്. 1784ല്‍ ടിപ്പു സുല്‍ത്താന്‍ ജാമിഅ മസ്ജിദ് പണിതുവെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. രണ്ട് നിലകളുള്ള പള്ളിയില്‍ രണ്ടു മിനാരങ്ങളുണ്ട്. 200 പടവുകളുള്ള മിനാരങ്ങളിലും ഭിത്തികളിലും മനോഹരമായ കൊത്തുപണികളുണ്ട്. ജാമിഅ മസ്ജിദില്‍ ഒരു മദ്‌റസ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."